രാജ്യാന്തര പാരാ സ്വിമ്മിങ് മത്സരങ്ങളിൽ ശ്രദ്ധേയമായ നേട്ടവുമായി രാജ്യത്തിന് അഭിമാനമായി മാറുകയാണ് ആസിം വെളിമണ്ണ. ഇക്കഴിഞ്ഞ സെപ്റ്റംബറിൽ സിങ്കപ്പൂരിൽ നടന്ന ലോക പാരാ സ്വിമ്മിങ് ചാമ്പ്യൻഷിപ്പിലടക്കം മത്സരിച്ച ആസിമിന്‍റെ അടുത്ത ലക്ഷ്യം ഒളിംപിക്സാണ്.
കോഴിക്കോട്ടുക്കാരൻ മുഹമ്മദ് ആസിം വെളിമണ്ണ, പരിമിതികളെയും വെല്ലുവിളികളെയും അവസരങ്ങളാക്കി രാജ്യത്തിന്‍റെ അഭിമാനമായി മാറിയ മലയാളി. ആത്മവിശ്വാസത്തിന്‍റെയും കഠിനാധ്വാനത്തിന്‍റെയും നിശ്ചയദാര്‍ഢ്യത്തിന്‍റെയും പര്യായമായ ആസിം തന്‍റെ വലിയ സ്വപ്നങ്ങള്‍ കീഴടക്കാനുള്ള ജൈത്രയാത്ര തുടരുകയാണ്. പെരിയാറിൽ നിന്ന് തുടങ്ങിയ ആ 'നീന്തൽ യാത്ര' ഇന്ന് ചെന്നെത്തിയിരിക്കുന്നത് ലോകത്തിന്‍റെ നെറുകയിലാണ്. സിങ്കപ്പൂരിൽ സെപ്റ്റംബറിൽ നടന്ന ലോക പാരാ സ്വിമ്മിങ് ചാമ്പ്യൻഷിപ്പിൽ എസ്-2 വിഭാഗത്തിൽ മികച്ച ലോക താരങ്ങള്‍ക്കൊപ്പം ഫൈനലിൽ മത്സരിച്ച് സ്വര്‍ണത്തോളം തിളക്കമുള്ള ഏഴാം സ്ഥാനമാണ് ആസിം നേടിയത്. ലോക പാരാ സ്വിമ്മിങ് ചാമ്പ്യൻഷിപ്പിൽ എസ്-2 വിഭാഗത്തിൽ ഫൈനലിലെത്തിയ ആദ്യ ഇന്ത്യക്കാരനാണ് ആസിം. ഈ നേട്ടത്തോടെ അടുത്തവര്‍ഷം ഒക്ടോബറിൽ ജപ്പാനിൽ നടക്കുന്ന ഏഷ്യൻ പാരാ ഗെയിംസിൽ രാജ്യത്തെ പ്രതിനിധീകരിച്ച് മത്സരിക്കാനുള്ള യോഗ്യതയും ആസിം നേടി. ഇക്കഴിഞ്ഞ മെയിൽ പാരീസിൽ നടന്ന പാര സ്വിമ്മിങ് വേള്‍ഡ‍് സീരിസിൽ എസ്-2 വിഭാഗത്തിൽ ഇന്ത്യയ്ക്കുവേണ്ടി മത്സരിച്ച് ഇൻറര്‍നാഷണൽ ക്ലാസിഫിക്കേഷൻ നേടിയാണ് സിങ്കപ്പൂരിലെ മത്സരത്തിന് ആസിം യോഗ്യത നേടുന്നത്.
