'ഇവിടെ ജീവിതത്തിന് യാതൊരു തിടുക്കവുമില്ല, എല്ലാം വളരെ സ്വാഭാവികമാണ്'; ഇന്ത്യയിലെ തങ്ങളുടെ ജീവിതത്തെ കുറിച്ച് പറയുന്ന ഒരു റഷ്യൻ കുടുംബത്തിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്.

ഇന്ത്യയിൽ കാഴ്ചകൾ കാണാനായി വരുന്നവർ ഒരുപാടുണ്ട്. എന്നാൽ, അതിൽ നിന്നും ഏറെ വ്യത്യസ്തമാണ് ബെംഗളൂരു നഗരത്തിൽ കഴിയുന്ന ഈ റഷ്യൻ കുടുംബം. റഷ്യക്കാരിയായ യാനയും കുടുംബവുമാണ് ഇന്ത്യയിലെ ലളിതമായ ജീവിതശൈലിയെയും മനുഷ്യരുടെ ഊഷ്മളമായ പെരുമാറ്റത്തെയും പ്രശംസിച്ചുകൊണ്ട് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. തങ്ങൾ എന്തുകൊണ്ടാണ് ഇന്ത്യയെ സ്ഥിരതാമസത്തിനായി തിരഞ്ഞെടുത്തതെന്ന് യാന ഈ വീഡിയോയിൽ തുറന്ന് പറയുന്നത്. തങ്ങൾ ഇന്ത്യ സന്ദർശക്കാൻ വന്നവരല്ല, ഇവിടെ തങ്ങൾക്ക് വീടുണ്ട് എന്നും അയൽപക്കമുണ്ടെന്നും മക്കൾ ഇവിടെയാണ് പഠിക്കുന്നതെന്നും പോസ്റ്റിൽ പറയുന്നു. മറ്റ് രാജ്യങ്ങളിലെ യാന്ത്രികമായ ജീവിതത്തിൽ നിന്നും വ്യത്യസ്തമായി ഇന്ത്യയിൽ ജീവിതത്തിന് ഒരു പ്രത്യേക താളമുണ്ടെന്ന് യാന പറഞ്ഞു. 'ഇവിടെ ജീവിതം നിങ്ങളെ ഒന്നിനും നിർബന്ധിക്കുന്നില്ല. സമയം വളരെ സാവധാനത്തിലാണ് കടന്നുപോകുന്നത്. ലോകത്തിന്റെ ബഹളങ്ങളിൽ നിന്ന് മാറി നമ്മെത്തന്നെ മനസ്സിലാക്കാൻ ഈ ജീവിതം സഹായിക്കുന്നു' എന്നും യാന വീഡിയോയിൽ വ്യക്തമാക്കുന്നു.

ബെംഗളൂരുവിലെ ആളുകൾ കാണിക്കുന്ന സ്നേഹവും കരുതലും തന്നെ അത്ഭുതപ്പെടുത്തിയെന്ന് യാന പറയുന്നു. പ്രതിഫലം ആഗ്രഹിക്കാതെ സഹായിക്കുന്ന അയൽവാസികളും, പേര് മറക്കാത്ത കടക്കാരും, പുഞ്ചിരിയോടെ സംസാരിക്കുന്ന സാധാരണക്കാരും ഇന്ത്യയുടെ വലിയ പ്രത്യേകതയാണെന്നാണ് അവർ പറയുന്നത്. വെറുതെ എന്തെങ്കിലും കാണിക്കുക എന്നതിനേക്കാൾ അർത്ഥവത്തായ ജീവിതത്തിനാണ് ഇവിടെ പ്രാധാന്യമെന്നും അവർ കൂട്ടിച്ചേർത്തു. ബെംഗളൂരുവിലെ സ്കൂളുകളിൽ പഠിക്കുന്ന തന്റെ മക്കൾ വൈവിധ്യമാർന്ന സംസ്കാരങ്ങളെയും ഭാഷകളെയും ബഹുമാനിക്കാൻ പഠിക്കുന്നുവെന്നും വ്യത്യസ്തമായ സാഹചര്യങ്ങളോട് പൊരുത്തപ്പെടാനും ലളിതമായ കാര്യങ്ങളിൽ സന്തോഷം കണ്ടെത്താനും ഇന്ത്യയിലെ ജീവിതം മക്കളെ പ്രാപ്തരാക്കുന്നുവെന്നും യാന പറയുന്നു.

View post on Instagram

ബഹളങ്ങളും തിരക്കുകളും മറ്റ് പ്രശ്നങ്ങളും ഇന്ത്യയിലെ ജീവിതത്തിന്റെ ഭാഗം തന്നെയാണ്. എങ്കിലും, ഒരു ഷെഡ്യൂളിന് പിന്നാലെ ഓടുന്നതിനേക്കാൾ സന്തോഷം ഈ 'സ്വാഭാവികമായ' ജീവിതത്തിലുണ്ടെന്നാണ് യാന വിശ്വസിക്കുന്നത്. വർഷം മുഴുവനും ലഭിക്കുന്ന നല്ല പഴങ്ങളും പ്രകൃതിയുടെ സാമീപ്യവും കുടുംബത്തോടൊപ്പം ചിലവഴിക്കാൻ കിട്ടുന്ന സമയവും തങ്ങൾക്ക് പ്രിയപ്പെട്ടതാണെന്ന് പറഞ്ഞുകൊണ്ടാണ് യാന പോസ്റ്റ് അവസാനിപ്പിക്കുന്നത്.