ഓസ്‌ട്രേലിയയിൽ വിനോദയാത്രയ്ക്കിടെ കടലിൽ കുടുങ്ങിപ്പോയ അമ്മയെയും സഹോദരങ്ങളെയും രക്ഷിക്കാൻ 13 വയസ്സുകാരനായ ഓസ്റ്റിൻ ആപ്പൽബീ നടത്തിയ ധീരമായ പോരാട്ടം വൈറൽ. കിലോമീറ്ററുകളോളം കടലിൽ നീന്തിയും കരയിലൂടെ ഓടിയും അവൻ   അമ്മയെയും രണ്ട് സഹോദരങ്ങളെയും രക്ഷിച്ചു.

ടിഞ്ഞാറൻ ഓസ്‌ട്രേലിയയിലെ തീരത്ത് വിനോദ യാത്രയ്ക്കിടെ കടലിൽ കുടുങ്ങിപ്പോയ തന്‍റെ കുടുംബത്തെ രക്ഷിക്കാൻ 13 വയസ്സുകാരൻ നടത്തിയത് സമാനതകളില്ലാത്ത പോരാട്ടം. ഓസ്റ്റിൻ ആപ്പൽബീ എന്ന കൗമാരക്കാരനാണ് കിലോമീറ്ററുകളോളം കടലിൽ നീന്തിയും കരയിലൂടെ ഓടിയും തന്‍റെ അമ്മയുടെയും രണ്ട് സഹോദരങ്ങളുടെയും ജീവൻ രക്ഷിച്ചത്.

സഹായം തേടി അമ്മ

ജനുവരി 30-ന് വെസ്റ്റേൺ ഓസ്‌ട്രേലിയയിലെ ക്വിൻഡാലപ്പിന് സമീപം കടലിൽ കയാക്കിംഗും പാഡിൽ ബോർഡിംഗും നടത്തുന്നതിനിടെയാണ് ഓസ്റ്റിനും കുടുംബവും അപകടത്തിൽപ്പെട്ടത്. പെട്ടെന്നുണ്ടായ ശക്തമായ കാറ്റിലും തിരമാലകളിലും പെട്ട് ഇവർ കരയിൽ നിന്നും കിലോമീറ്ററുകളോളം അകലേക്ക് ഒഴുകിപ്പോയി. തിരിച്ചുവരാൻ കഴിയില്ലെന്ന് ബോധ്യപ്പെട്ടതോടെ, ഏറ്റവും നന്നായി നീന്താനറിയാവുന്ന ഓസ്റ്റിനോട് സഹായം തേടി കരയിലേക്ക് പോകാൻ അമ്മ ആവശ്യപ്പെടുകയായിരുന്നു.

നാല് കിലോമീറ്റർ കടലിൽ രണ്ട് കിലോമീറ്റർ കരയിൽ

ആദ്യം ഒരു കയാക്കിൽ കരയിലേക്ക് തിരിക്കാൻ ശ്രമിച്ചെങ്കിലും അതിൽ വെള്ളം കയറിയതോടെ ഓസ്റ്റിൻ അത് ഉപേക്ഷിച്ചു. തുടർന്ന് ഏകദേശം നാല് കിലോമീറ്ററോളം ദൂരം അതിശക്തമായ തിരമാലകളെ അതിജീവിച്ച് അവൻ നീന്തി. നീന്തുന്നതിന് തടസ്സമായതോടെ താൻ ധരിച്ചിരുന്ന ലൈഫ് ജാക്കറ്റ് പോലും അവൻ ഊരിക്കളഞ്ഞു. ഏകദേശം നാല് മണിക്കൂർ നീണ്ട നീന്തലിനൊടുവിൽ കരയിലെത്തിയ ഓസ്റ്റിൻ, വീണ്ടും രണ്ട് കിലോമീറ്റർ ഓടിയാണ് തന്‍റെ അമ്മയുടെ ഫോൺ കണ്ടെത്തിയതും അടിയന്തര സേവന വിഭാഗത്തെ വിവരമറിയിച്ചതും.

View post on Instagram

ഓസ്റ്റിന്‍റെ മനസാന്നിധ്യം

കരയിലെത്തിയ ഉടൻ അവൻ നടത്തിയ '000' (Triple Zero) കോളിന്‍റെ റെക്കോർഡിംഗ് പോലീസ് പുറത്തുവിട്ടു. കടുത്ത ശാരീരിക അവശതകൾക്കിടയിലും വളരെ ശാന്തനായി അവൻ തന്‍റെ കുടുംബം എവിടെയാണെന്നും അവർക്ക് ഹെലികോപ്റ്ററും ബോട്ടുമാണ് ആവശ്യമെന്നും ഉദ്യോഗസ്ഥരോട് വിശദീകരിച്ചു. "എനിക്ക് ഹൈപ്പോതെർമിയ ബാധിച്ചെന്ന് തോന്നുന്നു. എനിക്ക് ബോധം മറയുന്നതുപോലെ തോന്നുന്നു. എന്‍റെ കുടുംബം കടലിൽ കുടുങ്ങിക്കിടക്കുകയാണ്. അവരെ രക്ഷിക്കാൻ ഹെലികോപ്റ്റർ വേണം" എന്നതായിരുന്നു അവന്‍റെ വാക്കുകൾ.

രക്ഷാപ്രവർത്തനം

ഓസ്റ്റിൻ നൽകിയ കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിനൊടുവിൽ, കരയിൽ നിന്ന് 14 കിലോമീറ്റർ അകലെ ഒരു പാഡിൽ ബോർഡിൽ തൂങ്ങിക്കിടക്കുകയായിരുന്ന അവന്‍റെ അമ്മയെയും സഹോദരങ്ങളെയും രാത്രി 8:30-ഓടെ രക്ഷാപ്രവർത്തകർ കണ്ടെത്തി. ഇതിനിടെ 10 മണിക്കൂറോളം സമയം അവർ കടലിൽ കഴിഞ്ഞിരുന്നു.

സൂപ്പർ ഹ്യൂമൻ

ഓസ്റ്റിന്‍റെ ധീരതയെ 'സൂപ്പർ ഹ്യൂമൻ' എന്നാണ് ഓസ്‌ട്രേലിയൻ പോലീസ് വിശേഷിപ്പിച്ചത്. ആ സാഹചര്യത്തിൽ അവൻ കാണിച്ച മനസ്സാന്നിധ്യം അത്ഭുതകരമാണെന്ന് പോലീസ് കമാൻഡർ പറഞ്ഞു. "തോറ്റുകൊടുക്കാൻ ഞാൻ തയ്യാറല്ലായിരുന്നു. കുടുംബത്തിന് വേണ്ടി എനിക്ക് മുന്നോട്ട് പോയേ മതിയാകുമായിരുന്നുള്ളൂ" ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഓസ്റ്റിൻ തന്നെ കാണാനെത്തിയ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. രണ്ട് മാരത്തൺ ഓടുന്നതിന് തുല്യമായ ശാരീരിക അധ്വാനമാണ് ഓസ്റ്റിൻ നടത്തിയത്. അവന്‍റെ ധീരതയെ ആദരിക്കാൻ പടിഞ്ഞാറൻ ഓസ്‌ട്രേലിയൻ പ്രീമിയർ ഉൾപ്പെടെയുള്ളവർ രംഗത്തെത്തി.