2026ലെ ഏഷ്യൻ പാരാ ഗെയിംസിനുശേഷം കോമണ്‍വെൽത്ത് പാരാ ഗെയിംസ്, 2028ൽ അമേരിക്കയിലെ ലോസ് ആഞ്ചലസിൽ നടക്കുന്ന പാരാ ഒളിംപിക്സ് തുടങ്ങിയ രാജ്യാന്തര മത്സരങ്ങള്‍ക്കായി ഒരുങ്ങുകയാണിപ്പോള്‍ ആസിം. പാരാ സ്വിമ്മിങിൽ എസ്-2 വിഭാഗത്തിൽ ഏഷ്യൻ റാങ്കിങിൽ രണ്ടാം സ്ഥാനത്താണ് നിലവിൽ ആസിം. തോൽക്കില്ലെന്ന് മനസിലുറപ്പിച്ച് മറ്റു പ്രതിബന്ധങ്ങളെല്ലാം തരണം ചെയ്ത് ലോക നീന്തൽ വേദികളിൽ നിറഞ്ഞുനിൽക്കുന്ന 90ശതമാനവും ഭിന്നശേഷിക്കാരനായ ആസിമിന്‍റെ ജീവിതം തന്നെ ഒരു വലിയ പാഠപുസ്തകമാണ്. സൂര്യനെപ്പോലെ പ്രകാശിക്കാൻ കഴിഞ്ഞില്ലെങ്കിലും ഒരു മെഴുകുതിരിയുടെ പ്രകാശമെങ്കിലും നൽകാൻ നമുക്ക് കഴിയണമെന്ന് പറയുന്ന ആസിം നീന്തൽ താരമെന്നതിനേക്കാളുപരി ഇന്ന് ഒരുപാട് പേര്‍ക്ക് പ്രചോദനമാണ്. ആസിം ഫൗണ്ടേഷനിലൂടെയുള്ള സന്നദ്ധ പ്രവര്‍ത്തനങ്ങളിലൂടെയും വിവിധ സംഘടനകളുടെ ബ്രാൻഡ് ആംബാസിഡറായും മോട്ടിവേഷണൽ സ്പീക്കറായും ചിത്രക്കാരനായും സജീവമാണ് ആസിം.
പോരാട്ടങ്ങളിലൂടെ തുടക്കം
13ാം വയസിൽ ആസിം തന്‍റെ നാടായ വെളിമണ്ണയിലെ സര്‍ക്കാര്‍ എൽപി സ്കൂള്‍ യുപി സ്കൂളായി ഉയര്‍ത്തുന്നതിനായുള്ള നിയമപോരാട്ടത്തിലൂടെയാണ് ശ്രദ്ധേയനാകുന്നത്. ആസിമിന്‍റെ പോരാട്ടത്തിനൊടുവിൽ വെളിമണ്ണ എൽപി സ്കൂള്‍ യുപി സ്കൂളായി ഉയര്‍ത്തി. ആസിമിന്‍റെ പോരാട്ടം ഫലം കണ്ടതോടെ ഇപ്പോള്‍ എൽപിയിലും യുപിയിലുമായി വെളിമണ്ണ സ്കൂളിൽ 800ഓളം വിദ്യാര്‍ത്ഥികളാണ് പഠിക്കുന്നത്. വെളിമണ്ണ ഗവ യുപി സ്കൂള്‍ ഹൈസ്കൂളാക്കി ഉയര്‍ത്തണമെന്ന ആവശ്യവുമായി വെളിമണ്ണ മുതൽ തിരുവനന്തപുരത്തെ സെക്രട്ടറിയേറ്റ് വരെ 52 ദിവസം കൊണ്ട് 450ലധികം കിലോമീറ്ററുകല്‍ വീൽചെയറിൽ സഞ്ചരിച്ചുകൊണ്ടുള്ള ആസിമിന്‍റെ സഹന സമരം കേരളത്തിൽ ഏറെ ചര്‍ച്ചയായിരുന്നു. ഇതോടൊപ്പം മനുഷ്യചങ്ങലയും കളക്ടറേറ്റ് ധര്‍ണയും ഒപ്പുശേഖരണവുമടക്കമുള്ള സമരങ്ങളും ആസിം നടത്തിയിരുന്നു. നിലവിൽ അതേ സ്കൂള്‍ ഹൈസ്കുളാക്കി ഉയര്‍ത്തുന്നതിനുള്ള നിയമ നടപടികളും ആസിം തുടരുകയാണ്. ഇതുമായി ബന്ധപ്പെട്ട കേസ് ഇപ്പോള്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. കോഴിക്കോട് വെളിമണ്ണ സ്വദേശിയായ മുഹമ്മദ് ശഹീദിന്‍റെയും ജംസീനയുടെയും മകനായ 18കാരനായ ആസിം നിലവിൽ മുക്കം നീലേശ്വരം ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്ലസ്ടു ഹ്യൂമാനിറ്റീസ് വിദ്യാര്‍ത്ഥിയാണ്. തന്‍റെ പോരാട്ടത്തിന്‍റെ യാത്ര മറ്റുള്ളവര്‍ക്കും പ്രചോദനമാകുന്നതിനും കൈത്താങ്ങുന്നതിനുമായി ആസിം വെളിമണ്ണ ഫൗണ്ടേഷൻ ചാരിറ്റബിള്‍ ട്രസ്റ്റിന്‍റെ പ്രവര്‍ത്തനവുമായും ആസിം സജീവമാണ്. ഭിന്നശേഷിക്കാരെ ചേർത്ത് പിടിച്ച് സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെയാണ് ഫൗണ്ടേഷൻ രൂപീകരിച്ചത്.
