തരംഗമായ എഐ കാരിക്കേച്ചർ ചിത്രങ്ങൾ വലിയ സുരക്ഷാ ഭീഷണികൾ ഉയർത്തുന്നു. ചാറ്റ് ജിപിടിക്ക് ഫോട്ടോയ്‌ക്കൊപ്പം വ്യക്തിഗത വിവരങ്ങൾ നൽകുന്നത് ഡീപ് ഫേക്ക്, ആൾമാറാട്ടം, ഡാറ്റാ ദുരുപയോഗം എന്നിവയ്ക്ക് കാരണമായേക്കാമെന്ന് സൈബർ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

മൂഹ മാധ്യമങ്ങളിൽ പുതിയ തരംഗമായി മാറിയിരിക്കുകയാണ് ചാറ്റ് ജിപിടി ഉപയോഗിച്ചുള്ള 'എഐ കാരിക്കേച്ചർ' (AI Caricature) ചിത്രങ്ങൾ. സ്വന്തം ഫോട്ടോകൾ രസകരമായ കാർട്ടൂൺ രൂപങ്ങളാക്കി മാറ്റുന്ന ഈ ട്രെൻഡിൽ സാധാരണക്കാർ മുതൽ കേരളത്തിലെ മന്ത്രിമാർ വരെ പങ്കാളികളായിക്കഴിഞ്ഞു. എന്നാൽ, വിനോദത്തിനപ്പുറം ഇതിൽ ഒളിഞ്ഞിരിക്കുന്ന സുരക്ഷാ ഭീഷണികളെക്കുറിച്ച് സൈബർ വിദഗ്ധർ ഗൗരവകരമായ മുന്നറിയിപ്പ് നൽകുന്നു.

എന്താണ് ഈ പുതിയ ട്രെൻഡ്?

നിങ്ങളുടെ ഒരു ഫോട്ടോ ചാറ്റ് ജിപിടിയിൽ അപ്‌ലോഡ് ചെയ്ത്, നിങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ വെച്ച് ഒരു കാരിക്കേച്ചർ നിർമ്മിക്കാൻ ആവശ്യപ്പെടുന്നതാണ് രീതി. വെറുമൊരു ഫോട്ടോ എഡിറ്റിംഗിന് അപ്പുറം, വ്യക്തിയുടെ ജോലി, ഹോബികൾ, സ്വഭാവ സവിശേഷതകൾ എന്നിവ കൂടി ഉൾപ്പെടുത്തിയാണ് എഐ ഈ ചിത്രങ്ങൾ തയ്യാറാക്കുന്നത്. മന്ത്രിമാരായ വി. ശിവൻകുട്ടി, കെ.ബി. ഗണേഷ് കുമാർ, വി.എൻ. വാസവൻ തുടങ്ങിയവർ ഇത്തരത്തിൽ തയ്യാറാക്കിയ ചിത്രങ്ങൾ പങ്കുവെച്ചത് വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടു.

വിദഗ്ധർ നൽകുന്ന മുന്നറിയിപ്പുകൾ

ഈ ട്രെൻഡ് വലിയ അപകടങ്ങൾക്ക് വഴിവെച്ചേക്കാമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഈ ട്രെൻഡിന്‍റെ ഭാഗമാകുമ്പോൾ വെറുമൊരു ഫോട്ടോ മാത്രമല്ല നിങ്ങൾ നൽകുന്നത്. മികച്ചൊരു ചിത്രം ലഭിക്കുന്നതിനായി നിങ്ങളുടെ ജോലി, താല്പര്യങ്ങൾ, കുടുംബം, ജീവിതരീതി തുടങ്ങിയ സ്വകാര്യ വിവരങ്ങൾ കൂടി ചാറ്റ് ജിപിടിക്ക് നൽകുന്നു. ഇതിലെ അപകടസാധ്യതകളെക്കുറിച്ച് 'ടെക്നോബെസ്' (Technobezz) റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്:

വിവരങ്ങളുടെ ശേഖരണം

ഒരു ചിത്രത്തോടൊപ്പം ഇത്രയധികം സ്വകാര്യ വിവരങ്ങൾ നൽകുമ്പോൾ, നിങ്ങളുടെ പേരും വ്യക്തിത്വവും ഈ വിവരങ്ങളുമായി ബന്ധിപ്പിക്കാൻ എഐക്ക് എളുപ്പത്തിൽ സാധിക്കുന്നു. മുഖത്തിന്‍റെ കൃത്യമായ അളവുകളും സവിശേഷതകളും എഐ വിശകലനം ചെയ്യുന്നത് ഭാവിയിൽ ഡീപ് ഫേക്ക് (Deepfake) വീഡിയോകൾ നിർമ്മിക്കാനും ആൾമാറാട്ടം നടത്താനും ദുരുപയോഗം ചെയ്യപ്പെടാം.

പ്രൊഫൈലിംഗ്

നിങ്ങൾ പോലുമറിയാതെ നിങ്ങളുടെ സ്വഭാവത്തെയും ജീവിതത്തെയും കുറിച്ചുള്ള ഒരു കൃത്യമായ രൂപരേഖ (Profile) നിർമ്മിക്കാൻ കമ്പനികൾക്ക് ഇത് സഹായകരമാകും. കൂടുതൽ കൃത്യമായ ചിത്രം ലഭിക്കാൻ വേണ്ടി ഉപയോക്താക്കൾ സ്വന്തം വ്യക്തിവിവരങ്ങൾ ചാറ്റ് ജിപിടിക്ക് നൽകുന്നത് ഡാറ്റാ ചോർച്ചയ്ക്കും കാരണമായേക്കാം.

പരസ്യങ്ങൾക്കായി ഉപയോഗിക്കാം

ഭാവിയിൽ കമ്പനിയുടെ നയങ്ങളിൽ മാറ്റം വന്നാൽ, ഈ വിവരങ്ങൾ നിങ്ങളെ ലക്ഷ്യം വെച്ചുള്ള പരസ്യങ്ങൾക്കോ മറ്റ് ബിസിനസ്സ് ആവശ്യങ്ങൾക്കോ ഉപയോഗിക്കപ്പെട്ടേക്കാം. ഉപയോക്താക്കൾ അപ്‌ലോഡ് ചെയ്യുന്ന ഫോട്ടോകൾ പിന്നീട് എഐ മോഡലുകളെ പരിശീലിപ്പിക്കാനായി കമ്പനികൾ ഉപയോഗിച്ചേക്കാം. ഒരിക്കൽ ഇന്‍റർനെറ്റിൽ പങ്കുവെക്കപ്പെടുന്ന വിവരങ്ങൾ എന്നെന്നേക്കുമായി അവിടെ അവശേഷിക്കുന്നു.

ചുരുക്കത്തിൽ, തമാശയ്ക്കായി നൽകുന്ന ഈ വിവരങ്ങൾ ഡിജിറ്റൽ ലോകത്ത് നിങ്ങളുടെ സുരക്ഷയെ ബാധിച്ചേക്കാം. അതുകൊണ്ട് ഇത്തരം കാര്യങ്ങൾ പങ്കുവെക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കുക. ഇത്തരം ട്രെൻഡുകളിൽ പങ്കുചേരുമ്പോൾ വ്യക്തിഗത വിവരങ്ങൾ പരമാവധി നൽകാതിരിക്കാൻ ശ്രദ്ധിക്കണം. സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും മുൻഗണന നൽകിക്കൊണ്ട് മാത്രമേ പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗിക്കാവൂവെന്നാണ് സൈബർ സുരക്ഷാ വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്.