അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ, ബ്രിട്ടീഷ് യുവതിയെ സ്വന്തം പിതാവ് വെടിവച്ചുകൊന്നു. തോക്ക് കാണിക്കുന്നതിനിടെ അബദ്ധത്തിൽ വെടിപൊട്ടിയതാണെന്ന് പിതാവ്. കോടതിയുടെ അന്തിമ വിധി ബുധനാഴ്ച.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെക്കുറിച്ചുള്ള തർക്കത്തിനൊടുവിൽ ബ്രിട്ടീഷ് യുവതിയെ സ്വന്തം പിതാവ് വെടിവെച്ചുകൊന്നു. ബ്രിട്ടനിലെ വാറിംഗ്ടൺ സ്വദേശിനിയും ഫാഷൻ ബയറുമായ ലൂസി ഹാരിസൺ എന്ന 23 -കാരിയാണ് കൊല്ലപ്പെട്ടത്. ടെക്സസിൽ താമസിക്കുന്ന പിതാവ് ക്രിസ് ഹാരിസണെ സന്ദർശിക്കാൻ എത്തിയതായിരുന്നു ലൂസി. സംഭവത്തിൽ ചെഷയർ കൊറോണർ കോടതിയിൽ നടന്ന അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.
ലൂസിയുടെ പങ്കാളി ലിറ്റ്‌ലർ കോടതിയിൽ നൽകിയ മൊഴി പ്രകാരം, സംഭവദിവസം രാവിലെ ഡൊണാൾഡ് ട്രംപിനെച്ചൊല്ലി പിതാവും മകളും തമ്മിൽ വലിയ വാഗ്വാദം നടന്നിരുന്നു. രാഷ്ട്രീയ ചർച്ചയ്ക്കിടെ സ്ത്രീകളോടുള്ള ട്രംപിന്റെ സമീപനത്തെക്കുറിച്ച് ലൂസി ചോദ്യം ഉന്നയിച്ചു. 'ലൈംഗികമായി അതിക്രമിക്കപ്പെട്ട ഒരു പെൺകുട്ടി ഞാനായിരുന്നെങ്കിൽ നിങ്ങൾക്ക് എന്ത് തോന്നുമായിരുന്നു?' എന്നായിരുന്നു ഒടുവിൽ ലൂസിയുടെ ചോദ്യം. 'എനിക്ക് മറ്റ് രണ്ട് പെൺമക്കൾ കൂടിയുണ്ട്, അതുകൊണ്ട് എന്നെ അത് അത്രയൊന്നും ബാധിക്കില്ല' എന്നായിരുന്നു ക്രിസ് ഹാരിസന്റെ മറുപടി.
ഈ മറുപടി ലൂസിയെ വല്ലാതെ വിഷമിപ്പിക്കുകയും അവൾ കരഞ്ഞുകൊണ്ട് മുറിയിലേക്ക് ഓടിപ്പോയതായും ലിറ്റ്‌ലർ കോടതിയിൽ പറഞ്ഞു. അന്ന് തന്നെ ഉച്ചയ്ക്ക് ലൂസി വിമാനത്താവളത്തിലേക്ക് പോകാൻ തയ്യാറെടുക്കുന്നതിനിടെയാണ് ദാരുണമായ സംഭവം നടന്നത്. തോക്ക് കാണിക്കാനായി ക്രിസ് മകളെ കിടപ്പുമുറിയിലേക്ക് വിളിച്ചുകൊണ്ടുപോയി. പിന്നാലെയാണ് കൊലപാതകം നടക്കുന്നത്. തന്റെ പക്കലുള്ള ഗ്ലോക്ക് 9mm തോക്ക് കാണിക്കാനായി ഉയർത്തിയപ്പോൾ അബദ്ധത്തിൽ വെടിപൊട്ടിയെന്നാണ് പിതാവിന്റെ വാദം. താൻ മദ്യപാനത്തിന് ചികിത്സ തേടിയിരുന്ന വ്യക്തിയാണെന്നും, അന്ന് വികാരാധീനനായി അര ലിറ്റർ വൈൻ കുടിച്ചിരുന്നതായും ക്രിസ് കോടതിയിൽ സമ്മതിച്ചു.
വെടിയൊച്ച കേട്ട് ഓടിയെത്തിയ ലിറ്റ്‌ലർ കാണുന്നത് രക്തത്തിൽ കുളിച്ചു കിടക്കുന്ന ലൂസിയെയും അലറിക്കരയുന്ന ക്രിസിനെയുമാണ്. മാരകമായി പരിക്കേറ്റ ലൂസി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ക്രിസ് ഹാരിസൺ നേരിട്ട് കോടതിയിൽ ഹാജരായില്ലെങ്കിലും തന്റെ അഭിഭാഷകൻ മുഖേന പ്രസ്താവന നൽകി. 'സ്വന്തം പ്രവൃത്തിയുടെ ആഘാതം താൻ പൂർണ്ണമായും ഏറ്റെടുക്കുന്നുവെന്നും, മകളുടെ വേർപാടിന്റെ ഭാരം ജീവിതകാലം മുഴുവൻ വേട്ടയാടുമെന്നും' ഇയാൾ കോടതിയെ അറിയിച്ചു. കേസിൽ കോടതിയുടെ അന്തിമ വിധി ബുധനാഴ്ചയുണ്ടാകും.
