വിയറ്റ്നാമിലെ ഹനോയിയിൽ സ്ത്രീയെ അപ്പാർട്ട്മെന്റിനുള്ളിൽ വെച്ച് ആക്രമിച്ചതിന് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. തന്റെ മകനോടൊപ്പം യുവതിയുടെ കുട്ടി കളിക്കാൻ വിസമ്മതിച്ചത് ഇയാളെ പ്രകോപിപ്പിക്കുകയായിരുന്നു. കുട്ടികളുടെ മുന്നിൽ വെച്ചുള്ള അക്രമണം വിവാദമായി.
വിയറ്റ്നാമിലെ ഹനോയിയിൽ ഒരു കെട്ടിടത്തിനുള്ളിൽ ഒരു സ്ത്രീയെ ആക്രമിച്ചതിന് ഒരാൾ അറസ്റ്റിലായി. അറസ്റ്റിന് പിന്നാലെ, അതിനുള്ള കാരണം സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്ക് തന്നെ തുടക്കമിട്ടു. വിയറ്റ്നാമിലെ സ്കൈ സെൻട്രൽ അപ്പാർട്ട്മെന്റിലാണ് സംഭവം നടന്നത്. മിസ് എൻടി എന്ന സ്ത്രീ അക്രമിച്ച ഡാങ് ചി താനിനെ പോലീസ് അറസ്റ്റ് ചെയ്തു. അതേസമയം കുട്ടികളുടെ മുന്നിൽ വച്ച് അക്രമം കാണിച്ചതിനെ നെറ്റിസെൻസ് രൂക്ഷമായി വിമർശിച്ചു.
യുവതിയെ അക്രമിക്കുന്ന ദൃശ്യങ്ങൾ വൈറൽ
അപ്പാർട്ട്മെന്റിൽ വച്ച് മറ്റ് കുട്ടികളും ഒരു സ്ത്രീയും നോക്കി നിൽക്കെ ഡാങ് ചി താൻ, മിസ് എൻടിയുടെ മുഖത്ത് ഇടിക്കുകയും ചവിട്ടുകയും ചെയ്യുന്ന സിസിടിവി ദൃശ്യങ്ങളാണ് വൈറലായത്. പിന്നാലെ സുരക്ഷാ ജീവനക്കാരും അപ്പാർട്ട്മെന്റിലെ മറ്റ് താമസക്കാരും ഇയാളെ തടയാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. അക്രമണത്തിൽ പരിക്കേറ്റ മിസ് എൻട്രി ആശുപത്രിയിൽ അഡ്മിറ്റായി. പിന്നാലെ ലഭിച്ച പരാതിയിലാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഡാങ് ചി താനിന്റെ ഭാര്യയാണെന്ന് കരുതപ്പെടുന്ന ഒരു സ്ത്രീയും നാല് കുട്ടികളും ആക്രമണം കണ്ടുകൊണ്ട് നിൽക്കുന്നതും പിന്നാലെ സെക്യൂരിറ്റിയും അപ്പാർട്ട്മെന്റിലെ മറ്റ് താമസക്കാരും സംഭവസ്ഥലത്തേക്ക് എത്തുന്നതും സിസിടിവി വീഡിയോയിൽ കാണാം.
അസ്വസ്ഥതയോടെ നെറ്റിസെൻസ്
വീഡിയോ വൈറലായതിന് പിന്നാലെ നിരവധി പേരാണ് കുറിപ്പുകളെഴുതാനെത്തിയത്. യുവാവിന്റെ പ്രവർത്തി കാഴ്ചക്കാരെ അസ്വസ്ഥമാക്കി. കുട്ടികൾ നോക്കി നിൽക്കെ ഇത്രയും ക്രൂരമായി പ്രവർത്തിക്കാൻ അയാൾക്ക് എങ്ങനെ കഴിഞ്ഞുവെന്നായിരുന്നു മിക്കയാളുകളും ചോദിച്ചത്. ഇത്രയും സംഭവം നടന്നിട്ടും യുവതിയെ സഹായിക്കാൻ ആരും തയ്യാറാകാത്തതെന്തെന്നും ചിലർ ചോദിച്ചു. അതേസമയം ഇരുകുടുംബങ്ങൾക്കും ഇടയിൽ നേരത്തെ തർക്കം നിലനിന്നിരുന്നതായി ഡാങ് ചി താൻ പോലീസിനോട് സമ്മതിച്ചു. അപ്പാർട്ട്മെന്റ് കെട്ടിടത്തിന്റെ ഒന്നാം നിലയിൽ കുട്ടിയോടൊപ്പം നിൽക്കുന്ന മിസ് എൻടിയെ കണ്ടപ്പോൾ കുട്ടികൾ ഒരുമിച്ച് കളിക്കാത്തതിനെ കുറിച്ച് സംസാരിക്കാൻ ചെന്നെന്നും എന്നാൽ, സംഭാഷണം തർക്കത്തിലെത്തിയെന്നും ഇയാൾ പോലീസിനോട് പറഞ്ഞു. ഇതേതുടർന്ന് മാപ്പ് പറയാൻ ആവശ്യപ്പെട്ടെങ്കിലും എൻട്രി അതിന് തയ്യാറായില്ല. ഇതോടെ പ്രകോപിതനായ താൻ അവരെ മർദ്ദിക്കുകയായിരുന്നെന്നും ഇയാൾ പോലീസിനോട് സമ്മതിച്ചു. വിയറ്റ്നാം നിയമ പ്രകാരം ഡാങ് ചി താന്‍ 17,000 രൂപ മുതൽ 1,70,000 രൂപ വരെ പിഴയോ രണ്ട് വർഷം വരെ തടവോ ലഭിക്കാമെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.


