മുംബൈയില്‍ ജീവിക്കാനുള്ള തന്റെ ഒരു മാസത്തെ ചെലവ് വെളിപ്പെടുത്തി യുവതി. 18,000 രൂപയില്‍ താഴെ മാത്രമാണ് തനിച്ച് താമസിക്കുന്ന യുവതിക്ക് ചിലവ് വരുന്നത്. എന്നാല്‍, വീട്ടുവാടക 11500 രൂപയാണ് എന്ന് പറയുന്നത് വിശ്വസിക്കാനാകാതെ നെറ്റിസണ്‍സ്.
മുംബൈ നഗരത്തിൽ ഒരു മാസം കഴിഞ്ഞുകൂടുക എന്നത് വലിയ പണച്ചിലവുള്ള കാര്യമാണ്. പ്രത്യേകിച്ചും വാടക. എന്നാൽ, ഈ വലിയ നഗരത്തിൽ താൻ ഒറ്റയ്ക്ക് താമസിക്കുന്നത് വെറും 18,000 രൂപയിൽ താഴെ ചെലവാക്കിയാണെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് ഒരു യുവതി. ശ്രേയ ഗാൻ എന്ന യുവതിയാണ് തന്റെ ഒരു മാസത്തെ ചിലവ് എങ്ങനെയാണ് എന്ന് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. ശ്രേയയുടെ ചെലവുകൾ വിവരിക്കുന്ന ഇൻസ്റ്റഗ്രാം വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുകയാണ്.
ഇങ്ങനെയൊക്കെയാണ് അത്; വീട്ടുവാടക 1RK യ്ക്ക് 11,500 രൂപയാണ്. വൈദ്യുതി ബിൽ 300 നും 400 നും ഇടയിൽ വരും. മൊബൈൽ റീചാർജ് ചെയ്യാൻ 300 രൂപ വേണം. ലോക്കൽ ട്രെയിൻ, ഓട്ടോ എന്നിവയൊക്കെ അടക്കം യാത്രാച്ചെലവ് 500 രൂപ. ഗ്രോസറിക്ക് 1500- 1800 രൂപയാവും. ഓൺലൈൻ ഷോപ്പിംഗിനായി 2000 രൂപ. മറ്റ് ചെലവുകൾ 1000. ആകെ കൂടി ഏകദേശം 17,500- 18000 രൂപയിൽ നിൽക്കും. എന്നാൽ, ഇത് വിശ്വസിക്കാനാകുന്നില്ല എന്നാണ് ആളുകൾ പ്രതികരിക്കുന്നത്. ഇത്രയും ചെറിയ തുകയ്ക്കൊന്നും മുംബൈയിൽ ജീവിക്കാനാവില്ല എന്നും ഇത് അവിശ്വസനീയമാണ് എന്നുമാണ് പലരും പ്രതികരിച്ചത്. പ്രത്യേകിച്ചും വീട്ടുവാടകയുടെ കാര്യം. മുംബൈയിൽ ഇത്ര ചെറിയ വാടകയ്ക്ക് വീട് കിട്ടില്ല എന്നാണ് പലരുടേയും പ്രതികരണം.
'ഇത് ഏത് മുംബൈയാണ്? 11,500 രൂപയ്ക്ക് ഇവിടെ എവിടെയാണ് വീട് കിട്ടുന്നത്' എന്ന് ആളുകൾ കമന്റ് നൽകി. സാധാരണയായി മുംബൈയിൽ ഒരു മുറിയും അടുക്കളയും ചേർന്ന വീടിന് പോലും 25,000 മുതൽ 30,000 രൂപ വരെ വാടക വരുമെന്ന് പലരും അഭിപ്രായപ്പെട്ടു. അതേസമയം, യുവതി താമസിക്കുന്ന സ്ഥലം ഏതാണ് എന്നും നിരവധിപ്പേർ ചോദിക്കുന്നുണ്ട്.
