ഇന്ത്യയിലെ ആദ്യത്തെ സംഗീത റോഡ് മുംബൈ കോസ്റ്റൽ റോഡിൽ ഉദ്ഘാടനം ചെയ്തു. ഈ പാതയിലൂടെ നിശ്ചിത വേഗതയിൽ വാഹനമോടിക്കുമ്പോൾ 'ജയ് ഹോ' എന്ന ഗാനത്തിന്‍റെ ട്യൂൺ കേൾക്കാൻ സാധിക്കും. എന്നാൽ, ആദ്യം സുരക്ഷിതമായ റോഡുകൾ നിർമ്മിക്കൂവെന്ന് നെറ്റിസെൻസ് ആവശ്യപ്പെട്ടു.
വിദേശ രാജ്യങ്ങളിൽ വാഹനങ്ങൾ കടന്ന് പോകുമ്പോൾ സംഗീതം കേൾക്കുന്ന റോഡുകളെ കുറിച്ചുള്ള വാർത്തകൾ വന്നിട്ട് കാലം കുറച്ചായി. ഇപ്പോൾ ഇന്ത്യയിലും അത്തരം റോഡുകൾ വന്നിരിക്കുന്നു. മുംബൈ കോസ്റ്റൽ റോഡിലാണ് വാഹനം കടന്ന് പോകുമ്പോൾ സംഗീതം കേൾക്കാൻ കഴിയുന്ന റോഡുകളുള്ളത്. പ്രത്യേകമായി അടയാളപ്പെടുത്തിയ വെളുത്ത വരയിലൂടെ വാഹനങ്ങൾ കടന്ന് പോകുമ്പോൾ 'ജയ് ഹോ' എന്ന പ്രശസ്തമായ പാട്ടിന്‍റെ ട്യൂണ്‍ കേൾക്കാൻ കഴിയും. ഇത്തരം റോഡുകളുടെ വീഡിയോകൾ വൈറലായതിന് പിന്നാലെ ആദ്യം സുരക്ഷിതമായി സഞ്ചരിക്കാൻ കഴിയുന്ന കുഴികളില്ലാത്ത റോഡുകൾ പണിയൂവെന്ന കുറിപ്പുമായി സമൂഹ മാധ്യമ ഉപയോക്താക്കളും രംഗത്തെത്തി.
ആദ്യ മ്യൂസിക്കൽ റോഡ്
ഇന്നലെയാണ് (ഫെബ്രുവരി 11 ന്) രാജ്യത്തെ ആദ്യത്തെ സംഗീത റോഡ് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഉദ്ഘാടനം ചെയ്തത്. മുംബൈയിലെ കോസ്റ്റൽ റോഡിൽ പുതുതായി പണിതീർത്ത 500 മീറ്റർ പ്രത്യേക പാതയിലൂടെ കാറുകൾ സ്ഥിരമായ വേഗതയിൽ സഞ്ചരിക്കുമ്പോൾ സ്ലംഡോഗ് മില്യണയർ എന്ന ചിത്രത്തിലെ ഓസ്കാർ പുരസ്കാരം ലഭിച്ച 'ജയ് ഹോ' എന്ന ഗാനം കേൾക്കാം. ഓടുന്ന കാറുകളിൽ നിന്നും പകർത്തിയ ഈ പാട്ടുപാടുന്ന റോഡിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. രാത്രിയിൽ ഒരു കാറിനുള്ളിൽ നിന്നും ചിത്രീകരിച്ച വീഡിയോയായിരുന്നു അത്. മുന്നിലെ ഗ്യാസിലൂടെ റോഡിൽ പ്രത്യേക രീതിയിൽ അടയാളപ്പെടുത്തിയ വെളുത്ത തടിച്ച വരകൾ കാണാം. ഈ പാത പ്രധാന പാതയിൽ നിന്നും ഡിവൈഡറുകൾ വച്ച് പ്രത്യേകമായി തിരിച്ചിരിക്കുന്നു. വെളുത്ത വരകളിലൂടെ കാർ കയറിയിറങ്ങുമ്പോൾ ജയ് ഹോ എന്ന പാട്ടിന്‍റെ താളം കേൾക്കാം. ഈ സമയം കാർ മണിക്കൂറിൽ 70 മുതൽ 80 കിലോമീറ്റർ വരെ സ്ഥിരമായ വേഗതയിലാണ് ഓടിക്കൊണ്ടിരുന്നത്. ഈ മ്യൂസിക്കൽ സ്ട്രിപ്പ് നരിമാൻ പോയിന്‍റിൽ നിന്ന് വോർലിയിലേക്കുള്ള കാരിയേജ്‌വേയിലാണ് സ്ഥാപിച്ചിരിക്കുന്നത്.
നൃത്തം ചെയ്യുന്ന റോഡുകളുണ്ടെന്ന് നെറ്റിസെൻസ്
വാഹനം കടന്നുപോകുമ്പോൾ വൈബ്രേഷനുകൾ സൃഷ്ടിക്കുന്ന റംബിൾ സ്ട്രിപ്പുകൾ ഈ പ്രത്യേക പാതയിൽ ഉപയോഗിച്ചിരിക്കുന്നു. ഈ വൈബ്രേഷനുകൾ ശബ്ദ തരംഗങ്ങളായി മാറുന്നു. ഇത്തരം റോഡുകൾ ഡ്രൈവിംഗ് കൂടുതൽ ആസ്വാദ്യകരമാക്കുമെന്നും വാഹനമോടിക്കുന്നവരെ സ്ഥിരമായ വേഗത നിലനിർത്താൻ പ്രോത്സാഹിപ്പിക്കുമെന്നും ഉദ്യോഗസ്ഥർ അവകാശപ്പെട്ടു. വീഡിയോകൾ വൈറലായതിന് പിന്നാലെ ആദ്യം കുഴികളില്ലാത്ത സുരക്ഷിത പാതകൾ ഒരുക്കാൻ സമൂഹ മാധ്യമ ഉപയോക്താക്കൾ ആവശ്യപ്പെട്ടു. ചിലർ അടുത്തിടെ തകർന്ന് വീണ പാലങ്ങളുടെയും ദേശീയ പാതകളുടെയും വിവരണങ്ങളുമായെത്തി. മുംബൈയിലെ കോസ്റ്റൽ റോഡിൽ നിന്നും മുളുണ്ടിയിലേക്ക് വന്നാൽ നടുവെടിയുമെന്നായിരുന്നു ഒരു കുറിപ്പ്. അവിടെ സംഗീതമല്ല, റോഡിലൂടെ പോകുന്നവർ നൃത്തം ചെയ്യുമെന്ന് കുറിപ്പിൽ ആരോപിച്ചു. 2007 - ൽ ജപ്പാനിലാണ് ആദ്യത്തെ സംഗീത റോഡ് എന്ന ആശയം പ്രാവർത്തികമാക്കിയത്. പിന്നാലെ ദക്ഷിണ കൊറിയ, ഹംഗറി, യുഎഇ തുടങ്ങിയ രാജ്യങ്ങളിൽ ഇത്തരം റോഡുകൾ നിർമ്മിക്കപ്പെട്ടു.


