ഈയടുത്ത കാലത്ത് ഏറ്റവുമധികം ചര്‍ച്ചയായ സൈബര്‍ തട്ടിപ്പുകളിലൊന്നാണ് ട്രാഫിക് ചലാന്‍ സ്‌കാം. ഈയൊരറ്റ തട്ടിപ്പിലൂടെ അനേകം പേര്‍ക്കാണ് പണം പോയത്.

രാജ്യത്ത് സൈബര്‍ തട്ടിപ്പുകളുടെ ഞെട്ടിക്കുന്ന കഥകള്‍ അവസാനിക്കുന്നില്ല. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തിലടക്കം നിരവധി സൈബര്‍ സ്‌കാമുകളെ കുറിച്ചുള്ള വാര്‍ത്തകള്‍ നമ്മള്‍ കണ്ടു. സൈബര്‍ തട്ടിപ്പുകള്‍ക്കെതിരെ പൊലീസും സൈബര്‍ അന്വേഷണ ഏജന്‍സികളും ജാഗ്രത കടുപ്പിക്കുമ്പോഴും ആളുകളെ വീഴ്‌ത്താന്‍ തട്ടിപ്പുവീരന്‍മാര്‍ പുത്തന്‍ തന്ത്രങ്ങള്‍ മെനയുകയാണ്. ഈയടുത്ത കാലത്ത് ഏറ്റവുമധികം ചര്‍ച്ചയായ സൈബര്‍ തട്ടിപ്പുകളിലൊന്നാണ് ‘ട്രാഫിക് ചലാന്‍ സ്‌കാം’. ഈയൊരറ്റ തട്ടിപ്പിലൂടെ അനേകം പേര്‍ക്കാണ് പണം പോയത്. ട്രാഫിക് ചലാന്‍ സ്‌കാമില്‍ പെടാതിരിക്കാന്‍ എന്തൊക്കെ ശ്രദ്ധിക്കണമെന്ന് വിശദമായി നോക്കാം.

എന്താണ് വ്യാജ ട്രാഫിക് ചലാനുകള്‍?

വ്യാജ ട്രാഫിക് ചലാന്‍ സന്ദേശങ്ങളിലൂടെയാണ് സൈബര്‍ തട്ടിപ്പ് സംഘങ്ങള്‍ വലവിരിക്കുന്നത്. എസ്എംഎസുകള്‍, വാട്‌സ്ആപ്പ് മെസേജുകള്‍, ഇമെയില്‍ എന്നീ മാര്‍ഗങ്ങളിലൂടെയാണ് ട്രാഫിക് ചലാന്‍ അടയ്‌ക്കാന്‍ ആവശ്യപ്പെടുന്ന വ്യാജ നിര്‍ദേശങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭിക്കുന്നത്. പിഡിഎഫ് അറ്റ്ച്ച്‌മെന്‍റുകളായും മെസേജ് ലഭിക്കാം. യഥാര്‍ഥമെന്ന് തോന്നുന്ന തരത്തില്‍ അയക്കപ്പെടുന്ന ഇത്തരം വ്യാജ സന്ദേശങ്ങളുടെ സൂചനകള്‍ ഇവയാണ്.

  • നിങ്ങളുടെ ട്രാഫിക് ഫൈന്‍ പെന്‍ഡിംഗാണ് എന്നുപറഞ്ഞാണ് അപരിചിതമായ ആളുകളില്‍ നിന്ന് എസ്എംഎസ്, വാട്‌സ്ആപ്പ് മെസേജ്, മെയില്‍ എന്നിവ വരിക. ഈ സന്ദേശം സര്‍ക്കാര്‍ വൃത്തങ്ങളില്‍ നിന്നുള്ളതാണെന്ന് തോന്നിപ്പിക്കാന്‍ ഔദ്യോഗിക ഭാഷയും ലോഗോകളും കാണാനാകും.
  • ഉടനടി പണം അയക്കാന്‍ ലിങ്കോ, ക്യുആര്‍ കോഡോ സന്ദേശത്തിനൊപ്പമുണ്ടാകും.
  • പണം എത്രയും പെട്ടെന്ന് അടച്ചില്ലെങ്കില്‍ ലൈസന്‍സ് റദ്ദാക്കുമെന്നും മറ്റ് നിയമനടപടികള്‍ സ്വീകരിക്കുമെന്നും മുന്നറിയിപ്പിലുണ്ടാകും
  • പരിവാഹന്‍ പോര്‍ട്ടലിനോട് സാമ്യമുള്ള വ്യാജ വെബ്‌സൈറ്റ്, തേഡ്-പാര്‍ട്ടി ആപ്പുകള്‍, ഏജന്‍റുകള്‍ എന്നിവ വഴി പണം അടയ്‌ക്കാനാവും ആവശ്യപ്പെടുക.
  • എന്നാല്‍ ഇത്തരം വ്യാജ സന്ദേശങ്ങളില്‍, നിങ്ങള്‍ക്ക് തന്നിരിക്കുന്ന നോട്ടീസിന്‍റെ നമ്പറോ, വാഹനത്തിന്‍റെ വിശദാംശങ്ങളോ, കുറ്റംകൃത്യം ചെയ്‌തതിന്‍റെ ലൊക്കോഷനോ ഒന്നും കാണില്ല.
  • സര്‍ക്കാരിന് കീഴിലുള്ള പരിവാഹന്‍ വെബ‌്‌സൈറ്റിലേക്ക് പ്രവേശിക്കുന്നതിന് പകരം ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍, സിവിവി, ഒടിപി എന്നിവ ആവശ്യപ്പെടുകയാവും മെസേജിലുണ്ടാവുക.

