സീറ്റില്‍ മാലിന്യം വലിച്ചെറിഞ്ഞ യാത്രക്കാരനോട് അത് എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ട് ഓട്ടോ ഡ്രൈവര്‍. യുവാവ് ചെയ്തത് ശരിയായ കാര്യമെന്നും ഓട്ടോ അയാളുടെ ഉപജീവനമാര്‍ഗമെന്നും നെറ്റിസണ്‍സ്.
ബെംഗളൂരുവിലെ ഒരു ഓട്ടോ ഡ്രൈവറും യാത്രക്കാരനും തമ്മിലുണ്ടായ സംഭാഷണത്തിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധയാകർഷിക്കുന്നത്. പൊതുസ്ഥലങ്ങളിൽ എങ്ങനെ പെരുമാറണം എന്നതിനെ കുറിച്ചുള്ള ചർച്ചകൾ ഉയരാൻ ഈ വീഡിയോ കാരണമായിരിക്കയാണ്. ഒപ്പം തന്നെ ആളുകളിൽ സിവിക് സെൻസ് ഇല്ലാത്തതിനെ കുറിച്ചും പൊതുവിടങ്ങളിലും മറ്റും എങ്ങനെ പെരുമാറണം എന്ന് അറിയാത്തതിനെ കുറിച്ചുമെല്ലാം ചർച്ചകൾ ഉയരാൻ ഈ വീഡിയോ കാരണമായി തീർന്നിട്ടുണ്ട്.
എക്സിൽ (ട്വിറ്റർ) പ്രചരിക്കുന്ന വീഡിയോയിൽ, യാത്രക്കാരൻ ഇറങ്ങുന്ന സമയത്ത് സീറ്റ് പരിശോധിക്കാൻ ഡ്രൈവർ ആവശ്യപ്പെടുന്നത് കാണാം. പുറത്തിറങ്ങിയ യാത്രക്കാരൻ വെറുതെ കൈകൊണ്ട് ഒന്ന് സീറ്റ് തട്ടിപ്പോകാൻ ശ്രമിച്ചെങ്കിലും സീറ്റിൽ മാലിന്യങ്ങളുണ്ടെന്ന് ഡ്രൈവർ ശ്രദ്ധിക്കുകയായിരുന്നു. ഉടൻ തന്നെ യാത്രക്കാരനെ തിരികെ വിളിച്ച് സീറ്റ് ശരിക്കും വൃത്തിയാക്കാൻ ഡ്രൈവർ ആവശ്യപ്പെട്ടു. തിരികെയെത്തിയ യാത്രക്കാരൻ എതിർപ്പൊന്നും കാണിക്കാതെ സീറ്റ് തുടച്ചു വൃത്തിയാക്കിയ ശേഷമാണ് മടങ്ങിയത്.
ഓട്ടോ ഡ്രൈവർ ചെയ്തത് പൂർണമായും ശരിയാണ് എന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ എക്സിൽ (ട്വിറ്റർ) ഷെയർ ചെയ്തിരിക്കുന്നത്. യാത്രക്കാർ യാത്രാക്കൂലിയാണ് നൽകുന്നതെന്നും വണ്ടിയിൽ മാലിന്യമിടാനുള്ള ലൈസൻസ് അല്ല അതെന്നും പോസ്റ്റിൽ പറയുന്നു. ഓട്ടോറിക്ഷ എന്നത് ആ ഡ്രൈവറുടെ ഉപജീവനമാർഗ്ഗമാണ്, അത് സംരക്ഷിക്കാൻ അദ്ദേഹത്തിന് അവകാശമുണ്ട് എന്നും വീഡിയോയുടെ ക്യാപ്ഷനിൽ പറയുന്നതായി കാണാം. വീഡിയോ ശ്രദ്ധിക്കപ്പെട്ടതോടെ നിരവധിപ്പേരാണ് കമന്റുകളുമായി എത്തിയത്.
ആളുകൾക്ക് സിവിക് സെൻസ് ഇല്ലാത്തതിനെ കുറിച്ച് കമന്റ് ബോക്സിൽ നിരവധിപ്പേരാണ് വിമർശനം ഉന്നയിച്ചത്. അതുപോലെ, തന്റെ ഓട്ടോ വൃത്തിയായിരിക്കണമെന്ന് പറയാനുള്ള എല്ലാ അവകാശങ്ങളും ഓട്ടോ ഡ്രൈവർക്കുണ്ട് എന്നും അയാൾ പറഞ്ഞതിൽ യാതൊരു തെറ്റുമില്ല എന്ന് അഭിപ്രായപ്പെട്ടവരും ഉണ്ട്.
