ബെംഗളൂരുവിൽ ഉയർന്ന ശമ്പളമുള്ള ജോലി ചെയ്യുന്ന ഫോൺപേ സെയിൽസ് മാനേജർ രാത്രിയിൽ റാപ്പിഡോ ഡ്രൈവറായി എത്തിയതിനെ കുറിച്ചുള്ള പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഉയർന്ന ജീവിതച്ചെലവും സാമ്പത്തിക പ്രതിസന്ധിയുമാണോ ഇതിന് കാരണം എന്നാണ് പലരും ചോദിക്കുന്നത്.
താൻ വിളിച്ച റാപ്പിഡോയിലെ ഡ്രൈവർ നല്ല ശമ്പളം വാങ്ങുന്ന ഒരു ജോലിക്കാരനാണ് എന്ന് അറിഞ്ഞാൽ ആരായാലും ഒന്ന് അമ്പരന്നു പോകും അല്ലേ? അതുപോലെ തന്നെ ഞെട്ടിച്ച അനുഭവം പറയുന്ന ഒരു പോസ്റ്റാണ് ഇതും. ഫോൺപേയിലെ സെയിൽസ് മാനേജറായി ജോലി ചെയ്യുന്ന ഒരാൾ രാത്രിയിൽ റാപ്പിഡോ ഡ്രൈവറായി എത്തുന്നതായിട്ടാണ് പോസ്റ്റിൽ കാണുന്നത്. അഭിനവ് എന്ന എക്സ് യൂസറാണ് തന്റെ അനുഭവം പങ്കുവെച്ചത്. തന്നെ കൊണ്ടുപോകാൻ എത്തിയ റാപ്പിഡോ ഡ്രൈവർ പകൽ സമയത്ത് പ്രമുഖ ഫിൻടെക് കമ്പനിയായ ഫോൺപേയിലെ സെയിൽസ് മാനേജറാണെന്ന് അറിഞ്ഞപ്പോൾ താൻ ഞെട്ടിപ്പോയെന്നാണ് അഭിനവ് കുറിക്കുന്നത്. ബെംഗളൂരുവിൽ സ്വന്തമായി ഫ്ലാറ്റുള്ള ഇദ്ദേഹം, പകൽ ഓഫീസിൽ ജോലി ചെയ്യുകയും രാത്രിയിൽ റാപ്പിഡോ ഓടിക്കുകയുമാണത്രെ ചെയ്യുന്നത്.
ഈ വാർത്ത പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി അഭിപ്രായങ്ങളാണ് ഉയരുന്നത്. സാമ്പത്തിക പ്രതിസന്ധി കാരണമാണോ ഇത് എന്നാണ് ചിലരൊക്കെ ചോദിച്ചിരിക്കുന്നത്. 'ഇതൊരു നേട്ടമായി കാണാൻ കഴിയില്ല. ബെംഗളൂരുവിലെ വർദ്ധിച്ചുവരുന്ന ജീവിതച്ചെലവും വിലക്കയറ്റവും കാരണമാണ് ഒരു സെയിൽസ് മാനേജർക്ക് പോലും രണ്ട് ജോലി ചെയ്യേണ്ടി വരുന്നത്. ഇത് മോശം അവസ്ഥയെയാണ് സൂചിപ്പിക്കുന്നത്' എന്നാണ് ഒരാൾ കുറിച്ചിരിക്കുന്നത്.
ജീവിതസാഹചര്യങ്ങളോടുള്ള ഒരുതരം പോരാട്ടമാണ് ഇതെന്നും, ഹൗസിംഗ് ലോണും ഇഎംഐകളും വർദ്ധിച്ചുവരുന്ന നഗരത്തിൽ വരുമാനത്തിന് പുതിയ വഴികൾ കണ്ടെത്താൻ ആളുകൾ നിർബന്ധിതരാകുകയാണ് എന്നും പലരും അഭിപ്രായപ്പെട്ടു. എന്നാൽ, സമാനമായ മറ്റൊരു അനുഭവം പങ്കുവെച്ച ഒരാൾ പറഞ്ഞത്, താൻ കണ്ടുമുട്ടിയ ടിസിഎസ് ജീവനക്കാരൻ സമയം കളയാൻ വേണ്ടിയാണ് പാർട്ട് ടൈം ജോലി ചെയ്യുന്നത് എന്നാണ്. പുതിയ തലമുറയ്ക്ക് വിനോദങ്ങളിൽ ഏർപ്പെടുന്നതിനേക്കാൾ താല്പര്യം ഇത്തരം ജോലികളോടാണെന്നും ഈ കമന്റിൽ പറയുന്നു.
അതേസമയം, നഗരത്തിലെ ഏകാന്തത ഇല്ലാതാക്കാൻ ഒഴിവുള്ള സമയങ്ങളിൽ ഇത്തരം ജോലികൾ ചെയ്യുന്ന ടെക്കികൾ അടക്കമുള്ളവരെ കുറിച്ച് നേരത്തെയും പോസ്റ്റുകൾ വന്നിരുന്നു.
