ദുബായിലെ നഗരപ്രാന്തത്തിൽ ഒരു യുവതി വിചിത്ര ജീവിയെ കണ്ടെത്തിയതിന്‍റെ വീഡിയോ വൈറലായി. മുയലിന്‍റെയും മാനിന്‍റെയും സങ്കരയിനം എന്ന് തോന്നിക്കുന്ന ഈ മൃഗം യഥാർത്ഥത്തിൽ അർജന്റീനയിൽ നിന്നുള്ള പാറ്റഗോണിയൻ മാര എന്ന വലിയ എലിയാണെന്ന് പിന്നീട് തിരിച്ചറിഞ്ഞു.
ദുബായിലെ നഗരപ്രാന്ത പ്രദേശത്ത് അലഞ്ഞ് തിരിയുന്ന ഒരു വിചിത്ര ജീവിയെ കണ്ടെത്തിയെന്ന് യുവതി. മൃഗത്തിന്‍റെ വീഡിയോ തന്‍റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ യുവതി പങ്കുവച്ചു. മുയൽ, മാൻ, നായ തുടങ്ങിയ മൃഗങ്ങളുടെ സങ്കരയിനം പോലെയുള്ള ഒരു മൃഗമെന്നാണ് ലൂയിസ് സ്റ്റാർക്ക് അതിനെ വിശേഷിപ്പിച്ചത്. ഒറ്റ ദിവസം കൊണ്ട് 16 ലക്ഷം പേരാണ് ഇതിനകം വീഡിയോ കണ്ടത്.
ഹാരിപോർട്ടർ ബന്ധമുള്ള മൃഗം
ഓടുന്ന ഒരു കാറിൽ നിന്ന് ചിത്രീകരിച്ച വീഡിയോയാണ് ലൂയിസ് സ്റ്റാർക്ക് പങ്കുവച്ചത്. കാറിലൂടെ പോകുമ്പോൾ റോഡ് സൈഡിലെ പുൽത്തകിടിയിൽ ഇരിക്കുന്ന മൃഗങ്ങളുടെ വീഡിയോയായിരുന്നു അത്. ഒറ്റ നോട്ടത്തിൽ വലിയ മുയലുകളെ പോലെ തോന്നിക്കുന്ന മൂന്ന് മൃഗങ്ങളെ വീഡിയോയിൽ കാണാം. 'എന്താണത്? ദൈവമേ മുയലാണോ? എന്ന് ചോദിക്കുന്നതും വീഡിയോയിൽ കേൾക്കാം. ദുബായിലെ ക്രസന്‍റ് മൂൺ ലേക്കിന് സമീപമാണ് വീഡിയോ ചിത്രീകരിച്ചതെന്ന് സ്റ്റാർക്കി പറയുന്നു.
ക്രസന്റ് മൂൺ ലേക്കിന് പുറത്ത് ഒരു ബാർബിക്യൂവിലേക്ക് പോകുന്ന വഴിക്കാണ് താൻ ആ മൃഗങ്ങളെ കണ്ടെതെന്നും ധാരാളം ആളുകൾ പോകുന്ന ഒരു ജനപ്രിയ മരുഭൂമി സ്ഥലമാണതെന്നും അവർ കൂട്ടിച്ചേർത്തു. അതെന്താണ് ഹാരി പോട്ടർ മിശ്രിതത്തിലുണ്ടായതാണോ. ഇത് ഒരു ബണ്ണി മാൻ നായയാണോയെന്നും അവർ വീഡിയോ പങ്കുവച്ച് കൊണ്ട് കുറിച്ചു. ഓസ്‌ട്രേലിയയിലെ സിഡ്‌നിയിൽ നിന്നുള്ള സ്റ്റാർക്കി കഴിഞ്ഞ രണ്ട് വർഷമായി ദുബായിലാണ് താമസിക്കുന്നത്.
മുയലല്ല എലി
വീഡിയോ വൈറലായതിന് പിന്നാലെ മൃഗം ഏതെന്ന് വെളിപ്പെടുത്തി നിരവധി പേരാണ് കുറിപ്പെഴുതിയത്. അത് ഹാരിപോർട്ടറിൽ നിന്നും ഇറങ്ങിവന്ന നിഗൂഢ മൃഗമല്ലെന്നും പാറ്റഗോണിയൻ മാരയാണെന്നും നിരവധി പേർ ചൂണ്ടിക്കാണിച്ചു. "ഇതൊരു മാരയാണ്. അൽ മർമൂം മരുഭൂമി സംരക്ഷണ റിസർവിൽ ഏകദേശം 200 മാരകൾ ഉണ്ട്, ഉപേക്ഷിക്കപ്പെട്ട വളർത്തുമൃഗങ്ങളിൽ നിന്നും ഉണ്ടായതാണെന്ന് വിശ്വസിക്കപ്പെടുന്നു," എന്നൊരു ഉപയോക്താവ് കുറിച്ചു. അതൊരു മുയലല്ലെന്നും അർജന്റീനയിൽ നിന്നുള്ള ഒരു വലിയ കാട്ടു എലി, പാറ്റഗോണിയൻ മാറാ ആണെന്നും മറ്റൊരു കാഴ്ചക്കാരൻ വിശദീകരിച്ചു. 2020 മുതലാണ് അൽ ഖുദ്ര തടാകങ്ങൾക്ക് സമീപം അവയെ കാണാൻ തുടങ്ങിയെതെന്ന് മറ്റൊരു കാഴ്ചക്കാരൻ വ്യക്തമാക്കി.


