സിയോളിൽ നടന്ന മെലോൺ മ്യൂസിക് അവാർഡ്‌സിൽ അവിസ്മരണീയമായ ഒരു നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്. സംഗീതത്തിലെ റെക്കോർഡ് നേട്ടത്തിനൊപ്പം, പ്രശസ്ത ലെബനീസ് ഡിസൈനർ ജോർജ് ഹോബെയ്ക് ഡിസൈൻ ചെയ്ത വസ്ത്രമണിഞ്ഞ് റെഡ് കാർപെറ്റിലെത്തിയ താരം ഫാഷൻ ലോകത്തിന്റെ കൈയടി നേടി.
ലോകപ്രശസ്ത കെ-പോപ്പ് ബാൻഡ് ബ്ലാക്പിങ്കിലെ താരം ജെന്നി സിയോളിൽ നടന്ന 'മെലോൺ മ്യൂസിക് അവാർഡ്‌സ് 2025'-ൽ സംഗീതം കൊണ്ടും ഫാഷൻ കൊണ്ടും പുതിയ ചരിത്രം കുറിച്ചു. ചടങ്ങിലെ താരത്തിന്റെ അവാർഡ് നേട്ടത്തോടൊപ്പം തന്നെ ലോകമെങ്ങും ചർച്ചയായത് ജെന്നി ധരിച്ച അതിമനോഹരമായ 'ജോർജ് ഹോബെയ്ക' ഡിസൈൻ ഗൗണാണ്.
റെഡ് കാർപ്പറ്റിലെ വിസ്മയം: ജോർജ് ഹോബെയ്ക ഡിസൈൻ
ഫാഷൻ ലോകത്തെ പ്രശസ്തനായ ലെബനീസ് ഫാഷൻ ഡിസൈനർ ജോർജ് ഹോബെയ്കയുടെ 'ഫോൾ/വിന്റർ കോച്ചർ' (Fall\Winter 2025 Couture) കളക്ഷനിൽ നിന്നുള്ള ഗൗണാണ് ജെന്നി അണിഞ്ഞത്.
ഈ വസ്ത്രത്തിന്റെ പ്രത്യേകത, വെള്ള നിറത്തിലുള്ള സ്ട്രക്ചേർഡ് കോർസെറ്റ് ബോഡിസും, അതിന് കറുത്ത നിറത്തിലുള്ള 'ടള്ളെ' സ്കർട്ടും ഉള്ളതായിരുന്നു വസ്ത്രത്തിന്റെ ആകർഷണം. പുറകിൽ 'ലെയ്സ്-അപ്പ്' ഡിസൈനുള്ള കോർസെറ്റിൽ തിളങ്ങുന്ന ക്രിസ്റ്റലുകൾ പതിപ്പിച്ചിരുന്നു. ഗൗണിന്റെ ഭംഗി ഒട്ടും കുറയാതിരിക്കാൻ വളരെ ലളിതമായ സ്റ്റൈലിംഗാണ് ജെന്നി സ്വീകരിച്ചത്. മരതകം പതിപ്പിച്ച ഒരു മോതിരവും, പോണിടെയിലിൽ ഒരു സിൽവർ പൂവും മാത്രമായിരുന്നു താരത്തിന്റെ ആഭരണങ്ങൾ.
ഹോബെയ്കയുടെ 30-ാം വാർഷികം
ജെന്നിയുടെ ഈ വേഷം ഏറെ ശ്രദ്ധിക്കപ്പെടാൻ മറ്റൊരു കാരണം കൂടിയുണ്ട്. ജോർജ് ഹോബെയ്ക തന്റെ ഫാഷൻ ബ്രാൻഡ് ആരംഭിച്ച് 30 വർഷം തികയുന്ന വേളയാണിത്. ബെയ്റൂട്ടിൽ നിന്ന് പാരിസിലെ ഫാഷൻ വീക്കുകൾ വരെ കീഴടക്കിയ ഹോബെയ്കയുടെ ഡിസൈനുകൾക്ക് ജെന്നിയിലൂടെ ലഭിച്ച ഈ അംഗീകാരം ആഗോളതലത്തിൽ വലിയ വാർത്തയായി.
സംഗീതത്തിലെ ചരിത്രനേട്ടം
ഫാഷനിൽ മാത്രമല്ല, സംഗീതത്തിലും ജെന്നി ചരിത്രം കുറിച്ചു. മെലോൺ മ്യൂസിക് അവാർഡ്‌സിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു സോളോ ആർട്ടിസ്റ്റ് 'റെക്കോർഡ് ഓഫ് ദി ഇയർ' എന്ന പുരസ്കാരം സ്വന്തമാക്കി. തന്റെ സോളോ ആൽബമായ 'റൂബി'യിലൂടെ ഈ നേട്ടം കൈവരിച്ച ജെന്നി, സംഗീതവേദിയിൽ 50 ഡാൻസർമാർക്കൊപ്പം 'Seoul City', 'Zen' എന്നീ ഗാനങ്ങൾ അവതരിപ്പിച്ച് കാണികളെ ആവേശത്തിലാഴ്ത്തി.
പല ലോകോത്തര ബ്രാൻഡുകളുടെ മുഖമായ ജെന്നി, ജോർജ് ഹോബെയ്കയുടെ ഈ ഗൗണിലൂടെ താൻ വെറുമൊരു ഗായിക മാത്രമല്ല, ഒരു ഗ്ലോബൽ ഫാഷൻ ഐക്കൺ കൂടിയാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചു. ജി-ഡ്രാഗൺ, സിക്കോ തുടങ്ങിയ വമ്പൻ താരങ്ങൾ അണിനിരന്ന ചടങ്ങിൽ ജെന്നിയുടെ ആ സാന്നിധ്യം തന്നെയായിരുന്നു ഏറ്റവും വലിയ ആകർഷണം.


