അതിഥികൾ പോയ ശേഷം വാടകയ്ക്ക് നൽകിയ എയർബിഎൻബി വീട്ടിലെ അവസ്ഥ കണ്ട് ആകെ ഞെട്ടി യുവതി. ഒരു ഹോട്ടല്‍ നടത്തുന്നത് പോലെയാണ് തനിക്ക് തോന്നുന്നുതെന്നും യുവതി. അതിഥികളെ വിമര്‍ശിച്ച് നെറ്റിസണ്‍സ്. 

വാടകയ്ക്ക് നൽകിയ വീട് അഥിതികൾ ആകെ വൃത്തികേടാക്കിയിട്ടതിനെ കുറിച്ച് ഒരു എയർബിഎൻബി ഉടമ അനുഭവം പങ്കുവെക്കുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നത്. അതിഥികൾ പോയ ശേഷം വീട്ടിൽ കണ്ട കാഴ്ച തന്നെ ഞെട്ടിച്ചുവെന്നാണ് ഇവർ പറയുന്നത്. വീടിനുള്ളിൽ പ്രവേശിച്ച ഉടനെ തന്നെ കടുത്ത ദുർഗന്ധമാണ് അനുഭവപ്പെട്ടതെന്ന് ഉടമ പറയുന്നു. ആ കാഴ്ചകൾ കണ്ട് തനിക്ക് ഛർദ്ദിക്കാൻ വന്നു. ക്ലീനിംഗ് സ്റ്റാഫിലെ രണ്ട് പേർ ഇത് വൃത്തിയാക്കാൻ കഴിയില്ലെന്ന് പറഞ്ഞ് മടങ്ങിപ്പോയി എന്നും ഇവർ പറയുന്നു. വീടിന്റെ ലിവിംഗ് റൂമിൽ ഭക്ഷണാവശിഷ്ടങ്ങളും, ഒഴിഞ്ഞ കുപ്പികളും, ടിഷ്യൂ പേപ്പറുകളും ചിതറിക്കിടക്കുന്ന നിലയിലായിരുന്നു. എല്ലായിടത്തും മാലിന്യങ്ങളായിരുന്നു. ബെഡ്റൂമിന്റെ അവസ്ഥയും വ്യത്യസ്തമായിരുന്നില്ല.

ഇത് മാത്രമല്ല, വീടിന് കേടുപാടുകൾ വരുത്തുകയും ചെയ്തു. ചുവരുകളെല്ലാം വൃത്തികേടാക്കി. പലയിടത്തും ഒഴിഞ്ഞ മദ്യക്കുപ്പികളായിരുന്നു. ചുവരിലുണ്ടായിരുന്ന പോസ്റ്ററുകൾ പോലും അവർ കൊണ്ടുപോയി എന്നും ഉടമ വീഡിയോയിൽ പറഞ്ഞു. ഒടുവിൽ മറ്റൊരാളുടെ കൂടി സഹായത്തോടെ മണിക്കൂറുകൾ കഠിനാധ്വാനം ചെയ്താണ് വീട് വൃത്തിയാക്കിയത്. ദുർഗന്ധം മാറുന്നതിനായി മൂന്നോ നാലോ തവണ തറ കഴുകേണ്ടി വന്നു എന്നും ഇവർ പറയുന്നു. 'ഒരു എയർബിഎൻബി നടത്തുന്നതിനേക്കാൾ ഒരു ഹോട്ടൽ നടത്തുന്നതുപോലെയാണ് ഇപ്പോൾ എനിക്ക് തോന്നുന്നത്' എന്നാണ് വീട് പഴയ പടിയാക്കാൻ എടുത്ത അധ്വാനത്തെക്കുറിച്ച് അവർ പറയുന്നത്. അതിഥികൾ വാടക വീടുകളെ വെറും പാർട്ടി നടത്താനുള്ള സ്ഥലമായി മാത്രം കാണുകയാണ്, ക്ലീനിം​ഗിന് വരുന്നവർ എല്ലാം വൃത്തിയാക്കുമെന്നാണ് ഇവർ കരുതുന്നത് എന്നും ഉടമ കുറ്റപ്പെടുത്തുന്നു.

Scroll to load tweet…

വീഡിയോ വൈറലായതോടെ നിരവധിപ്പേരാണ് കമന്റുകളുമായി എത്തിയത്. ഇത്തരം പെരുമാറ്റത്തെ ഒരിക്കലും അം​ഗീകരിക്കാനാവില്ലെന്നും ചെറിയ വാടകയും നൽകി ഇത്രമാത്രം നാശനഷ്ടങ്ങളുണ്ടാക്കി, വീട് വൃത്തികേടാക്കി പോകുന്നത് അം​ഗീകരിക്കാനാവില്ലെന്നും പലരും പറഞ്ഞു.