പെരിയാര്‍ നീന്തികടന്ന് നീന്തൽതാരമായി മാറിയ ആസിം
പെരിയാറിലെ വിദഗ്ധ നീന്തൽ പരിശീലകനായ സജി വാളാശേരിയാണ് എട്ടാം ക്ലാസിൽ വെച്ച് ആസിമിനെ നീന്തൽ പഠിപ്പിക്കുന്നത്. രണ്ടാഴ്ചകൊണ്ട് തന്നെ ആസിം നീന്തൽ പഠിച്ചു. നീന്തലറിയാത്തതിന്‍റെ പേരിൽ ആരും മുങ്ങി മരിക്കരുതെന്ന സന്ദേശത്തോടെ കുത്തിയൊഴുകുന്ന പെരിയാര്‍ ഒരു മണിക്കൂര്‍ ഒരു മിനുട്ട് കൊണ്ട് നീന്തിക്കയറി റെക്കോര്‍ഡും ആസിം സ്വന്തമാക്കി. 800 മീറ്ററിലധികം നീന്തിക്കയറിയാണ് ആസിം ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡിലും(2022) ഇൻഡ്യൻ ബുക്ക് ഓഫ് റെക്കോർഡിലും(2022) വേൾഡ് റെക്കോർഡ്സ് യൂണിയനിലും(2022) ഇടം നേടിയത്. ആലുവയിൽ വെച്ച് പെരിയാറിലൂടെ നീന്തി പാരാ സ്വിമ്മിങിൽ തന്‍റെ വരവറിയിച്ച ആസിം ഇതിനോടകം 40ലധകം തവണ പെരിയാര്‍ നീന്തിക്കടന്നിട്ടുണ്ട്. അങ്ങനെ അങ്ങനെ പെരിയാറിന്‍റെ പോരാളിയെന്ന് അറിയപ്പെട്ട ആസിം ഇന്ന് രാജ്യാന്തര നീന്തൽ താരമായാണ് അറിയപ്പെടുന്നത്. മധ്യപ്രദേശിലെ ഡോ. ഡബ്ബാസ്, ബെംഗളൂരുവിലെ ശരത്ത് എന്നിവരും ശ്രീകാന്ത്, അംജദ് എന്നിവരാണ് നീന്തലിലെ ആസിമിന്‍റെ പരിശീലകര്‍. ഫിസിയോതെറാപ്പിസ്റ്റായി ഡോ. അഷ്ക്കറലി കേലോട്ടും ആസിമിന്‍റെ പിതാവ് മുഹമ്മദ് ശഹീദുമാണ് എല്ലാ രാജ്യാന്തര മത്സരങ്ങള്‍ക്കും പിന്തുണയുമായി അനുഗമിക്കാറുള്ളത്. കേന്ദ്ര സര്‍ക്കാരിന്‍റെയും (സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ) യുഎഇയിലെ ബിസിനസുകാരനായ ഫ്ലോറ ഹസ്സന്‍റെയും സ്പോണ്‍സര്‍ഷിപ്പോടെയാണ് ആസിമും മുഹമ്മദ് ശഹീദും ഫിസിയോ തെറാപ്പിസ്റ്റായ ഡോ. അഷ്ക്കറലിയുമടങ്ങുന്ന സംഘം സിങ്കപ്പൂരിലെ ലോക പാരാ സ്വിമ്മിങ് മത്സരത്തിൽ പങ്കെടുക്കാൻ പോയത്.
