വിവാഹ ഹാളിലേക്ക് നടന്നുപോവുകയായിരുന്ന നവദമ്പതികൾക്ക് ഒരു സ്കൂൾ ബസ് നിറയെ കുട്ടികൾ ഒരേ സ്വരത്തിൽ വിവാഹ മംഗളാശംസകൾ നേർന്നതിനെ കുറിച്ചുള്ള വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. 

വളരെ മനോഹരവും അപ്രതീക്ഷിതവുമായ അനേകം വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അതുപോലെ മനോഹരമായ ഒരു വീഡിയോയാണ് ഇപ്പോൾ ആളുകളുടെ ഹൃദയം കവരുന്നത്. വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത് ഹിമ എന്ന യൂസറാണ്. നവദമ്പതികൾക്ക് സ്കൂൾ ബസിൽ പോവുകയായിരുന്ന കുട്ടികൾ വിവാഹമം​ഗളങ്ങൾ ആശംസിച്ചതിനെ കുറിച്ചാണ് ഹിമയുടെ പോസ്റ്റ്. വീഡിയോയിൽ വരനും വധുവും തങ്ങളുടെ വിവാഹം നടക്കുന്ന ഹാളിലേക്ക് നടക്കുന്നതാണ് കാണുന്നത്. ആ സമയത്താണ് അതുവഴി ഒരു സ്കൂൾ ബസ് കടന്നു പോകുന്നത്.

ആ സ്കൂൾ ബസിലുണ്ടായിരുന്ന കുട്ടികൾ ഒരേ സ്വരത്തിലാണ് ദമ്പതികൾക്ക് ആശംസ വിളിച്ചുപറഞ്ഞത്. ബസിനുള്ളിലുണ്ടായിരുന്ന കുട്ടികൾ ഒന്നടങ്കം ജനാലയിലൂടെ പുറത്തേക്ക് നോക്കി 'ഹാപ്പി മാരീഡ് ലൈഫ്' എന്ന് ഉറക്കെ വിളിച്ചുപറയുകയായിരുന്നത്രെ. പ്രതീക്ഷിക്കാത്ത നേരത്ത് ലഭിച്ച ഈ സ്നേഹപ്രകടനം ദമ്പതികളെ അക്ഷരാർത്ഥത്തിൽ അത്ഭുതപ്പെടുത്തി. ജീവിതകാലം മുഴുവൻ ഓർത്തിരിക്കാൻ പോകുന്ന നിമിഷമാണിതെന്ന് ഹിമ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

'ദൈവം ചിലപ്പോൾ കുഞ്ഞുങ്ങളിലൂടെയായിരിക്കും തന്റെ അനുഗ്രഹങ്ങൾ ചൊരിയുന്നത്. ഏറ്റവും ശുദ്ധമായ ഹൃദയങ്ങളിൽ നിന്നാണ് ഏറ്റവും വലിയ അനുഗ്രഹങ്ങൾ വരുന്നത്. ആ നിമിഷം ക്യാമറയിൽ പകർത്താൻ പോലും എനിക്ക് സാധിച്ചില്ല, അത്രയും പെട്ടെന്നായിരുന്നു അത് സംഭവിച്ചത്' എന്നാണ് വീഡിയോയുടെ ക്യാപ്ഷനിൽ കുറിച്ചിരിക്കുന്നത്.

View post on Instagram

വീഡിയോ വൈറലായതോടെ നിരവധി ആളുകളാണ് കമന്റുകളുമായി എത്തിയത്. 'പണം കൊടുത്താൽ വാങ്ങാൻ കിട്ടാത്ത അനുഗ്രഹമാണിത്' എന്നായിരുന്നു ഒരാളുടെ കമന്റ്. 'കുട്ടികൾക്ക് നിഷ്കളങ്കമായ ഹൃദയമാണുള്ളത്, ഈ ദൃശ്യം കണ്ടപ്പോൾ രോമാഞ്ചം വന്നു' എന്നായിരുന്നു മറ്റൊരു കമന്റ്. 'ദാമ്പത്യ ജീവിതത്തിന് ഇതിലും നല്ലൊരു തുടക്കം ലഭിക്കാനില്ല' എന്ന് വേറൊരാൾ കമന്റ് നൽകി.