ഒക്ലഹോമയിലെ പോൾസ് വാലി ഹൈസ്കൂളിൽ തോക്കുമായി എത്തിയ അക്രമിയെ പ്രിൻസിപ്പാൾ കിർക് മൂർ ധീരമായി നേരിട്ടു. വിദ്യാർത്ഥികളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ വെടിയേറ്റിട്ടും അദ്ദേഹം അക്രമിയെ കീഴടക്കി. ഈ സംഭവത്തോടെ പ്രിൻസിപ്പാൾ കിർക് മൂർ ഹീറോയായി മാറി.

ക്ലഹോമയിലെ ഒരു ഹൈസ്കൂളിൽ കുട്ടികളെ കൊല്ലാനായി എത്തിയ അക്രമിയെ പ്രിന്‍സിപ്പാൾ തടഞ്ഞ് നിർത്തി. സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ഒക്ലഹോമയിലെ പോൾസ് വാലി ഹൈസ്കൂളിലാണ് സംഭവം നടന്നത്. കറുത്ത ഹൂഡി ധരിച്ച കൊലയാളി വലതു കൈയിൽ തോക്കുമായി സ്കൂളിന്‍റെ ഇടനാഴിയിലേക്ക് കടക്കുന്നതും പെട്ടെന്ന് സ്കൂളിലെ പ്രിൻസിപ്പാൾ ഇടപെട്ട് ഇയാളെ കീഴ്പ്പെടുത്തുന്നതും വീഡിയോയിൽ കാണാം. വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ പ്രിൻസിപ്പാളിൽ കിർക് മൂറിന് ഹീറോ പരിവേഷം.

പ്രിൻസിപ്പൾ കിർക് മൂർ

കഴിഞ്ഞ കുറച്ച് ദശകങ്ങളായി യുഎസ് നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്ന് സ്കൂൾ കുട്ടികൾക്ക് നേരെയുള്ള അക്രമങ്ങൾ. അതും സ്കൂളിൽ കയറി കുട്ടികളെ കത്തികൊണ്ട് കുത്തിയും തോക്ക് ഉപയോഗിച്ചും കൊലപ്പെടുത്തുന്ന വാർത്തകൾ യുഎസിൽ നിന്നും നിരന്തരം പുറത്ത് വന്നിരുന്നു. ഇത്തരം അക്രമങ്ങളെ ചെറുക്കാൻ കഴിയാതെ ഭരണകൂടവും പോലീസും നിസഹായരായി നിന്നു. ഇതിനിടെയാണ് ഒരു ഹൈസ്കൂൾ പ്രിൻസിപ്പാൾ കിർക് മൂർ, തന്‍റെ വിദ്യാർത്ഥികളെ കൊല്ലാനായി തോക്കുമായെത്തിയ അക്രമിയെ കീഴടക്കിയത്.

Scroll to load tweet…

തോക്കുമായി അക്രമി

വീഡിയോയിൽ ഒരു ഹാളിലെ നീണ്ട ഇരിപ്പിത്തിൽ ഒരാൾ ഇരിക്കുന്നത് കാണാം. ഇതിനിടെ തുറന്ന് കിടന്ന വാതിലിലൂടെ ഒരാൾ വലത് കൈയിൽ പിടിച്ച തോക്കുമായി അകത്ത് കയറി. പിന്നാലെ സമീപത്തെ മുറിയിൽ നിന്നും പുറത്ത് വന്ന പ്രിൻസിപ്പാൾ കിർക് മൂർ ഇയാളുടെ നേരെ ചാടുകയും ഇരുവരും കൂടി സെറ്റിയിലേക്ക് മറിയുന്നതും കാണാം. തന്‍റെ സർവ്വ ശക്തിയും എടുത്ത് അക്രമിയെ കീഴ്പ്പെടുത്തിയ പ്രിൻസിപ്പാൾ അയാളെ അനങ്ങാൻ പോലും അനുവദിച്ചില്ല. ഇതിനിടെ അക്രമിയുടെ കൈയിൽ നിന്നും താഴെ വീണ തോക്ക് മറ്റൊരാൾ എടുത്ത് കൊണ്ട് പോകുന്നതും വീഡിയോയിൽ കാണാം. അക്രമിയെ കീഴടക്കുന്നതിനിടെ കിർക് മൂറിന്‍റെ കാലിന് വെടിയേറ്റു. അദ്ദേഹം സുഖം പ്രാപിച്ച് വരുന്നതായി റിപ്പോര്‍ട്ടുകൾ പറയുന്നു.

'ഹീറോയാണ് ഹീറോ'

20 കാരനായ വിക്ടർ ഹോക്കിൻസാണ് തോക്കുമായി സ്കൂളിലെത്തിയതെന്ന് സ്ഥിരീകരിച്ചു. കൊളംബൈൻ വെടിവയ്പുകാർ ചെയ്തതുപോലെ സ്കൂളിൽ വെടിവയ്ക്കാൻ ആഗ്രഹിക്കുന്നുവെന്ന് മുന്‍ വിദ്യാർത്ഥി കൂടിയായ വിക്ടർ ഹോക്കിൻസ് പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്. ഇയാളെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു. സ്വതന്ത്ര പത്രപ്രവർത്തകനായ നിക്ക് സോർട്ടർ ആണ് വീഡിയോ എക്സിൽ പങ്കുവച്ചത്. വീഡിയോ വൈറലായതിന് പിന്നാലെ അദ്ദേഹത്തിന് ധീരതയ്ക്കുള്ള അവാർഡ് നൽകണമെന്നും ഇപ്പോഴും യുഎസിൽ ധീരരായ യോദ്ധാക്കളുണ്ടെന്നുമുള്ള കുറിപ്പുകൾ നിറഞ്ഞു. അതേസമയം യുഎസിലെ തോക്ക് ഉപയോഗത്തെ കുറിച്ചുള്ള ചർച്ചകൾക്കും വീഡിയോ തീ പിടിപ്പിച്ചു.