വിമാന യാത്രയ്ക്കിടെ കാബിന്‍ ക്രൂ അംഗങ്ങൾക്ക തലക്കറക്കവും ഛർദ്ദിയും അനുഭവപ്പെട്ടു. പിന്നാലെ ഏതാണ്ട് അഞ്ചോളം യാത്രക്കാര്‍ക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. 

ണ്ടനില്‍ നിന്ന് മുംബൈയ്ക്ക് പറക്കുകയായിരുന്ന എയർ ഇന്ത്യയിലെ അഞ്ച് യാത്രക്കാര്‍ക്കും രണ്ട് കാബന്‍ ക്രൂ അംഗത്തിനും ദേഹാസ്വാസ്ഥ്യം. അതേസമയം നിരവധി യാത്രക്കാര്‍ക്ക് ഛർദ്ദിയും തലക്കറക്കവും അനുഭവപ്പെട്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ലണ്ടനില്‍ നിന്നും മുംബൈയ്ക്ക് പറക്കുകയായിരുന്ന എയര്‍ ഇന്ത്യയുടെ എഐ 130 ഫ്ലൈറ്റിലെ യാത്രക്കാര്‍ക്കാണ് ഭക്ഷ്യവിഷബാധയെ തുടർന്നുള്ള ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

11 യാത്രക്കാർക്കും ആറ് കാബിന്‍ ക്രൂ അംഗങ്ങള്‍ക്കും ഭക്ഷ്യവിഷബാധയുണ്ടായെന്നാണ് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍, അഞ്ച് യാത്രക്കാർക്കും രണ്ട് കാബിന്‍ ക്രൂ അംഗങ്ങൾക്കും മാത്രമാണ് ഭക്ഷ്യവിഷബാധ റിപ്പോര്‍ട്ട് ചെയ്തതെന്ന് വിമാന അധിക‍ൃതര്‍ പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. വിമാനം മുംബൈയില്‍ ഇറങ്ങുമ്പോഴേക്കും രണ്ട് യാത്രക്കാരും രണ്ട് കാബിന്‍ ക്രൂ അംഗങ്ങളും രോഗബാധിതരായിരുന്നെന്നും വിമാനം ലാന്‍റ് ചെയ്തതിന് പിന്നാലെ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. ഇവരെ പിന്നീട് ഡിസ്ചാര്‍ജ്ജ് ചെയ്തു.

യാത്രക്കാര്‍ക്കും കാബിന്‍ ക്രൂ അംഗങ്ങൾക്കും ഒരു പോലെ ഭക്ഷ്യവിഷബാധയുണ്ടാകാനുള്ള കാരണം അന്വേഷിക്കുകയാണെന്ന് വിമാനക്കമ്പനി അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. വിമാനത്തിലെ മര്‍ദ്ദവ്യതിയാനമാണ് കാരണമെന്ന് കരുതിയെങ്കിലും ഭക്ഷ്യവിഷബാധയാകാനാണ് സാധ്യതയെന്ന് അധികൃതർ പറഞ്ഞതായും റിപ്പോര്‍ട്ടിൽ പറയുന്നു.

എയർ ഇന്ത്യ പിന്നീട് പുറത്തിറക്കിയ കുറിപ്പിൽ ലണ്ടനിലെ ഹീത്രൂവില്‍ നിന്നും മുംബൈയിലേക്കുള്ള എഐ 130 ഫ്ലൈറ്റിലെ അഞ്ച് യാത്രക്കാര്‍ക്കും രണ്ട് കാബിന്‍ക്രൂ അംഗങ്ങൾക്കും ഛർദ്ദിയും തലകറക്കവും അനുഭവപ്പെട്ടെന്ന് വിശദമാക്കി. വിമാനം മുംബൈയില്‍ സുരക്ഷിതമായി ഇറങ്ങി. പിന്നാലെ മെഡിക്കൽ സംഘം യാത്രക്കാരെയും കാബിന്‍ ക്രൂ അംഗങ്ങളെയും പരിശോധിച്ചെന്നും ഇതില്‍ രണ്ട് യാത്രക്കാരെയും രണ്ട് കാബിന്‍ ക്രൂ അംഗങ്ങളയും വിശദ പരിശോധനയ്ക്ക് ആശുപത്രിയിലേക്ക് കൊണ്ട് പോയി. ഇവരെ പിന്നീട് ഡിസ്ചാര്‍ജ്ജ് ചെയ്തെന്നും എയര്‍ ഇന്ത്യയുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.