വെനിസ്വേലയിലെ പാരമില്ലോ വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന വിമാനം തകർന്ന് രണ്ട് ജീവനക്കാർ മരിച്ചു. ടേക്ക് ഓഫിന് പിന്നാലെ റൺവേയിൽ തന്നെ തലകുത്തി വീണ വിമാനം കത്തിയമരുകയായിരുന്നു. സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു.
വെനിസ്വേലയിലെ തച്ചിറ സംസ്ഥാനത്തെ പാരമില്ലോ വിമാനത്താവളത്തിൽ നിന്നും പറന്നുയർന്നതിന് പിന്നാലെ തകർന്ന വിമാനം കത്തിയമർന്ന് രണ്ട് വിമാന ജീവനക്കാര്‍ കൊല്ലപ്പെട്ടു. ഇരട്ട എഞ്ചിൻ പൈപ്പർ പിഎ-31T1 പറന്നുയർന്ന് അൽപ്പസമയത്തിനുള്ളിൽ തന്നെ അപകടം സംഭവിച്ചു. പറന്നുയർന്ന് അല്പം മാത്രം ഉയരത്തിലെത്തിയതിന് പിന്നാലെ വിമാനം തലകുത്തി തിരിയുകയും പിന്നാലെ പറന്നുയർന്ന റണ്‍വേയില്‍ തന്നെ തകർന്ന് വീഴുകയുമായിരുന്നു. റണ്‍വേയിൽ മുഖം കുത്തിയ വിമാനം പിന്നാലെ അഗ്നി വിഴുങ്ങുന്നതും വീഡിയോയില്‍ കാണാം.
രണ്ട് മരണം
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സിവിൽ എയറോനോട്ടിക്സ് (INAC) രണ്ട് വിമാന ജീവനക്കാരുടെ മരണങ്ങൾ സ്ഥിരീകരിച്ചു. ഉടന്‍ തന്നെ അടിയന്തര, അഗ്നിശമന സേനകൾ എത്തിയെങ്കിലും പൈലറ്റുമാരുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ലെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ ജുണ്ട ഇൻവെസ്റ്റിഗഡോറ ഡി ആക്സിഡന്‍റസ് ഡി ഏവിയേഷൻ സിവിൽ (JIAAC) ഉത്തരവിട്ടെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. കൊല്ലപ്പെട്ട പൈലറ്റുമാരുടെ വിവരങ്ങൾ ഇതുവരെ പുറത്ത് വിട്ടിട്ടില്ല. ഇവരുടെ കുടുംബങ്ങളുമായി കൂടിയാലോചിച്ച ശേഷം വിവരങ്ങൾ പുറത്ത് വിടുമെന്നും അധികൃതർ അറിയിച്ചു.
വീഡിയോ
സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമമങ്ങളില്‍ വൈറലായി. വിമാനം ടേക്ക് ഓഫ് സമയത്ത് ടയർ പൊട്ടിത്തെറിച്ചതാകാമെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ പറയുന്നത്. എന്നാൽ, കൃത്യമായ കാരണം കണ്ടെത്താന്‍ അന്വേഷണം നടത്തുമെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോകളിൽ പറന്നുയര്‍ന്ന വിമാനം നിലം കുത്തിയതിന് പിന്നാലെ ശക്തമായ തീ ഉയരുന്നതും പുക പടരുന്നതും കാണാം. ഫ്ലൈറ്റ് ട്രാക്കിംഗ് സൈറ്റായ ഫ്ലൈറ്റ്റാഡാർ 24 പ്രകാരം, വിമാനം വെനിസ്വേലയ്ക്കുള്ളിൽ ആഭ്യന്തര റൂട്ടുകളിൽ പ്രവര്‍ത്തിച്ചിരുന്നു. ഈ വിമാനം പനാമയിലേക്കും ക്യൂബയിലേക്കും യാത്ര ചെയ്തിരുന്നുവെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.


