ഇസ്തിരിയിടുമ്പോൾ കരിഞ്ഞുപോയതുപോലെ പാടായ വെള്ള ഷർട്ട്. വില കേൾക്കുമ്പോഴാണ് ശരിക്കും ഞെട്ടുക- ഒരു ലക്ഷം രൂപ. 'വെറ്റെമെന്റ്സ്' എന്ന ലക്ഷ്വറി ഫാഷൻ ബ്രാൻഡാണ് ഇത്തരമൊരു വസ്ത്രം വിപണിയിലെത്തിച്ചിരിക്കുന്നത്.
വസ്ത്രങ്ങൾ ഇസ്തിരിയിടുമ്പോൾ അബദ്ധത്തിൽ ഇസ്തിരിപ്പെട്ടിയുടെ ആകൃതിയിൽ തുണി കരിഞ്ഞു പിടിക്കാറുണ്ട്. അത്തരത്തിൽ കരിഞ്ഞ അടയാളമുള്ള ഒരു വെള്ള ഷർട്ടാണ് 'വൈറ്റ് അയണിംഗ് ബേൺ ഗ്രാഫിക് ഷർട്ട്' എന്ന പേരിൽ വെറ്റെമെന്റ്സ് വിപണിയിലിറക്കിയിരിക്കുന്നത്. ഇതിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയും വലിയ ട്രോളുകൾ ഏറ്റുവാങ്ങുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. ഈ ഷർട്ടിന്റെ വിലയാണ് എല്ലാവരെയും ഒരുപോലെ അതിശയിപ്പിച്ചിരിക്കുന്നത്. 1,139 ഡോളറാണ് ഇതിന്റെ വില, അതായത് ഏകദേശം ഒരു ലക്ഷം ഇന്ത്യൻ രൂപ വരും. ഒരു സാധാരണ വെള്ള ഷർട്ടിൽ കരിഞ്ഞ പാടുള്ള ഡിസൈൻ നൽകി ഇത്രയും വലിയ തുക ഈടാക്കുന്നതിനെതിരെ ആളുകൾ കമന്റിട്ട് പ്രതികരിക്കയാണ്.
'എന്റെ അമ്മ പണ്ടേ ഇതുപോലെയുള്ള ഷർട്ടുകൾ സൗജന്യമായി ഉണ്ടാക്കിത്തരാറുണ്ട്' എന്നാണ് ഒരു യൂസറുടെ കമന്റ്. 'ഇനി ഭർത്താവിന്റെ ഷർട്ട് അബദ്ധത്തിൽ കരിച്ചാൽ വിഷമിക്കേണ്ടതില്ല, ഈ ബ്രാൻഡിന്റെ ഡിസൈൻ ആണെന്ന് പറഞ്ഞാൽ മതി' എന്നായിരുന്നു മറ്റൊരു കമന്റ്. അതേസമയം, ഗൗരവകരമായ വിമർശനങ്ങളും ഉയരുന്നുണ്ട്. ഫാഷൻ എന്നത് കലയല്ലാതായി മാറുകയും വെറും തമാശയായി മാറുകയുമാണ് എന്നാണ് ചിലർ അഭിപ്രായപ്പെടുന്നത്. ഇത്തരം വസ്ത്രങ്ങൾ വൻ വിലയ്ക്ക് വിൽക്കുന്നത് ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്നതിന് തുല്യമാണെന്നും ചിലരെല്ലാം അഭിപ്രായപ്പെടുന്നുണ്ട്. ലക്ഷ്വറി ബ്രാൻഡ് എന്ത് ചെയ്താലും അതെല്ലാം ഫാഷനാണല്ലോ എന്നാണ് മറ്റ് ചിലർ ചോദിക്കുന്നത്. എന്തൊക്കെ തന്നെയായാലും സംഭവം ചർച്ചയായി മാറി എന്ന കാര്യത്തിൽ സംശയമില്ല.
അതേസമയം, ലക്ഷ്വറി ബ്രാൻഡുകൾ ഇത്തരത്തിൽ വിചിത്രമായ കാര്യങ്ങൾ ചെയ്യുന്നത് ഇത് ആദ്യമായല്ല. ഇതിനുമുമ്പ് ചെളി പുരണ്ടതുപോലെയുള്ള ജീൻസുകളും കീറിപ്പറിഞ്ഞ ഷൂസുകളും വൻ വിലയ്ക്ക് വിറ്റ ലക്ഷ്വറി ബ്രാൻഡുകളും വാർത്തകളിൽ ഇടംപിടിച്ചിരുന്നു.
