ചർച്ച് സ്ട്രീറ്റിൽ ക്രിസ്മസ് സാധനങ്ങൾ വിൽക്കുന്നതിനിടയിൽ ഗൃഹപാഠം ചെയ്യുന്ന പെൺകുട്ടിയുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറൽ. അഭിനവ് എന്നയാൾ പങ്കുവെച്ച ഹൃദയസ്പർശിയായ ദൃശ്യം, പെൺകുട്ടിയുടെ കഠിനാധ്വാനത്തെയും പഠിക്കാനുള്ള ആഗ്രഹത്തെയും നിരവധി പേർ അഭിനന്ദിച്ചു.
തനിക്ക് മുന്നിലൂടെ നടന്ന് പോകുന്നരെ കുറിച്ച് അവൾ ആലോചിക്കുന്നേയില്ല. മുന്നിൽ നിരത്തി വച്ച ക്രിസ്മസ് സാധനങ്ങൾ വാങ്ങാനായി ആരെങ്കിലും ഒന്ന് നിൽക്കുമ്പോൾ മാത്രമാണ് അവൾ തലയുയർത്തി നോക്കുക. അതുവരെ തന്‍റെ മടിയിൽ ഇരിക്കുന്ന പുസ്തകത്തിലായിക്കും അവളുടെ ശ്രദ്ധ മുഴുവനും. സംഗതി മറ്റെവിടെയുമല്ല. ബെംഗളൂരു നഗരത്തിൽ നിന്നുള്ളതാണ്. അഭിനവ് എന്ന എക്സ് ഹാൻറിലിൽ നിന്നും പങ്കുവയ്ക്കപ്പെട്ട ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലായി. പലരും ആ കാഴ്ച കണ്ട് വേദന തോന്നിയെന്നായിരുന്നു കുറിച്ചത്.
പഠനം ഒപ്പം ജോലിയും
ബെംഗളൂരുവിലെ ചർച്ച് സ്ട്രീറ്റിലാണ് ഗൃഹപാഠം ചെയ്തുകൊണ്ട് ക്രിസ്മസ് സാധനങ്ങൾ വിൽക്കുന്ന ഒരു പെൺകുട്ടി ഇരുന്നിരുന്നത്. നഗരത്തിലെ ഏറ്റവും തിരക്കേറിയ സ്ഥലത്ത് നിന്നുള്ള ഹൃദയസ്പർശിയായ ദൃശ്യം സമൂഹ മാധ്യമ ഉപയോക്താക്കളെ ഏറെ ആകർഷിച്ചു. ചർച്ച് സ്ട്രീറ്റിൽ ഒരു പെൺകുട്ടി തന്റെ ഗൃഹപാഠം പൂർത്തിയാക്കുന്നതിനിടെ ക്രിസ്മസ് സാധനങ്ങൾ വിൽക്കുന്നത് കണ്ടു. ജീവിതം കഠിനമാണ്, നിങ്ങളുടെ വിദ്യാഭ്യാസത്തിന് നന്ദിയുള്ളവരായിരിക്കുകയെന്ന കുറിപ്പോടെയാണ് അഭിനവ് ചിത്രം പങ്കുവച്ചത്. പതിനായിരക്കണക്കിന് കാഴ്ചക്കാരെ നേടിയ ചിത്രത്തിന് താഴെ നിരവധി പേർ വൈകാരിക കുറിപ്പുമായെത്തി.
വൈകാരിക കുറിപ്പുകൾ
ചിത്രത്തിന് താഴെ നിരവധി പേരാണ് വൈകാരിക കുറിപ്പുമായെത്തിയത്. ആഗ്രഹിച്ചത് ലഭിക്കാതിരിക്കുമ്പോൾ കുറ്റപ്പെടുത്തുന്നതിന് പകരം ലഭിച്ച സുഖസൗകര്യങ്ങളെ കുറിച്ച് ദൈവത്തിന് നന്ദി പറയുകയെന്നായിരുന്നു ഒരു കാഴ്ചക്കാരൻ എഴുതിയത്. ജീവിതം ചിലരോട് വളരെ അന്യായമായി പെരുമാറുന്നുവെന്ന് ഒരു കാഴ്ചക്കാരനെഴുതി. സമൂഹ മാധ്യങ്ങളിൽ വൈകാരികമായി പ്രതികരിക്കാതെ ആ കുട്ടിയിൽ നിന്നും എന്തെങ്കിലും വാങ്ങി അവളെ സഹായിക്കൂവെന്നായിരുന്നു മറ്റൊരു കാഴ്ചക്കാരൻ കുറിച്ചത്. അതേസമയം മറ്റ് ചിലർ ജോലി ചെയ്ത് കുടുംബത്തെ സഹായിക്കുമ്പോഴും അവൾക്ക് പഠിക്കാൻ താത്പര്യമുണ്ടെന്നും അത് അഭിനന്ദനാർഹമാണെന്നും കുറിച്ചു.


