ചൈനയിൽ 'കൊഴുത്ത ജയിലുകൾ' എന്നറിയപ്പെടുന്ന വെയ്റ്റ് ലോസ് ക്യാമ്പുകൾ വ്യാപകമാകുന്നു. ശരീരഭാരം കുറയ്ക്കാൻ പണം നൽകി ചേരുന്നവർക്ക് കർശനമായ വ്യായാമവും ഭക്ഷണക്രമവുമാണ് ഇത്തരം ജയിലുകളിൽ ഉള്ളത്. ജയിലിന് സമാനമായ നിയമങ്ങളുള്ള ഈ ക്യാമ്പുകളിലുള്ളത്. 

ചൈനയിലെ 'കൊഴുത്ത ജയിലു'കളെ (fat prison) കുറിച്ച് കേട്ടിട്ടുണ്ടോ? ശരീര ഭാരം കൂടിയവർ പണം നൽകി ചേരുന്ന കൊഴുത്ത ജയിലുകൾ ചൈനയിൽ വ്യാപകമാകുന്നുവെന്ന് റിപ്പോര്‍ട്ട്. ശരീരഭാരം കുറയ്ക്കാനും വ്യായാമം ചെയ്യാനും കർശനമായ ഭക്ഷണക്രമം പാലിക്കാനുമായി അവർ ഒരു മാസത്തോളം ഇത്തരം കൊഴുത്ത ജയിലുകളിൽ കഴിയുന്നു. ഇത്തരം തടിച്ച ജയിലുകളിലെ തടവുകാർ കർശനമായ മേൽനോട്ടത്തിൽ ദിവസത്തിൽ 12 മണിക്കൂർ വ്യായാമം ചെയ്യുന്നു. ഒപ്പം ജയിലിന് പുറത്തിറങ്ങാൻ ഇവർക്ക് അനുമതിയില്ല. ജയിൽ കഴിയുന്ന കാലത്തോളം അതിന് അകത്ത് തന്നെ ജീവിക്കണമെന്നാണ് വ്യവസ്ഥ. ഈ കർശന വ്യവസ്ഥകൾ നിലനിൽക്കുന്നത് കൊണ്ടാണ് അവയെ 'ഫാറ്റ് പ്രിസണ്‍' എന്ന് വിളിക്കുന്നത്.

അപകടകരമായേക്കാവുന്ന വേഗത്തിലുള്ള ശരീരഭാരം കുറയ്ക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനായി ആരംഭിച്ച ഇത്തരം ക്യാമ്പുകളിലേക്ക് വലിയ തോതിൽ ആളുകൾ എത്തിച്ചേരുന്നുവെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. ശരീരഭാരം പെട്ടെന്ന് കുറയ്ക്കാനും കുറച്ച ഭാരം അതുപടി നിലനി‍ർത്താനുമാണ് കൂടുതൽ പേരും തടിച്ച ജയിലുകൾ തേടിയെത്തുന്നത്. ചൈനയിൽ നിന്ന് മാത്രമല്ല. ലോകത്തിന്‍റെ പല ഭാഗത്ത് നിന്നും ശരീര ഭാരം കുറയ്ക്കാനായി ആളുകൾ ഈ കൊഴുത്ത ജയിലുകൾ തേടിയെത്തുന്നു. സാധാരണ ജയിലുകൾക്ക് സമാനമായി പ്രവ‍ർത്തിക്കുന്നതിനാലാണ് ഇവയെ ഫാറ്റ് പ്രിസൺ എന്ന് വിളിക്കുന്നത്.

View post on Instagram

ശിക്ഷ രീതികൾ

ഇൻസ്റ്റാഗ്രാമിൽ 'എഗ്ഗീറ്റ്സ്' എന്ന് അറിയപ്പെടുന്ന ഒരു ഓസ്‌ട്രേലിയൻ ഇന്‍റഫ്ലുവൻസർ, ചൈനയിലെ അത്തരമൊരു തടിച്ച ജയിലിലെ തന്‍റെ അനുഭവങ്ങൾ വെളിപ്പെടുത്തുന്നു. എഗ്ഗീറ്റ്സിന്‍റെ കൊഴുത്ത ജയിലിൽ നിന്നുള്ള വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. കൊഴുത്ത ജയിലിലെ തടവുകാർ പിന്തുടരേണ്ട ശിക്ഷാ ഷെഡ്യൂളിനെ കുറിച്ചും അവ‍ർ തന്‍റെ വീഡിയോകളിലൂടെ വെളിപ്പെടുത്തുന്നു. ഓസ്‌ട്രേലിയയിലെ ഉയർന്ന ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് ചൈനയിലേക്ക് താമസം മാറിയതാണ് എഗ്ഗീറ്റ്സ്. താനൊരു വലിയ പ്രതിസന്ധിയിൽ കുടുങ്ങിയെന്നാണ് ഇതേ കുറിച്ച് 28 -കാരിയായ എഗ്ഗീറ്റ്സ് പറയുന്നത്. ക്യാമ്പിൽ രണ്ടാഴ്ച താമസിച്ചതിലൂടെ തനിക്ക് 4 കിലോ കുറയ്ക്കാൻ സാധിച്ചെന്നും അവ‍ർ അവകാശപ്പെട്ടു.

