ഗർഭിണികൾക്കായി പ്രത്യേക പാർക്കിംഗ് സൗകര്യം തന്നെ ഒരുക്കി ബെംഗളൂരുവിലെ ഒരു ഷോപ്പിംഗ് മാൾ. നഗരത്തിലെ നെക്സസ് മാളിലാണ് 'മദേഴ്സ് ടു ബി' എന്ന് പേരിട്ടിരിക്കുന്ന ഈ പ്രത്യേക പാർക്കിംഗ് ഇടങ്ങൾ സജ്ജീകരിച്ചിരിക്കുന്നത്.  

ഗർഭിണികൾക്കായി പ്രത്യേക പാർക്കിംഗ് ഒരുക്കി കൈയടി നേടുകയാണ് ബെംഗളൂരുവിലെ ഒരു ഷോപ്പിം​ഗ് മാൾ. നഗരത്തിലെ നെക്സസ് മാളിലാണ് 'മദേഴ്സ് ടു ബി' എന്ന് പേരിട്ടിരിക്കുന്ന ഈ പ്രത്യേക പാർക്കിംഗ് ഇടങ്ങൾ സജ്ജീകരിച്ചിരിക്കുന്നത്. ഗർഭിണികളായ സ്ത്രീകൾക്ക് മാളിനകത്തേക്ക് വേഗത്തിൽ പ്രവേശിക്കാൻ കഴിയുന്ന തരത്തിൽ കവാടത്തിനടുത്താണ് ഈ പാർക്കിംഗ് സജ്ജീകരണം ക്രമീകരിച്ചിരിക്കുന്നത്. പിങ്ക് നിറത്തിൽ പെയിന്റ് ചെയ്ത ഈ പാർക്കിംഗ് ബേകളിൽ 'Reserved for mothers to be' എന്ന് കൃത്യമായി എഴുതിയിരിക്കുന്നതും വീഡിയോയിൽ കാണാം.

അക്ഷയ് റെയ്‌ന എന്ന യൂസറാണ് ഇൻസ്റ്റഗ്രാമിൽ ഇതിന്റെ ഒരു വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. 'വളരെ നല്ലൊരു ആശയം ആണിത്. എനിക്കിത് ഇഷ്ടപ്പെട്ടു' എന്ന ക്യാപ്ഷനോടെയാണ് വീഡിയോ അക്ഷയ് റെയ്ന സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. ഇതിനോടകം തന്നെ ലക്ഷക്കണക്കിന് ആളുകൾ ഈ വീഡിയോ കണ്ടുകഴിഞ്ഞു. ഇൻക്ലൂസീവ് ആയ ഇത്തരം മാറ്റങ്ങൾ മറ്റു സ്ഥാപനങ്ങളും മാതൃകയാക്കണമെന്നും ഇത് തികച്ചും അഭിനന്ദനാർഹമാണ് എന്നുമാണ് സോഷ്യൽ മീഡിയയുടെ അഭിപ്രായം.

View post on Instagram

സാധാരണ പാർക്കിംഗ് സ്ഥലങ്ങളെ അപേക്ഷിച്ച് ഇത്തരം സ്ഥലങ്ങളിൽ ഇരുവശത്തും കൂടുതൽ സ്ഥലം അനുവദിച്ചിട്ടുണ്ട്. ഇത് ഗർഭിണികളെ കാറിന്റെ വാതിൽ മുഴുവനായും തുറന്ന് എളുപ്പത്തിൽ പുറത്തിറങ്ങാൻ സഹായിക്കുന്നു. ബെംഗളൂരു പോലെയുള്ള തിരക്കേറിയ നഗരങ്ങളിൽ ഇത്തരം ചെറിയ മാറ്റങ്ങൾ പോലും വലിയ ആശ്വാസമാണ് നൽകുന്നത് എന്നാണ് വീഡിയോ കാണുന്നവർ അഭിപ്രായപ്പെടുന്നത്. വലിയ വലിയ മാളുകളിൽ ഇത്തരം സൗകര്യങ്ങൾ വളരെ അത്യാവശ്യമാണ്, അതുവഴി ആശയക്കുഴപ്പമോ, പ്രയാസങ്ങളോ ഇല്ലാതെ ​ഗർഭിണികൾക്ക് തങ്ങളുടെ വാഹനം പാർക്ക് ചെയ്യാൻ സാധിക്കും എന്നും പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്.