ഫ്ലൈയോവറിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. പിന്നാലെ ലോകത്തിലെ എട്ടാമത്തെ അത്ഭുതം എന്നാണ് നെറ്റിസണ്‍സ് മേല്‍പ്പാലത്തെ വിശേഷിപ്പിച്ചത്.
90 വളവുള്ള ഭോപ്പാലിലെ പാലത്തിന്‍റെ വിവാദങ്ങൾ അവസാനിക്കുമ്പോഴേക്കും മറ്റൊരു നിർമ്മാണം കൂടി ഇന്ത്യയില്‍ നിന്നും സമൂഹ മാധ്യമ ഉപയോക്താക്കളുടെ ശ്രദ്ധ നേടുകയാണ്. ഇത്തവണയും ഫ്ലൈഓവര്‍ തന്നെ താരം. ലഖ്നൗവിലെ ഒരു ഫ്ലൈഓവറിർ ചെന്ന് അവസാനിക്കുന്നത് റോഡരികിലെ ഒരു കെട്ടിടത്തിന്‍റെ മൂന്നാം നിലയിലേക്ക്. അവിടെ നിന്നും പിന്നീടങ്ങോട്ട് പാലമില്ല. വിചിത്രമായ ഈ മേല്‍പ്പാലത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
ലഖ്‌നൗവിലെ പാരയിൽ കൃഷ്ണനഗർ - കേസരി ഖേര മേൽപ്പാലമാണ് വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുന്നത്. നിർമ്മാണം നിര്‍ത്തിവച്ച പാലത്തിന്‍റെ വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടതോടെയാണ് ആളുകളുടെ ശ്രദ്ധ നേടിയത്. റോഡിന് സമാന്തരമായി മുകളിലൂടെ പോകുന്ന മേല്‍പ്പാലം ഇടയ്ക്ക് ഒന്ന് വളയുന്നു. എന്നാല്‍ ഈ വളവ് തടസപ്പെടുത്തിക്കൊണ്ട് ഒരു മൂന്ന് നില കെട്ടിടം നില്‍പ്പുണ്ട്. കെട്ടിടത്തിന് മുട്ടി മുട്ടിയില്ലെന്ന നിലയില്‍ പണി പകുതി വച്ച നിർത്തിയ അവസ്ഥയിലാണ പാലമുള്ളത്. സമൂഹ മാധ്യമങ്ങളില്‍ പാലത്തെ 'ലോകത്തിലെ എട്ടാമത്തെ അത്ഭുതം' എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. സ്റ്റാൻഡ് അപ്പ് കോമേഡിയനായ തരുൺ ലഖ്‌നൗനിയാണ് ഫ്ലൈഓവറിന്‍റെ വീഡിയോ പങ്കിട്ടത്, വീഡിയോ ഇതിനകം രണ്ട് ദശലക്ഷത്തിലധികം പേർ കണ്ടു.
എന്നാല്‍, പാലം പണി കെട്ടിടത്തിന്‍റെ മൂന്നാം നിലയില്‍ അവസാനിച്ചത് പോലെ നിന്ന് പോയതിന് കാരണം ഭൂമി തര്‍ക്കമാണെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. കൃഷ്ണനഗറിലെ ട്രാഫിക് പാർക്കിനടുത്തുള്ള ഇന്ദ്രലോക് കോളനിയെ കേസരിഖേഡയുമായി ബന്ധിപ്പിക്കുന്നതിന് 74 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന രണ്ട് വരി റെയിൽവേ മേൽപ്പാലത്തിന് 2023 ജൂലൈ 17 -നാണ് തറക്കല്ലിട്ടത്, 2024 ഫെബ്രുവരിയിൽ പണിയും ആരംഭിച്ചു. 75 ശതമാനം ജോലികളും ഇതിനകം പൂർത്തിയായതായി റിപ്പോർട്ടിൽ പറയുന്നു.
പാലത്തിന്‍റെ നിർമ്മാണം പാരയിലെ കൃഷ്ണനഗർ-കേസരി ഖേര ക്രോസിംഗിൽ എത്തിയപ്പോഴാണ് പ്രശ്നം തുടങ്ങിയത്. ഫ്ലൈഓവർ കടന്ന് പോകുന്നതിനിടെയിലുള്ള വീടുകള്‍ക്കും കടകള്‍ക്കും ഇതുവരെ നഷ്ടപരിഹാരം നല്‍കിയിട്ടില്ല. അതിനാല്‍ കെട്ടിടങ്ങൾ പൊളിക്കാന്‍ ഉടമകൾ അനുവദി നല്‍കിയില്ല. ഇതോടെ പാലം കെട്ടിടത്തിന്‍റെ മൂന്നാം നിലയിലേക്ക് ഇറങ്ങിച്ചെല്ലുന്ന രീതിയില്‍ പണി നിർത്തേണ്ടിവന്നു. സംഭവം വിവാദമായതോടെ പൊതുമരാമത്ത് വകുപ്പ് പ്രശ്ന പരിഹാരത്തിന് ഇടപെട്ടു. ചതുരശ്ര മീറ്ററിന് 7,240 രൂപവച്ച് നഷ്ടപരിഹാരം നൽകാന്‍ ജൂൺ 28 നാണ് തീരുമാനമായത്. ഇതോടെ മേല്‍പ്പാലത്തിന്‍റെ വഴി മുടക്കിയ കെട്ടിടം ഉടന്‍തന്നെ പൊളിച്ച് നീക്കി മേല്‍പ്പാലത്തിന്‍റെ പണി പുനരാരംഭിക്കുമെന്ന് അധികൃതർ പറഞ്ഞതായി റിപ്പോര്‍ട്ടുകൾ ചൂണ്ടിക്കാണിക്കുന്നു.