ജയിലിലെ ഭക്ഷണം

രാവിലെ 7.30 ന് അലാറം മുഴങ്ങുന്നതോടെ ചൈനയിലെ തടിച്ച ജയിലിനുള്ളിലെ ജീവിതം ആരംഭിക്കും. രാവിലെ 8 മണിയോടെ എല്ലാ തടവുകാരുടെയും ഭാരം അളക്കും. രാവിലെ 9.20 നും 10.30 നും ഇടയിൽ, അവർക്ക് കർശനമായ എയറോബിക്‌സ് ക്ലാസ് ഉണ്ടായിരിക്കും. പിന്നാലെ 11.15 ന് ആദ്യത്തെ ഭക്ഷണം ലഭിക്കും. പ്രഭാത ഭക്ഷണത്തിൽ സാധാരണയായി നാല് മുട്ട, പകുതി തക്കാളി, ഒരു കഷ്ണം ബ്രെഡ്, കുറച്ച് വെള്ളരി എന്നിവ മാത്രമായിരിക്കും ഉണ്ടാവുക. ഭക്ഷണത്തിന് പിന്നാലെ തടവുകാർ കാർഡിയോയിൽ നിന്ന് ഭാരോദ്വഹനം ചെയ്യും. ഉച്ചയ്ക്ക് 2.50 മുതൽ 4 വരെ അവർക്ക് ഭാരോദ്വഹന ക്ലാസ് ഉണ്ടായിരിക്കും. അതിന് ശേഷമായിരിക്കും ഭക്ഷണം. തുടർന്ന് ഏകദേശം രണ്ട് മണിക്കൂർ നീണ്ടുനിൽക്കുന്ന തീവ്രത പരിശീലനവും സ്പിൻ ക്ലാസുകളും നടക്കും. രാത്രിയിലെ ഭക്ഷണത്തിന് ശേഷം തടവുകാരുടെ തൂക്കം വീണ്ടുമെടുക്കും. അതിന് ശേഷമാണ് ഉറങ്ങാനുള്ള സമയം.

View post on Instagram

ഉയർന്ന ഫീസ്

കൊഴുത്ത തടവറയിൽ വെയ്റ്റ് ലോസ് പ്രോഗ്രാമിൽ ചേരുന്നവർ ഏകദേശം 1,000 ഡോളർ (ഏകദേശം 90,000 രൂപ) ഫീസ് നൽകണം. താമസവും ഭക്ഷണവും മറ്റ് ക്ലാസുകൾക്കുമെല്ലാമാണ് ഇത്രയും തുക ഫീസായി നൽകുന്നത്. അഞ്ച് കിടക്കകളുള്ള ഡോർമിറ്ററിയിലെ ഒരു കിടക്കയാണ് തടവുകാർക്ക് ലഭിക്കുക. അതേസമയം ഇത്തരം തടവറകൾ നടത്തുന്നവർക്ക് സ്വീകാര്യമായ ഒരു കാരണം ലഭിക്കാതെ ആരെയും പുറത്ത് വിടില്ല. അതായത് പാതി വഴിയിൽ ഇട്ടിട്ട് പോകാൻ പറ്റില്ലെന്ന് തന്നെ. ഇതു കാരണമാണ് ഇത്തരം വെയ്റ്റ് ലോസ് സെന്‍ററുകളെ ഫാറ്റ് പ്രിസൺ എന്ന് വിളിക്കുന്നതും. ആരും ചാടിപ്പോകാതിരിക്കാൻ ക്യാമ്പിന് ചുറ്റും ഉയർന്ന വേലികളുണ്ടെന്നും ആളുകൾ രക്ഷപ്പെടുന്നത് തടയാൻ ഗേറ്റുകൾ പൂട്ടിയിടുമെന്നും എഗ്ഗീറ്റ്സ് വിശദീകരിക്കുന്നു. ആളുകൾ ഭക്ഷ്യവസ്തുക്കൾ ഒളിച്ച് കടത്തുന്നില്ലെന്ന് ഉറപ്പിക്കാൻ ഉദ്യോഗസ്ഥർ ലഗേളുകൾ അരിച്ച് പരിശോധിച്ച ശേഷം മാത്രമേ അകത്ത് കയറ്റിവിടുകയൊള്ളൂ.