തെലങ്കാന സ്വദേശിയായ 80 -കാരൻ ഇന്ദ്രയ്യ 12 ലക്ഷം രൂപ മുടക്കി സ്വന്തമായി ഒരു ശവക്കല്ലറ നിർമ്മിച്ചു. മക്കൾക്ക് ഒരു ഭാരമാകാതിരിക്കാനാണ് ജീവിച്ചിരിക്കുമ്പോൾ ഗ്രാനൈറ്റിൽ തീർത്ത ഈ 'ഭാവി ഭവനം' അദ്ദേഹം ഒരുക്കിയത്. എല്ലാ ദിവസവും അദ്ദേഹം ശവക്കല്ലറയിലെത്തുന്നു.
തെലങ്കാന സ്വദേശിയായ 80 വയസ്സുള്ള ഇന്ദ്രയ്യ അല്പം വ്യത്യസ്തനാണ്. അദ്ദേഹം എല്ലാ ദിവസം അതിരാവിലെ താൻ പുതുതായുണ്ടാക്കിയ ആ നിർമ്മിതിയുടെ അടുത്തെത്തും. പൂർണ്ണമായും ഗ്രാനൈറ്റ് കൊണ്ടാണ് നിർമ്മിച്ച, അതിന് ചുറ്റും അദ്ദേഹം തന്നെ വച്ച് പിടിപ്പിച്ച പൂച്ചെടുകൾക്ക് വെള്ളമൊഴിക്കും. പിന്നലെ അല്പ നേരം ആ ഗ്രാനൈറ്റ് പ്രതലങ്ങളിൽ തടവി അവിടെ നിശബ്ദമായി ഇരിക്കും. ഇന്ദ്രയ്യയുടെ അഭിപ്രായത്തിൽ അതാണ് അദ്ദേഹത്തിന്റെ 'ഭാവി ഭവനം'. ജീവിച്ചിരിക്കുമ്പോൾ തന്നെ അദ്ദേഹം നിർമ്മിച്ച സ്വന്തം ശവക്കല്ലറയാണത്. ചെലവ് അല്പം കൂടുതലാണ്, 12 ലക്ഷം രൂപ!
സ്വന്തം ശവക്കുഴി
ജഗ്തിയാൽ ജില്ലയിലെ ലക്ഷ്മിപൂരിൽ താമസിക്കുന്ന നക്ക ഇന്ദ്രയ്യ ജീവിച്ചിരിക്കുമ്പോൾ തന്നെ സ്വന്തം ശവക്കുഴി നിർമ്മിച്ചു, നാട്ടുകാർ അതിനെ ഒരു "ഗ്രാനൈറ്റ് കൊട്ടാരം" എന്നാണ് വിശേഷിപ്പിക്കുന്നത്. ഏകദേശം 12 ലക്ഷം രൂപ ചെലവ് കണക്കാക്കുന്ന ശവക്കല്ലറയ്ക്ക് അഞ്ച് അടി ആഴവും ആറ് അടിയിൽ കൂടുതൽ നീളവുമുണ്ട്, ഒരിക്കലും ജീർണിക്കാതിരിക്കാൻ പൂർണ്ണമായും ഗ്രാനൈറ്റ് കൊണ്ടാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ മരിച്ച് പോയ ഭാര്യയുടെ ശവക്കുഴിക്ക് സമീപമാണ് തന്റെ ശവക്കല്ലറയും അദ്ദേഹം നിർമ്മിച്ചിരിക്കുന്നത്. തമിഴ്നാട്ടിൽ നിന്ന് പ്രത്യേകം കൊണ്ടുവന്ന ഒരു കൽപ്പണിക്കാരായിരുന്നു ശവക്കല്ലറയുടെ നിർമ്മാണം.
എല്ലാ ദിവസവും രാവിലെ ഇന്ദ്രയ്യ തന്റെ ശവക്കല്ലറയ്ക്ക് അടുത്തെത്തുന്നു. അല്പ നേരം അവിടെ ഇരിക്കും. ഭയമല്ല അപ്പോൾ അദ്ദേഹത്തിന്റെ മുഖത്ത് പകരം എല്ലാം താൻ ആഗ്രഹിച്ച രീതിയിൽ തന്നെ തയ്യാറാക്കിയിട്ടുണ്ടെന്നതിലുള്ള ആശ്വാസമാണ്. "ഇത് ഞാൻ സ്വയം കുഴിച്ച എന്റെ വീടാണ്. ഞാൻ മരിച്ചതിന് ശേഷം, എന്നെ ഇവിടെ കിടത്തും, അതിനാൽ ഞാൻ ആഗ്രഹിച്ച രീതിയിൽ തന്നെ അത് നിർമ്മിച്ചു,' എന്നാണ് അദ്ദേഹം ശവക്കല്ലറയെ കുറിച്ച് തന്നോട്ട് ചോദിക്കുന്നവരോട് പറയുന്നത്.
ആർക്കുമൊരു ഭാരമാകില്ല
ഇന്ദ്രയ്യയുടെ കുട്ടിക്കാലം ഏറെ കഷ്ടപ്പാടുകൾ നിറഞ്ഞതായിരുന്നു. 10 വയസ്സിൽ പിതാവ് മരിച്ചതോടെ അനാഥനായ ഇന്ദ്രയ്യ കുട്ടിക്കാലം മുതൽ ജോലി ചെയ്തു തുടങ്ങി. പിന്നീട് 45 വർഷം ദുബായിലെ നിർമ്മാണ മേഖലയിൽ ജോലി ചെയ്തു. ഇന്ത്യയിലേക്ക് മടങ്ങിയ ശേഷം അദ്ദേഹം തന്റെ സമ്പാദ്യം കൊണ്ടാണ് ജീവിച്ചത്. എന്നാൽ, ഭാര്യയുടെ മരണശേഷം ഏകാന്തത അദ്ദേഹത്തെ പിടികൂടി. നാല് മക്കളുണ്ടെങ്കിലും തന്റെ അന്ത്യകർമങ്ങൾക്ക് അവരെ ആശ്രയിക്കില്ലെന്നാണ് അദ്ദേഹത്തിന്റെ തീരുമാനം. ആർക്കും ഒരു ഭാരമാകാൻ ഞാൻ ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം പറയുന്നു. "മരണത്തെ ഭയപ്പെടേണ്ടതില്ല. എല്ലാവരും മരിക്കണം. എനിക്കും മരിക്കണം. കുറഞ്ഞപക്ഷം എന്നെ എവിടെ അടക്കം ചെയ്യുമെന്ന് എനിക്കറിയാം." ശവക്കല്ലറയെ കുറിച്ച് അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയാണ്.