സംസ്ഥാന ദേശീയ തലത്തിലെ നേട്ടങ്ങള്‍, ഖത്തര്‍ ലോകകപ്പ് ഓര്‍മകള്‍
ഗോവയിൽ നടന്ന ദേശീയ പാര സ്വിമ്മിങ് ചാമ്പ്യൻഷിപ്പിൽ ബാക്ക് സ്ട്രോക്ക്, ഫ്രീ സ്റ്റൈൽ വിഭാഗങ്ങളിൽ സ്വര്‍ണം നേടിയാണ് ആസിം പാരീസിലെ മത്സരത്തിലേക്ക് യോഗ്യത നേടിയത്. ഗോവയിലെ മത്സരത്തിന് മുമ്പായി തൃശൂരിൽ നടന്ന സംസ്ഥാന ചാമ്പ്യഷിപ്പിൽ മൂന്ന് സ്വര്‍ണമാണ് ആസിം നേടിയത്. കഴിഞ്ഞ രണ്ടു വര്‍ഷവും സംസ്ഥാന, ദേശീയ തലത്തിൽ ആസിം സ്വര്‍ണം നേടിയിരുന്നു.
എംബ്രേയ്സിങ് ദ ഇൻക്ലുസീവ് എക്സലന്‍സ് എന്ന ഫൗണ്ടേഷന്‍റെ സന്ദേശം ലോകമാകെ പ്രചരിപ്പിക്കുന്നതിന്‍റെ ഭാഗമായി 2022ൽ ഖത്തറിൽ നടന്ന ഫുട്ബോള്‍ ലോകകപ്പ് കാണാനും അവിടെ വെച്ച് ഇതിഹാസ താരങ്ങളായ മെസ്സിയെയും എംബാപ്പെയെയുമടക്കമുള്ളവരെ കാണാനും കഴിഞ്ഞത് ജീവിതത്തിലെ അവിസ്മരണീയമായ മൂഹൂര്‍ത്തമായാണ് ആസിം കാണുന്നത്. ഖത്തര്‍ ലോകകപ്പ് വേദിയിൽ നിറഞ്ഞുനിന്ന ഗാനിം അൽ മുഫ്ത എന്ന ഭിന്നശേഷിക്കാരനുമായുള്ള കൂടിക്കാഴ്ചയും മുന്നോട്ടുള്ള പ്രയാണത്തിൽ ആസിമിന് ആത്മവിശ്വാസമേകി.
