തന്‍റെ ചിത്രമുള്ള പരസ്യ ബോർഡ് മാതാപിതാക്കളെ കാണിക്കുന്നതിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് യുവതി. മകളെ പരസ്യ ബോർഡിൽ കണ്ട് അമ്പരക്കുകയും പിന്നീട് അഭിമാനിക്കുകയും ചെയ്യുന്ന മാതാപിതാക്കള്‍. കാണാം വീഡിയോ.

മക്കളുടെ ഉയർച്ച ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നതും അതിൽ സന്തോഷിക്കുന്നതും മാതാപിതാക്കൾ ആയിരിക്കും. അത്തരത്തിൽ മാതാപിതാക്കളുടെ അഭിമാന നിമിഷം പകർത്തിയ ഒരു വീഡിയോ ആണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ഇന്ത്യൻ മോഡലായ നവ്യാ കൃഷ്ണയാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. താൻ മോഡൽ ആയി എത്തിയ പരസ്യ ബോർഡ് മാതാപിതാക്കൾക്ക് കാണിച്ചു കൊടുക്കുകയായിരുന്നു നവ്യ. ആ വൈകാരിക നിമിഷം സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയത് വളരെ പെട്ടെന്നാണ്.

ഇൻസ്റ്റഗ്രാമിൽ അവർ പങ്കുവെച്ച വീഡിയോയിൽ പരസ്യ ബോർഡ് കണ്ട് മാതാപിതാക്കൾ അമ്പരന്നു നിൽക്കുന്ന ദൃശ്യങ്ങളാണ് ആദ്യം കാണാൻ കഴിയുന്നത്. തുടർന്ന്, പരസ്യ ബോർഡിൽ മകളെ കണ്ടപ്പോൾ അളവില്ലാത്ത അഭിമാനത്തിനും സന്തോഷത്തിനും ആ അമ്പരപ്പ് വഴി മാറി. 'ഈ നിമിഷമാണ് ഏതൊരു വലിയ പ്രോജക്റ്റിനേക്കാളും, ഗ്ലാമറസ് അസൈൻമെന്റിനേക്കാളും താൻ എന്നെന്നേക്കുമായി ഓർമ്മിക്കുന്ന ഒന്ന്' എന്ന് നവ്യ പോസ്റ്റിന് അടിക്കുറിപ്പ് നൽകി. മാതാപിതാക്കളുടെ കണ്ണുകളിലെ സന്തോഷവും അഭിമാനവുമാണ് തനിക്ക് ലഭിച്ച ഏറ്റവും വലിയ പ്രതിഫലമെന്നും അവൾ കൂട്ടിച്ചേർത്തു.

View post on Instagram

തങ്ങളുടെ മക്കളുടെ വിജയം കാണുമ്പോൾ മാതാപിതാക്കൾക്ക് ഉണ്ടാകുന്ന അഭിമാനമാണ് അവരുടെ കണ്ണിൽ തെളിഞ്ഞു കാണുന്നതെന്ന് പലരും എഴുതി. നവ്യക്ക് അഭിനന്ദനങ്ങൾ അറിയിച്ചും ഇനിയും ഉയരങ്ങൾ കീഴടക്കും എന്ന പ്രതീക്ഷകൾ പങ്കുവെച്ചും നിരവധി കമൻറുകൾ വന്നു. തങ്ങളും തങ്ങളുടെ മാതാപിതാക്കൾക്ക് ഇങ്ങനെയൊരു അഭിമാന നിമിഷം നൽകാൻ ആഗ്രഹിക്കുന്നു എന്ന് ചിലർ കുറിച്ചു. നേരത്തെ ഇതുപോലെ അച്ഛനും അമ്മയ്ക്കും സര്‍പ്രൈസായി സ്വന്തമായി വീടുവാങ്ങി അതിന്‍റെ താക്കോല്‍ നല്‍കുന്ന ഒരു മകന്‍റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.