ഒരു കോടി രൂപ മുടക്കി നോയിഡയിൽ വാങ്ങിയ ഫ്ലാറ്റിലെ ദുരവസ്ഥ വിവരിച്ച് യുവാവ്. കെട്ടിടത്തിന്റെ പുറംഭാഗത്തെ സിമന്റ് പാളികൾ അടർന്നുവീഴുകയും, സമീപത്തെ ഒഴിഞ്ഞ ഫ്ലാറ്റിൽ നിന്ന് പ്രാണികൾ പെരുകുകയും ചെയ്യുന്നതായി യുവാവ് വീഡിയോയിൽ പറയുന്നു.
ഏറെ ആശിച്ചും മോഹിച്ചുമാണ് ഓരോരുത്തരും വീടോ ഫ്ലാറ്റോ ഒക്കെ വാങ്ങുന്നത്. എന്നാൽ, ലക്ഷങ്ങളും കോടികളും മുടക്കി വാങ്ങുന്ന ആ വീട്ടിൽ സമാധാനത്തോടെ കഴിയാൻ സാധിക്കുന്നില്ലെങ്കിലോ? അങ്ങനെ ഒരു അനുഭവമാണ് ഒരാൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുന്നത്. നോയിഡയിലെ ഒരു ഹൈറൈസ് സൊസൈറ്റിയുടെ 22 -ാം നിലയിൽ ഒരു കോടി രൂപ മുടക്കി ഫ്ലാറ്റ് വാങ്ങിയ യുവാവാണ് തന്റെ സങ്കടവും നിരാശയും സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ഇത്രയും തുക നൽകിയിട്ടും ഒരു നിലവാരവുമില്ലാതെയാണ് കെട്ടിടം പണിതിരിക്കുന്നത് എന്നാണ് യുവാവ് പറയുന്നത്.
നിർമ്മാണത്തിലെ ഈ പിഴവുകൾ കാരണം ഫ്ലാറ്റിന്റെ പുറത്തെ സിമന്റ് പാളികൾ അടർന്നു വീഴുകയാണ്. അതുപോലെ ചുമരുകൾ മങ്ങിയാണ് ഇരിക്കുന്നത് എന്നും വീഡിയോയിൽ കാണാം. ഇതൊന്നും കൂടാതെ തൊട്ടടുത്തുള്ള ഒഴിഞ്ഞ ഫ്ലാറ്റിൽ പ്രാവുകൾ കാഷ്ഠിക്കുന്നത് കാരണം വൻതോതിൽ പ്രാണികൾ പെരുകുകയാണ്. ഇതും തന്റെ ഫ്ലാറ്റിലെ താമസം ബുദ്ധിമുട്ടിലാക്കുകയാണ് എന്നും യുവാവ് പറയുന്നു. താൻ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള പ്രാണികളാണ് ഇവിടെ ഉണ്ടാകുന്നതെന്നും ഇത് വലിയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നും ഇയാൾ ചൂണ്ടിക്കാട്ടി. 'ഒരു കോടി രൂപ മുടക്കിയതിൽ ഞാനിപ്പോൾ ഖേദിക്കുന്നു. അകത്തെ ഇന്റീരിയർ നമുക്ക് എങ്ങനെയും ശരിയാക്കാം, പക്ഷേ കെട്ടിടത്തിന്റെ പുറംഭാഗം ഇത്ര മോശമായ നിലയിലാണെങ്കിൽ നമ്മൾ നൽകിയ പണത്തിന് എന്ത് മൂല്യമാണുള്ളത്' എന്നാണ് യുവാവ് ചോദിക്കുന്നത്.
adarshxunfltrd എന്ന അക്കൗണ്ടിൽ നിന്നാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി വന്നത്. ഫ്ലാറ്റുകൾ വാങ്ങുന്നതിനേക്കാൾ നല്ലത്, സ്വന്തമായി വീട് പണിയിപ്പിക്കുന്നതാണ് എന്നാണ് ചിലർ അഭിപ്രായപ്പെട്ടത്. മറ്റ് ചിലർ ചൂണ്ടിക്കാട്ടിയത്, ഇത്തരം നഗരങ്ങളിലെ പണച്ചിലവും ഗുണനിലവാരവും തമ്മിലുള്ള വ്യത്യാസമാണ്.