നേട്ടങ്ങള്‍, അംഗീകാരങ്ങള്‍
2021-ൽ നെതർലാന്‍റ്സ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കിഡ്സ് റൈറ്റ്സ് ഫൗണ്ടേഷന്‍റെ ഇന്‍റർനാഷണൽ ചിൽഡ്രൻസ് പീസ് പ്രൈസിന്‍റെ മൂന്ന് ഫൈനലിസ്റ്റുകളിലൊരാളായി ആസിം ഇടംപിടിച്ചിരുന്നു. 39 രാജ്യങ്ങളിൽ നിന്നായി 169 ലധികം നോമിനേഷനുകളിൽ നിന്നാണ് നോബൽ സമ്മാന ജേതാക്കളടങ്ങിയ വിദഗ്ദ്ധ സംഘം ആസിം അടക്കമുള്ള മൂന്ന് ഫൈനലിസ്റ്റുകളുടെ പട്ടിക തയ്യാറാക്കിയത്. കേരള സര്‍ക്കാരിന്‍റെ വനിത ശിശു വികസന വകുപ്പിന്‍റെ കീഴിലുള്ള പ്രഥമ ഉജ്ജ്വല ബാല്യം പുരസ്ക്കാരം(2017), യൂണിസെഫിന്‍റെ ചൈൽഡ് അച്ചീവർ അവാർഡ്(2014), ബെംഗളൂരു ആസ്ഥാനമായിട്ടുള്ള കലാം ഫൗണ്ടേഷന്‍റെ ഇൻസ്പൈറിങ് ഇന്ത്യൻ അവാർഡ്(2018) എന്നിവയും ആസിം സ്വന്തമാക്കിയിട്ടുണ്ട്. ഒരു മനുഷ്യന് കുറവുകളുണ്ടാകുന്നത് മനസിനെ ഭയം ബാധിക്കുമ്പോഴാണെന്നും അല്ലാത്തപക്ഷം ധീരമായി ജീവിതത്തെ നേരിടുന്നവരാണ് പൂര്‍ണതയുള്ള മനുഷ്യൻ എന്ന സന്ദേശമാണ് തന്‍റെ ജീവിതത്തിലൂടെ ആസിം സമൂഹത്തിന് നൽകുന്നത്. എത്ര വെല്ലുവിളികള്‍ക്കിടയിലാണെങ്കിലും വലിയ വലിയ സ്വപ്നങ്ങള്‍ കാണാനും അത് യഥാര്‍ഥ്യമാക്കാനും പരിമിതികളെ മറന്ന് ചിറകുവെച്ച് പറക്കണമെന്നാണ് ആസിം പറയുന്നത്.
2025ൽ കേരള സര്‍ക്കാരിന്‍റെ കീഴിലുള്ള കേരള യുവജന കമ്മീഷന്‍റെ 18 വയസിന് മുകളിലുള്ള ഭിന്നശേഷി പ്രതിഭകള്‍ക്കുള്ള പ്രഥമ യുവ പ്രതിഭ പുരസ്കാരമാണ് ഏറ്റവും ഒടുവിലായി ആസിമിനെ തേടിയെത്തിയത്. 2024ൽ കായിക വിഭാഗത്തിൽ കേരള സര്‍ക്കാരിന്‍റെ സംസ്ഥാന ഭിന്നശേഷി പുരസ്കാരവും നേടിയിരുന്നു. 2024ൽ ഷാര്‍ജ രാജ്യാന്തര പുസ്തക മേളയിൽ വെച്ച് പരിമിതികളില്ലാതെ എന്ന പേരിൽ ആസിമിനെക്കുറിച്ച് ഗള്‍ഫ് സത്യധാര പുസ്തകവും ഇറക്കിയിരുന്നു. ലൗ ഷോര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്‍റലി ചാലഞ്ചഡ്, ഹെല്‍ത്ത് കെയര്‍ ഫൗണ്ടേഷൻ, ഹ്യുമാനിറ്റി ചാരിറ്റബിള്‍ ട്രസ്റ്റ്, ക്രെസന്‍റ് സ്കൂള്‍ ഓഫ് സ്പെഷ്യൽ എജ്യുക്കേഷൻ തുടങ്ങിയ ഭിന്നശേഷി സ്ഥാപനങ്ങളുടെയും അമ്മത്തൊട്ടിലിൽ ഉപേക്ഷിച്ച് പോകുന്ന കുഞ്ഞുങ്ങളെ ഏറ്റെടുത്ത് സംരക്ഷിക്കുന്ന ശാന്തിഭവന്‍റെയും ബ്രാൻഡ് അംബാസിഡറാണ് ആസിം. വിമാനം പറത്തുക, എവറസ്റ്റ് കൊടുമുടി കയറുക തുടങ്ങിയ വലിയ സ്വപ്നങ്ങളുമായി മുന്നേറുന്ന ആസിമിന് അടുത്തിടെയാണ് യുഎഇ സര്‍ക്കാരിന്‍റെ ഗോള്‍ഡൻ വിസ ആദരമായി ലഭിക്കുന്നത്. ദുബായിൽ വെച്ച് നടക്കുന്ന ചടങ്ങിൽ ആസിം വൈകാതെ ഗോള്‍ഡൻ വിസ കൈപ്പറ്റും.



