അഞ്ച് വർഷത്തെ സേവനത്തിന് ശേഷം സ്വപ്നജോലി ഉപേക്ഷിക്കുന്നു, വൈകാരികമായ പോസ്റ്റുമായി നിതിക മേത്ത എന്ന യുവതി. കാബിൻ ക്രൂവായി ജോലി ചെയ്യുകയായിരുന്നു നിതിക. 

ജീവിതം നമ്മെ എങ്ങനെയാണ് മുന്നോട്ടു കൊണ്ടുപോവുന്നത് എന്ന് പറയാൻ സാധിക്കില്ല, ഏറെ ഇഷ്ടപ്പെടുന്ന ഒരു ജോലി ചിലപ്പോൾ ജീവിതത്തിന്റെ ഏതെങ്കിലും ഘട്ടത്തിൽ ഉപേക്ഷിക്കേണ്ടി വരാറുണ്ട്. അതുപോലെ ഒരു അനുഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. നിതിക മേത്ത എന്ന യുവതിയാണ് വൈകാരികമായ ഈ കുറിപ്പ് ഇൻസ്റ്റ​ഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്നത്. അനേകം പെൺകുട്ടികൾ സ്വപ്നം കാണുന്ന ഒരു ജോലി രാജിവയ്ക്കുന്നതിന്റെ അനുഭവമാണ് ഇത്. കാബിൻ ക്രൂ ആയി ജോലി ചെയ്യുകയായിരുന്നു നിതിക. തന്റെ അവസാനത്തെ പ്രവൃത്തിദിവസമാണ് നിതികയുടെ വീഡിയോയിൽ കാണുന്നത്. ഒപ്പം അതേക്കുറിച്ച് അവർ ക്യാപ്ഷനിൽ കുറിക്കുകയും ചെയ്തിട്ടുണ്ട്.

'കാബിൻ ക്രൂ എന്ന നിലയിലുള്ള എന്റെ അവസാന ദിവസമായിരുന്നു ഇത്. അഞ്ച് വർഷം ഞാൻ പറന്നു. ജീവിതം മുന്നോട്ട് നീങ്ങുകയാണ്, അതിനാൽ പറക്കലിനോടുള്ള സ്നേഹം ഉള്ളിൽവച്ചു തന്നെ ഞാൻ രാജി വച്ചു. ഇനി പുലർച്ചെ 2 മണിയുടെ ഫ്ലൈറ്റുകളോ, ജന്മദിനങ്ങളും മറ്റ് ആഘോഷങ്ങളും നഷ്ടപ്പെടുന്ന അവസ്ഥയോ ഉണ്ടാവില്ല എന്ന് ഞാൻ സ്വയം ആശ്വസിച്ചു' എന്നാണ് നിതിക കുറിച്ചിരിക്കുന്നത്. എന്നാൽ, അതോടൊപ്പം തന്നെ ഈ ജോലി ഉപേക്ഷിക്കുമ്പോൾ തനിക്ക് നഷ്ടപ്പെടാൻ പോകുന്നതെന്തെല്ലാമാണ് എന്ന കാര്യത്തെ കുറിച്ചും അവർ പറയുന്നുണ്ട്. ഹോങ്കോങ്ങിലെ തെരുവുകളിലൂടെ അതിരാവിലെയുള്ള നടത്തം, ആദ്യമായി വിമാനത്തിൽ കയറുന്നവരുടെ പേടി മാറ്റുന്ന സംസാരം, വിമാനത്തിലെ കുഞ്ഞുങ്ങളുമായി കളിക്കുമ്പോൾ അവരുടെ മാതാപിതാക്കൾക്ക് ലഭിക്കുന്ന ആശ്വാസ നിമിഷങ്ങൾ, 35,000 അടി ഉയരത്തിൽ വെച്ച് തുടങ്ങുന്ന ആഴത്തിലുള്ള സൗഹൃദങ്ങൾ തുടങ്ങിയവയൊക്കെയും അതിൽ പെടുന്നു.

View post on Instagram

അതേസമയം, ഇന്ത്യയിലെ കഠിനമായ മത്സരപ്പരീക്ഷകളുടെയും റാങ്ക് ലിസ്റ്റുകളുടെയും ലോകത്തുനിന്നുള്ള ഒരു രക്ഷപ്പെടലായിരുന്നു തനിക്ക് ഈ ജോലിയെന്ന് നിതിക പറയുന്നു. ഒരു കരിയർ എന്നതിലുപരി, അന്നത്തെ സാഹചര്യങ്ങളിൽ നിന്നുള്ള ഒരു മോചനമായാണ് താൻ ജോലിയെ കണ്ടത് എന്നും അവർ പറയുന്നു. ഒപ്പം പറക്കുന്നതിനോടുള്ള സ്നേഹം നിലനിർത്തി തന്നെയാണ് അവർ ഈ ജോലിയോട് ​ഗുഡ്ബൈ പറയുന്നത്. നിരവധിപ്പേരാണ് നിതികയുടെ പോസ്റ്റിന് കമന്റുകളുമായി എത്തിയത്. ഈ ജോലിയിലെ ​ഗ്ലാമറേ ആളുകൾ കാണൂ, അതിലെ ബുദ്ധിമുട്ടുകൾ കാണാറില്ല എന്ന് വീഡിയോയ്ക്ക് കമന്റ് നൽകിയവരുണ്ട്. ഒപ്പം നിതികയുടെ ഭാവിജീവിതത്തിന് നെറ്റിസൺസ് ആശംസകളും നേർന്നിട്ടുണ്ട്.