മെക്സിക്കോയിൽ പുതിയ ട്രെയിൻ ലൈനിൻറെ ഉദ്ഘാടനത്തിന് മേയർ എത്താൻ വൈകിയപ്പോൾ, ട്രെയിൻ കൃത്യസമയത്ത് സ്റ്റേഷൻ വിട്ടു. ഈ സംഭവത്തിൻറെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി.  ഇന്ത്യയിലായിരുന്നെങ്കിൽ എന്ത് സംഭവിക്കുമായിരുന്നുവെന്ന ചർച്ചകൾക്ക് വീഡിയോ വഴിവച്ചു.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ. പക്ഷേ, ഇന്ത്യയിലെ പല പരിപാടികളും രാഷ്ട്രീയ നേതാക്കളുടെ തീരുമാനങ്ങൾക്കും ആഗ്രഹങ്ങൾക്കും അനുസരിച്ചായിരിക്കും നടക്കുക. കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോയ്ക്ക് താഴെ സമാനമായ നിരവധി കമന്‍റുകളായിരുന്നു. വീഡിയോ പങ്കുവയ്ക്കപ്പട്ടത് മെക്സിക്കോയിൽ നിന്നാണ്. ഒരു ട്രെയിന്‍ ഉദ്ഘാടനത്തിന് എത്തേണ്ടിയിരുന്ന മേയർ എത്താൻ വൈകി. എന്നാൽ ഉദ്ഘാടകനെ കാത്തു നിൽക്കാതെ ട്രെയിൻ കൃത്യ സമയത്തിന് തന്നെ സ്റ്റേഷൻ വിട്ടു. ഈ സംഭവത്തിന്‍റെ വീഡിയോ ഇന്ത്യയിലായിരുന്നെങ്കിൽ എന്ത് സംഭവിച്ചേനെയെന്ന ചോദ്യത്തോടെയായിരുന്നു പങ്കുവയ്ക്കപ്പെട്ടത്.

വണ്ടി കൃത്യസമയം പാലിച്ചു

'മെക്സിക്കോയിലെ ഒരു മേയർ, പുതിയ ട്രെയിൻ ലൈനിന്‍റെ ഉദ്ഘാടനത്തിന് എത്താൻ വൈകി. അദ്ദേഹത്തിന് ആദ്യ യാത്രയിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. ഇന്ത്യയിൽ മന്ത്രിയെ കാത്തിരിക്കാത്തതിന് ട്രെയിൻ ഡ്രൈവർ അറസ്റ്റിലാകുമായിരുന്നു.' എന്ന കുറിപ്പോടെ ഇന്ത്യൻ ജെംസ് എന്ന എക്സ് ഹാന്‍റിലിലാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. വീഡിയോയുടെ തുടക്കത്തിൽ ഒരു ട്രെയിന്‍ ഹോണ്‍ അടിക്കുമ്പോൾ സ്റ്റേഷനിലൂടെ കുറച്ച് പേർ ഓടിവരുന്നത് കാണാം. അവരെത്തി ചേരുമ്പോഴേക്കും ട്രെയിൻ സ്റ്റേഷനിൽ നിന്നും വിട്ടു. ഈ സമയം നിരാശനായി തന്‍റെ മുഖം തുടച്ച് കൊണ്ട് മാറി നിൽക്കുന്ന മെക്സിക്കൻ മേയറിന്‍റെ ദൃശ്യങ്ങളും കാണാം. 

Scroll to load tweet…

ഇന്ത്യയിലായിരുന്നെങ്കിൽ എന്ത് സംഭവിച്ചേനെ എന്ന ചോദ്യം സമൂഹ മാധ്യമ ഉപയോക്താക്കളെ രസകരമായ കുറിപ്പുകൾ എഴുതാൻ പ്രേരിപ്പിച്ചു ഡിസംബർ 15 ന് ഗ്വാഡലജാര മെട്രോപൊളിറ്റൻ ഏരിയയിൽ സ്ഥിതി ചെയ്യുന്ന ത്ലാജോമുൽകോ ഡി സുനിഗ മുനിസിപ്പാലിറ്റിയിലെ ലൈറ്റ് റെയിൽ ലൈൻ 4 അധികൃതർ ഔദ്യോഗികമായി തുറന്നു. ചടങ്ങിന്‍റെ ഉദ്ഘാടകൻ, മേയർ ജെറാർഡോ ക്വിറിനോ വെലാസ്ക്വസ് ഷാവേസ് ട്രെയിന്‍റെ ആദ്യ യാത്രയിൽ കയറാനായി ഓടിയെത്തിയതായിരുന്നു. പക്ഷേ, ട്രെയിൻ സമയത്തിന് പുറപ്പെട്ടെന്ന് അൽ ഹെറാൾഡോ ഡി മെക്സിക്കോ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഡ്രൈവറിന് ജയിലോ സസ്പെൻഷനോ

15 ലക്ഷം പേരാണ് വീഡിയോ ഇതിനകം കണ്ടത്. നിരവധി പേർ രസകരമായ കുറിപ്പുകളുമായെത്തി. കുറഞ്ഞത് രാഷ്ട്രീയ പ്രോട്ടോക്കോളുകൾക്ക് പകരം ട്രെയിൻ ടൈംടേബിൾ പാലിച്ചുവെന്നായിരുന്നു ഒരു കാഴ്ചക്കാരൻ കുറിച്ചത്. സമയനിഷ്ഠ പാലിക്കുന്ന പൊതുഗതാഗതം ഇങ്ങനെയാണ് കാണപ്പെടുന്നതെന്ന് മറ്റൊരാൾ കുറിച്ചു. ഷെഡ്യൂളിൽ ഉറച്ചുനിന്നതിന് ഡ്രൈവറോട് ബഹുമാനമെന്നായിരുന്നു മറ്റൊരു കുറിപ്പ്. ഇന്ത്യയിലാണെങ്കിൽ മേയറല്ല, പ്രധാനമന്ത്രിയാണ് ഉദ്ഘാടകൻ എന്നായിരുന്നു മറ്റൊരു കുറിപ്പ്. ഇന്ത്യയിൽ, മന്ത്രി ഉദ്ഘാടനത്തിന് വൈകിയാൽ ട്രെയിൻ മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വരും. ഡ്രൈവർ കൃത്യസമയത്ത് പോകാൻ ധൈര്യപ്പെടുമോ? എങ്കിൽ നേരെ ജയിലിലേക്കോ സസ്‌പെൻഷനിലേക്കോ! ആയിരിക്കുമെന്ന് മറ്റൊരു കാഴ്ചക്കാരൻ കുറിച്ചു.