ബസിൽ യാത്ര ചെയ്യുമ്പോൾ പ്രായമായ ഒരു യാത്രക്കാരനില്‍ നിന്നുണ്ടായ അതിക്രമത്തെ കുറിച്ച് പങ്കുവെച്ച് യുവാവ്. ആൺകുട്ടികളും പൊതുസ്ഥലങ്ങളിൽ സുരക്ഷിതരല്ലെന്ന് ഈ സംഭവം തനിക്ക് ബോധ്യപ്പെടുത്തി തന്നുവെന്നും യുവാവ് ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെ പറയുന്നു.
സ്ത്രീകൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങളെ കുറിച്ചുള്ള അനേകം തുറന്നുപറച്ചിലുകൾ നാം കേൾക്കാറുണ്ട്. എന്നാൽ, സ്ത്രീകൾക്ക് നേരെയല്ല ആൺകുട്ടികൾക്ക് നേരെയും പൊതുസ്ഥലങ്ങളിൽ അത്തരം അതിക്രമങ്ങളുണ്ടാവാറുണ്ട് എന്ന് പറയുകയാണ് ഒരു യുവാവ്. തനിക്കുണ്ടായ അനുഭവമാണ് അദ്ദേഹം സോഷ്യൽ മീഡിയയിൽ തുറന്നു പറഞ്ഞിരിക്കുന്നത്. ബസിൽ പോകുന്നതിനിടെ മറ്റൊരു യാത്രക്കാരൻ തന്നെ അനുചിതമായ രീതിയിൽ സ്പർശിച്ചു എന്ന് യുവാവ് വെളിപ്പെടുത്തുന്നു. വലിയ രോഷമാണ് ഇത് നെറ്റിസൺസിനിടയിൽ ഉണ്ടാക്കിയിരിക്കുന്നത്.
അഭിഷേക് എന്ന യുവാവാണ് ഇൻസ്റ്റാഗ്രാമിൽ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. ബസിൽ യാത്ര ചെയ്യുമ്പോൾ പ്രായമായ ഒരു യാത്രക്കാരൻ തന്നോട് അനുചിതമായി പെരുമാറിയത് എങ്ങനെയാണ് എന്ന് യുവാവ് വീഡിയോയിൽ വിവരിക്കുന്നു. വീഡിയോയുടെ ക്യാപ്ഷനിൽ, സംഭവം തന്നെ ഞെട്ടിക്കുകയും ഭയപ്പെടുത്തുകയും ചെയ്തുവെന്നാണ് അഭിഷേക് തുറന്ന് പറഞ്ഞിരിക്കുന്നത്.
'ബസിൽ യാത്ര ചെയ്യവെ, ഞാൻ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു അനുഭവമാണ് എനിക്കുണ്ടായത്. ഒരു വൃദ്ധൻ എല്ലാ അതിരുകളും ലംഘിച്ച് എന്നെ അനുചിതമായി സ്പർശിക്കാൻ ശ്രമിച്ചു' എന്ന് അഭിഷേക് കുറിക്കുന്നു. 'പ്രായമോ ലിംഗഭേദമോ പരിഗണിക്കാതെ ആർക്കുനേരെയും പീഡനശ്രമമുണ്ടാകാമെന്നാണ് ഈ അനുഭവം തനിക്ക് ബോധ്യപ്പെടുത്തി തന്നത്' എന്നും യുവാവ് പറയുന്നു. 'ആൺകുട്ടികളും ഇവിടെ സുരക്ഷിതരല്ല' എന്നും അഭിഷേക് പറഞ്ഞു.
വീഡിയോയിൽ, അഭിഷേക് വൃദ്ധനോട് പ്രായം ചോദിക്കുന്നത് കാണാം, ഏകദേശം 70 വയസ്സ് പ്രായമുണ്ടെന്നാണ് അയാളുടെ മറുപടി. സംഭവം തനിക്ക് വാക്കുകളില്ലാതാക്കി എന്നും, എന്താണ് സംഭവിച്ചതെന്ന് ഇപ്പോഴും മനസ്സിലാകുന്നില്ലെന്നും അഭിഷേക് പിന്നീട് പറഞ്ഞു. ബസ് കണ്ടക്ടർക്ക് വീഡിയോ കാണിച്ചുകൊടുത്തെന്നും ആ വൃദ്ധനായ യാത്രക്കാരനോട് ബസിൽ നിന്ന് ഇറങ്ങാൻ ആവശ്യപ്പെട്ടുവെന്നും അഭിഷേക് പറഞ്ഞു. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകൾ നൽകിയത്. അത് അഭിഷേകിനുണ്ടാക്കിയ ട്രോമ മനസിലാകും, എങ്കിലും ധൈര്യത്തോടെ പ്രതികരിച്ചു എന്ന് പലരും അഭിപ്രായപ്പെട്ടു.
