ഐഐടി ബോംബെയിലെ ഒരു ക്ലാസ് മുറിയിൽ ഡെസ്കിന് മുകളിൽ ആത്മവിശ്വാസത്തോടെ കയറി നിൽക്കുന്ന നായയുടെ വീഡിയോയാണ് ഇപ്പോള് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ‘ഡോഗേഷ് ഭായി’യുടെ വീഡിയോയ്ക്ക് കമന്റുകളുമായി അനേകങ്ങളാണ് വരുന്നത്.
നായകളുടെ വീഡിയോയ്ക്ക് ഫേസ്ബുക്കിൽ കാഴ്ച്ചക്കാർ അനവധിയാണ്. പലപ്പോഴും 'ഡോഗേഷ് ഭായ്' എന്നാണ് നെറ്റിസൺസ് ഇതിന് ക്യാപ്ഷനും കമന്റുകളും നൽകാറ്. അതുപോലെ, ഒരു വീഡിയോയാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. ഐഐടി ബോംബെയിൽ നിന്നുമാണ് കൗതുകമുണർത്തുന്ന ഈ കാഴ്ച പകർത്തിയിരിക്കുന്നത്. ക്ലാസ് മുറിയിലെ ഡെസ്കിന് മുകളിൽ വളരെ ആത്മവിശ്വാസത്തോടെ കയറി നിൽക്കുന്ന ഒരു നായയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ആളുകളെ ചിരിപ്പിച്ചത്.
ജയ്സ്വാൾ എന്ന യൂസർ പങ്കുവെച്ച വീഡിയോയിൽ, ക്ലാസ് മുറിയിലെ ബഹളങ്ങളൊന്നും വകവെക്കാതെ, താൻ ആ ക്ലാസിലെ സ്ഥിരം സാന്നിധ്യമാണെന്ന ഭാവത്തിലാണ് നായ നിൽക്കുന്നത്. 'ഒടുവിൽ ഡോഗേഷ് ഭായിക്ക് ഐഐടി ബോംബെയിൽ ഒരു സീറ്റ് കിട്ടി' എന്ന രസകരമായ അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
വീഡിയോ വൈറലായതോടെ രസകരമായ കമന്റുകളുമായി നെറ്റിസൺസ് രംഗത്തെത്തി. ഐഐടി പ്രവേശന പരീക്ഷയായ JEE കടമ്പ കടക്കാൻ കഷ്ടപ്പെടുന്നവരെയും നിലവിൽ പഠിക്കുന്നവരെയുമെല്ലാം ട്രോളിക്കൊണ്ടാണ് പല കമന്റുകളും. 'എന്നെക്കാൾ മുൻപേ ഡോഗേഷ് ഭായ് ഐഐടി ക്രാക്ക് ചെയ്തു' എന്നായിരുന്നു ഒരാളുടെ കമന്റ്. 'ക്ലാസിലെ പകുതി കുട്ടികളെക്കാൾ ആത്മവിശ്വാസം ഈ കക്ഷിക്കുണ്ട്' എന്ന് മറ്റൊരാൾ കുറിച്ചു. 'അറ്റൻഡൻസിന് വേണ്ടി കാത്തുനിൽക്കുകയാണോ?' എന്നും 'ഇവനായിരിക്കും ഈ ബാച്ചിലെ യഥാർത്ഥ ടോപ്പർ' എന്നും കമന്റ് നൽകിയവരുണ്ട്.
ചിലരാകട്ടെ നായയുടെ ഗൗരവം കണ്ടിട്ട് 'ഇവനെങ്കിലും ക്ലാസ് ശ്രദ്ധിക്കുന്നുണ്ടല്ലോ' എന്നാണ് പറഞ്ഞത്. വൈവ പരീക്ഷാ സമയത്ത് തനിക്ക് പോലും ഇത്രയും ധൈര്യം ഉണ്ടാകാറില്ലെന്ന് മറ്റ് ചില വിദ്യാർത്ഥികൾ കമന്റ് നൽകി. എന്തായാലും ഐഐടി ക്യാമ്പസിലെ ഈ പുതിയ 'വിദ്യാർത്ഥി' ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം തന്നെയാണ്.
