പോളണ്ടിലെ വാർസോയിൽ, എഡ്വേർഡ് വാർചോക്കി എന്ന ഹ്യൂമനോയിഡ് റോബോട്ട് കാട്ടുപന്നികളെ ഓടിക്കുന്ന വീഡിയോ വൈറലായി. നഗരത്തിലെ കാട്ടുപന്നി ശല്യത്തിന് ഇതൊരു പരിഹാരമാണെന്ന് ചിലർ കരുതുമ്പോൾ, ഇതൊരു മാർക്കറ്റിംഗ് തന്ത്രം മാത്രമാണെന്നും റിപ്പോർട്ടുകളുണ്ട്.
പോളണ്ടിലെ വാർസോ തെരുവുകളിൽ ഒരു ഹ്യൂമനോയിഡ് റോബോട്ട് കാട്ടുപന്നികളെ പിന്തുടരുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി. 'എഡ്വേർഡ് വാർചോക്കി' എന്ന് പേരിട്ടിരിക്കുന്ന, യൂണിട്രീ ജി1 (Unitree G1) വിഭാഗത്തിൽപ്പെട്ട കസ്റ്റമൈസ്ഡ് റോബോട്ട് വാർസോയിലെ തെരുവുകളിലൂടെ കാട്ടുപന്നികളെ ഓടിക്കുന്ന വീഡിയോ ഏറെ പേരുടെ ശ്രദ്ധനേടി. കഴിഞ്ഞ ഞായറാഴ്ചയാണ് ഇത് സംബന്ധിച്ച വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ടത്.
കാട്ടുപന്നികളെ ഓടിച്ച് റോബോട്ട്
വാർസോയിലെ ഒരു പാർക്കിങ് ഗ്രൗണ്ടിലൂടെ പുൽത്തകിടിയിലേക്ക് ഓടിക്കയറിയ പന്നിക്കൂട്ടത്തിന് പിന്നാലെ റോബോട്ട് പാഞ്ഞ് ചെല്ലുന്നത് വീഡിയോയിൽ കാണാം. അസാധാരണമായ ഒരു രൂപത്തെ കണ്ടതോടെ പന്നികൾ ഓടിപ്പോയി. ഇതോടെ നിരാശയോടെ ആകാശത്തേക്ക് കൈ ഉയർത്തുന്ന റോബോട്ടിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്കും ചിരിയ്ക്കും വഴിവെച്ചു. വാർസോ നഗരം കാട്ടുപന്നികളുടെ ശല്യം കൊണ്ട് ഏറെക്കാലമായി ബുദ്ധിമുട്ടുകയാണ്. എന്നാൽ, ഈ റോബോട്ട് കാട്ടുപന്നികളെ നിയന്ത്രിക്കാൻ പാകത്തിലുള്ളതല്ലെന്നും, ഇതൊരു മാർക്കറ്റിംഗ് തന്ത്രത്തിന്റെ ഭാഗമാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. റോബോട്ടിന്റെ സമൂഹ മാധ്യമ അക്കൗണ്ടിൽ "ഞാൻ കാട്ടുപന്നികളെ കാട്ടിലേക്ക് ഓടിക്കുകയാണ്" എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്.
ഭാവിയുടെ തുടക്കം, അല്ല പബ്ലിസിറ്റി സ്റ്റണ്ട്
ഈ ദൃശ്യങ്ങൾ ഓൺലൈനിൽ വലിയ തോതിലുള്ള പ്രതികരണങ്ങളാണ് ഉണ്ടാക്കിയത്. റോബോട്ടിന്റെ ഈ പ്രകടനത്തെ 'ഭാവിയുടെ തുടക്കം' എന്ന് ചിലർ വിശേഷിപ്പിച്ചപ്പോൾ, എന്നാൽ അതൊരു 'പബ്ലിസിറ്റി സ്റ്റണ്ട്' മാത്രമാണെന്നാണ് മറ്റൊരു വിഭാഗത്തിന്റെ അഭിപ്രായം. സ്കൂളുകളിലും മറ്റും അക്രമികളെ തടയാൻ ഇത്തരം റോബോട്ടുകളെ ഉപയോഗിക്കാമോയെന്ന തരത്തിലുള്ള ചർച്ചകളും സമൂഹ മാധ്യമങ്ങളിൽ സജീവമാണ്. എന്തായാലും, സാങ്കേതികവിദ്യയുടെ വളർച്ചയും വിനോദവും ഒത്തുചേർന്ന ഈ കാഴ്ച ഏറെ കൗതുകത്തോടെയാണ് സമൂഹ മാധ്യമ ഉപയോക്താക്കൾ നോക്കിക്കാണുന്നത്. പോളണ്ടിലെ ധനകാര്യ മന്ത്രിയെ സന്ദർശിക്കുകയും ടെലിവിഷൻ പരിപാടികളിൽ പങ്കെടുക്കുകയും ചെയ്തതോടെ എഡ്വേർഡ് വാർചോക്കി ഇതിനകം തന്നെ പ്രാദേശികമായി പ്രശസ്തനാണ്.


