2025-ലെ ഓക്സ്ഫോർഡ് വേർഡ് ഓഫ് ദി ഇയർ ആയി ‘റേജ് ബെയ്റ്റ്’ തിരഞ്ഞെടുക്കപ്പെട്ടു. 30,000ത്തിലധികം ആളുകൾ പങ്കെടുത്ത വോട്ടെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെയാണ് ഈ ജെൻ സി വേർഡ് ഒന്നാമതെത്തിയത്. 2024-ൽ ‘ബ്രെയിൻ റോട്ട്’ എന്ന ജെൻ സി വേർഡ് ആയിരുന്നു താരം.
സോഷ്യൽ മീഡിയയിൽ നിങ്ങളെ പ്രകോപിപ്പിക്കുന്ന വീഡിയോകൾ കണ്ട് നിങ്ങൾ പ്രതികരിച്ചിട്ടുണ്ടോ? എങ്കിൽ നിങ്ങൾ ഒരു 'റേജ് ബെയ്റ്റ്' കെണിയിൽ വീണു കഴിഞ്ഞു. 2025-ലെ ഓക്സ്ഫോർഡ് വേർഡ് ഓഫ് ദി ഇയർ ആയി 'റേജ് ബെയ്റ്റ്' തിരഞ്ഞെടുക്കപ്പെട്ടു. മുപ്പതിനായിരത്തിലധികം ആളുകൾ പങ്കെടുത്ത വോട്ടെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെയാണ് ഈ ജെൻസി പദം ലോകത്തിന്റെ നെറുകയിലെത്തിയത്.
2024-ൽ 'ബ്രെയിൻ റോട്ട്' എന്ന വേർഡ് ആയിരുന്നു താരം. ഗുണനിലവാരമില്ലാത്ത സോഷ്യൽ മീഡിയ ഉള്ളടക്കം അമിതമായി കാണുന്നത് വഴി ചിന്താശേഷി കുറയുന്നതിനെയാണ് ഈ വാക്ക് അർത്ഥമാക്കുന്നത്. എന്നാൽ ഇത്തവണ ലോകം തിരഞ്ഞെടുത്തത് ഡിജിറ്റൽ ലോകത്തെ 'പ്രകോപനങ്ങളെയാണ്'.
എന്താണ് ഈ 'റേജ് ബെയ്റ്റ്'?
ഇൻസ്റ്റാഗ്രാം റീൽസുകളിലോ ടിക് ടോക്കിലോ ചിലർ തികച്ചും വിഡ്ഢിത്തമായ കാര്യങ്ങളോ, കണ്ടാൻ്റുകളോ പങ്കുവെക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? ഇത് കണ്ടു ദേഷ്യം വരുന്ന ആളുകൾ കമന്റ് ബോക്സിൽ ചീത്ത വിളിക്കുകയും പ്രതികരിക്കുകയും ചെയ്യും. ഈ 'നെഗറ്റീവ് പ്രതികരണം' ഉപയോഗിച്ച് സോഷ്യൽ മീഡിയ അൽഗോരിതങ്ങളെ കബളിപ്പിക്കുകയും വീഡിയോ വൈറലാക്കുകയും ചെയ്യുന്ന തന്ത്രത്തെയാണ് ജെൻസികൾ 'റേജ് ബെയ്റ്റ്' എന്ന് വിളിക്കുന്നത്. ചുരുക്കത്തിൽ, നിങ്ങളുടെ ദേഷ്യത്തെ വിറ്റ് കാശാക്കുന്ന ഒരു ഡിജിറ്റൽ ബിസിനസ്സ് തന്ത്രമാണിത്.
അവസാന നിമിഷം അടിപതറി 'ഔറ'
ഇത്തവണത്തെ പട്ടികയിൽ അവസാന നിമിഷം വരെ കടുത്ത മത്സരം കാഴ്ചവെച്ച മറ്റ് വാക്കുകളും പൂർണ്ണമായും ജെൻസി സ്ലാംഗ് ആണ്:
- ഔറ ഫാർമിംഗ് : പോസിറ്റീവ് ഇമേജ് ഉണ്ടാക്കി ആളുകളെ ആകർഷിക്കാനുള്ള ശ്രമം.
- ബയോഹാക്ക് : അത്യാധുനിക രീതിയിലുള്ള ആരോഗ്യ സംരക്ഷണ പരീക്ഷണങ്ങൾ.
എന്നാൽ ഇവയെയെല്ലാം നിഷ്പ്രഭമാക്കിയാണ് റേജ് ബെയ്റ്റ് മുന്നിലെത്തിയത്. ആളുകൾ വിവരങ്ങളേക്കാൾ കൂടുതൽ വൈകാരികമായ ഉള്ളടക്കങ്ങളോട് പ്രതികരിക്കുന്നു എന്ന യാഥാർത്ഥ്യമാണ് ഓക്സ്ഫോർഡ് പ്രസ്സ് ഇതിലൂടെ വ്യക്തമാക്കുന്നത്.
ഭാഷ മാറുന്നു, രീതിയും
ഓരോ വർഷവും തിരഞ്ഞെടുക്കപ്പെടുന്ന വാക്കുകൾ ആ കാലഘട്ടത്തിന്റെ കണ്ണാടിയാണ്. "നമ്മുടെ ഡിജിറ്റൽ സംഭാഷണങ്ങൾ എത്രത്തോളം പ്രകോപനപരമായി മാറുന്നു എന്നതിന്റെ തെളിവാണ് റേജ് ബെയ്റ്റ്," എന്ന് ഓക്സ്ഫോർഡ് ലാംഗ്വേജസ് പ്രസിഡന്റ് കാസ്പർ ഗ്രാത്തോൾ പറഞ്ഞു. ഇന്ന് രാഷ്ട്രീയത്തിലും പരസ്യങ്ങളിലും വരെ ഈ 'റേജ് ബെയ്റ്റ്' തന്ത്രം വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. 2024-ലെ 'ബ്രെയിൻ റോട്ടി'ൽ നിന്ന് 2025-ലെ 'റേജ് ബെയ്റ്റി'ലേക്ക് എത്തുമ്പോൾ, ഇന്റർനെറ്റ് ഭാഷാ ലോകത്ത് ജെൻസി പദങ്ങൾ തന്നെയാകും ഇനിയുള്ള കാലം ഭരിക്കുക എന്ന് ഉറപ്പായിക്കഴിഞ്ഞു.