എങ്ങനെ ട്രാഫിക് ചലാന്‍ തട്ടിപ്പിനെ പ്രതിരോധിക്കാം?

എന്നാല്‍ നിങ്ങള്‍ മെസേജിനൊപ്പമുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുകയോ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യുകയോ ചെയ്യുന്നതോടെ അക്കൗണ്ടിലെ പണം കാലിയാവും. ഇതില്‍ നിന്ന് രക്ഷപ്പെടാന്‍ നിങ്ങള്‍ ആദ്യം ചെയ്യേണ്ടത് ലഭിച്ച മെസേജിന്‍റെ അല്ലെങ്കില്‍ ഇമെയിലിന്‍റെ ആധികാരികത ഉറപ്പിക്കുകയാണ്. ചലാനില്‍ വാഹനത്തിന്‍റെയോ ലൈസന്‍സിന്‍റെയോ നമ്പര്‍ ദൃശ്യമാകുന്നുണ്ടോ എന്നും ഉറപ്പാക്കുക. പരിവാഹനോ എംവിഡിയോ പോലുള്ള ഔദ്യോഗിക വെബ്‌സൈറ്റുകളിലൂടെ മാത്രമേ ട്രാഫിക് വയലേഷന്‍ ഫൈന്‍ പോലുള്ളവ അടയ്‌ക്കാവൂ. പണം അടയ്‌ക്കും മുമ്പ് നിങ്ങള്‍ പ്രവേശിച്ച വെബ്‌സൈറ്റിന്‍റെ യുആര്‍എല്‍ പരിശോധിച്ച് വ്യക്തത വരുത്തണം.

  • പരിചയമില്ലാത്ത ആരുമായും ഒടിപികളോ, ബാങ്ക് അക്കൗണ്ട് വിവരങ്ങളോ, കാര്‍ഡ് നമ്പറുകളോ, സിവിവികളോ പങ്കുവെക്കരുത്.
  • പേയ്‌മെന്‍റ് ചെയ്യാന്‍ ആവശ്യപ്പെടുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുകയോ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യുകയോ ചെയ്യരുത്.
  • ട്രാഫിക് ഫൈനുകള്‍ അടയ്‌ക്കാന്‍ തേ-പാര്‍ട്ടി ആപ്പുകളെയോ ഏജന്‍റുമാരെയോ ഒരിക്കലും ആശ്രയിക്കരുത്.

എന്തെങ്കിലും തരത്തിലുള്ള സൈബര്‍ തട്ടിപ്പിന് നിങ്ങള്‍ ഇരയായി എന്ന് സംശയം തോന്നിയാല്‍ അക്കാര്യം 1930 എന്ന നാഷണല്‍ സൈബര്‍ ക്രൈം ഹെല്‍പ്‌ലൈനില്‍ എത്രയും വേഗം അറിയിക്കുക. പരാതികള്‍ സമര്‍പ്പിക്കാന്‍ cybercrime.gov.in എന്ന വെബ്‌സൈറ്റ് മുഖേനയും നല്‍കാം. ശ്രദ്ധിക്കുക, എപ്പോഴും സൈബര്‍ തട്ടിപ്പ് നടന്നാല്‍ ‘ഗോള്‍ഡന്‍ മണിക്കൂര്‍’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന 60 മിനിറ്റിനുള്ളില്‍ പരാതി സമര്‍പ്പിക്കുന്നതാണ് ഏറ്റവും ഫലപ്രദമാവുകയും ഇത്തരം തട്ടിപ്പുകളില്‍ നിന്ന് രക്ഷ നല്‍കുകയും ചെയ്യുക.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming