അൽബേനിയൻ - ഗ്രീക്ക് അതിർത്തിയിലെ ഒരു സൾഫർ ഗുഹയിൽ ലോകത്തിലെ ഏറ്റവും വലിയ ചിലന്തി കോളനി ശാസ്ത്രജ്ഞർ കണ്ടെത്തി. വിഷവാതകം നിറഞ്ഞതും സൂര്യപ്രകാശമില്ലാത്തതുമായ ഈ കഠിനമായ ആവാസവ്യവസ്ഥയിലാണ് ഒരു ലക്ഷത്തോളം ചിലന്തികൾ ജീവിക്കുന്നത്. 

ൽബേനിയൻ - ഗ്രീക്ക് അതിർത്തിയിലെ ഒരു ഗുഹയ്ക്കുള്ളിൽ ശാസ്ത്രജ്ഞർ കണ്ടെത്തിയത് ലോകത്തിലെ ഏറ്റവും വലിയ ചിലന്തിവല! സാധാരണയായി നമ്മുടെ വീടുകളിലും പരിസരങ്ങളിലും കാണപ്പെടാറുള്ള വിവിധ ചിലന്തി വിഭാഗങ്ങളിൽ പെട്ട 69,000 ചിലന്തികളും 42,000-ത്തിലധികം കുള്ളൻ വീവർ ചിലന്തികളും ഉൾപ്പെടുന്ന ഈ കോളനിയുടെ ആകെ വിസ്തീർണ്ണം 1,140 ചതുരശ്ര അടിയാണ്.

കടുത്ത സൾഫ‍ർ സാന്നിധ്യം

വേണ്ടത്ര സൂര്യപ്രകാശം ലഭിക്കാത്ത അതേസമയം, ഉയർന്ന അളവിൽ വിഷാംശമുള്ള ഹൈഡ്രജൻ - സൾഫർ വാതകത്തിന്‍റെ സാന്നിധ്യമുള്ള ഒരു സൾഫർ ഗുഹയിൽ ഈ ചിലന്തി കോളനി എങ്ങനെ നിലനിന്നു എന്നതാണ് ഇപ്പോൾ ഗവേഷകരെ ആശയക്കുഴപ്പത്തിലാക്കിയിരിക്കുന്നത്. ഭൂമിയിലെ ഏറ്റവും കഠിനമായ ആവാസ വ്യവസ്ഥകളിൽ ഒന്നാണ് സൾഫർ ഗുഹകൾ. അവ പൂർണ്ണമായും ഇരുണ്ടതും ഹൈഡ്രജൻ സൾഫൈഡ് വാതകം നിറഞ്ഞതുമാണ്, അതുകൊണ്ടുതന്നെ മിക്ക ജീവജാലങ്ങൾക്കും ഇതിനുള്ളിൽ അതിജീവനം അസാധ്യമാണ്.

Scroll to load tweet…

ജേണൽ സബ്‌ടെറേനിയൻ ബയോളജിയിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ തങ്ങൾ കണ്ടെത്തിയ ചിലന്തി കോളനിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഗവേഷകർ പങ്കുവെച്ചിട്ടുണ്ട്. ഇത് പ്രകാരം, ചിലന്തി കോളനി സൾഫർ ഗുഹയുടെ സൾഫിഡിക് അരുവിയുടെ കരയിലാണ് കണ്ടെത്തിയത്, ഗുഹാമുഖത്ത് നിന്ന് ഏകദേശം 50 മീറ്റർ അകലെ സ്ഥിരമായി ഇരുണ്ട മേഖലയിലാണുള്ളത്.

അസാധാരണമായ സഹകരണം

സൾഫർ കേവ് സ്പൈഡർ കോളനി ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ഒന്നാണ്, ഇതിൽ ഉൾപ്പെട്ടിരിക്കുന്ന ജീവിവർഗ്ഗങ്ങൾ ഈ രീതിയിൽ ഒത്തുചേരുകയും സഹകരിക്കുകയും ചെയ്യുന്നതായി മുമ്പ് അറിയപ്പെട്ടിരുന്നില്ല. ഗവേഷണ സംഘത്തിലെ അംഗമായ റൊമാനിയയിലെ സാപിയൻഷ്യ ഹംഗേറിയൻ യൂണിവേഴ്‌സിറ്റിയിലെ ബയോളജി അസോസിയേറ്റ് പ്രൊഫസറായ ഇസ്താൻ ഉറാക്, രണ്ട് പ്രബല ചിലന്തി ഇനങ്ങൾ ഒരുമിച്ച് ജീവിക്കുന്നത് ഒരു സവിശേഷ സംഭവമാണെന്ന് അഭിപ്രായപ്പെട്ടു.

ഗുഹയ്ക്കുള്ളിലെ ചിലന്തികൾ പുറത്ത് താമസിക്കുന്ന അവയുടെ അതേ വർഗ്ഗത്തിൽപ്പെട്ട ചിലന്തികളിൽ നിന്ന് ജനിതകമായി വ്യത്യാസപ്പെട്ടിരിക്കുന്നതായി പഠനത്തിൽ കണ്ടെത്തി. ഇത് ഗുഹാവാസികളായ ചിലന്തികൾ അവരുടെ ചുറ്റുപാടുകളുമായി പൊരുത്തപ്പെട്ടു എന്നതിന്‍റെ സൂചനയാണിത്. ചെക്ക് സ്‌പെലിയോളജിക്കൽ സൊസൈറ്റിയിലെ ഗുഹാ ഗവേഷകർ 2022-ലാണ് ഈ കൂറ്റൻ ചിലന്തിവല ആദ്യമായി കണ്ടെത്തിയത്. 2024 -ൽ, ശാസ്ത്രജ്ഞരുടെ ഒരു സംഘം ഗുഹ സന്ദർശിച്ചു, അതേസമയം ഇപ്പോഴാണ് ഈ ഗവേഷണത്തെ കുറിച്ചുള്ള പഠനങ്ങൾ പുറത്തുവിടുന്നത്.