ഇന്ത്യൻ റെയിൽവേയുടെ ഐആർസിടിസി "02 ജ്യോതിർലിംഗ വിത് ദക്ഷിണ ദർശൻ യാത്ര" എന്ന പേരിൽ പുതിയ തീർത്ഥാടന പാക്കേജ് അവതരിപ്പിച്ചു. നവംബര്‍ 25ന് ഇൻഡോറിൽ നിന്ന് യാത്ര ആരംഭിക്കും.

തീർത്ഥാടകർക്കായി ദക്ഷിണ ദർശൻ യാത്ര പാക്കേജ് അവതരിപ്പിച്ച് ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി). ‘02 ജ്യോതിർലിംഗ വിത് ദക്ഷിണ ദർശൻ യാത്ര’ എന്നാണ് പ്രത്യേക പാക്കേജിന്റെ പേര്. 10 രാത്രിയും 11 പകലും നീണ്ടുനിൽക്കുന്ന ഈ തീർത്ഥാടനം നവംബർ 25-ന് ഇൻഡോറിൽ നിന്ന് ആരംഭിക്കും. ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിനിലാണ് യാത്ര. ദക്ഷിണേന്ത്യയിലെ പുണ്യസ്ഥലങ്ങളായ തിരുപ്പതി, രാമേശ്വരം (ജ്യോതിര്‍ലിംഗം), മധുര, കന്യാകുമാരി, ശ്രീശൈലം (മല്ലികാർജ്ജുന ജ്യോതിർലിംഗം) എന്നിവിടങ്ങളിലേക്കാണ് കുറഞ്ഞ ചെലവിൽ ആത്മീയ യാത്ര സംഘടിപ്പിക്കുന്നത്.

പാക്കേജ് വിവരങ്ങൾ

"ദേഖോ അപ്നാ ദേശ്" എന്ന ഇന്ത്യൻ റെയിൽവേയുടെ പദ്ധതിയുടെ ഭാഗമായാണ് ഐആർസിടിസി ഈ ട്രെയിൻ സർവീസ് നടത്തുന്നത്. ട്രെയിനിൽ മൂന്ന് ക്ലാസുകളിലായി താമസസൗകര്യം ലഭ്യമാണ്.

  • ഇക്കണോമി ക്ലാസ് (സ്ലീപ്പര്‍) - 20,000 രൂപ
  • സ്റ്റാൻഡേര്‍ഡ് ക്ലാസ് (3 എസി) - 32,800 രൂപ
  • കംഫര്‍ട്ട് ക്ലാസ് (2 എസി) - 43,300 രൂപ

ഇൻഡോർ, ഉജ്ജയിൻ, ശുജൽപൂർ, സെഹോർ, റാണി കമലാപതി, ഇറ്റാർസി, ബേതുൽ, നാഗ്പൂർ തുടങ്ങിയ സ്റ്റേഷനുകളിൽ നിന്ന് യാത്രക്കാർക്ക് ട്രെയിനിൽ കയറാം.

ക്ഷേത്ര ദർശന വിവരങ്ങൾ

1. തിരുപ്പതി 

ഇന്ത്യയിൽ ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന പുണ്യസ്ഥലങ്ങളിൽ ഒന്നായ തിരുപ്പതിയാണ് യാത്രയുടെ ആദ്യ കേന്ദ്രം. നവംബർ 27-ന് റേണിഗുണ്ട റെയിൽവേ സ്റ്റേഷനിൽ എത്തിയ ശേഷം, വെങ്കടേശ്വര സ്വാമിക്ക് സമർപ്പിച്ചിട്ടുള്ള തിരുപ്പതി ബാലാജി ക്ഷേത്രം സന്ദർശിക്കും. അടുത്ത ദിവസം, പദ്മാവതി ക്ഷേത്രത്തിലും ദർശനം നടത്തും.

2. രാമേശ്വരം

രാമായണവുമായി ബന്ധമുള്ള മനോഹരമായ രാമേശ്വരത്തേയ്ക്കാണ് അടുത്ത യാത്ര. ഇവിടെ എത്തിയ ശേഷം പ്രശസ്തമായ രാമനാഥസ്വാമി ക്ഷേത്രം സന്ദർശിക്കും. ഇത് പരമശിവനായി സമർപ്പിച്ചിട്ടുള്ള ഒരു ജ്യോതിർലിംഗ ക്ഷേത്രം കൂടിയാണ്. മനോഹരമായ ഇടനാഴികളും പുണ്യതീർത്ഥക്കുളങ്ങളും ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്. ഇത് ചാതുർദ്ധാമ തീർത്ഥാടന സർക്യൂട്ടിൽ ഉൾപ്പെടുന്നു.

3. മധുര‌‌‌

ഇന്ത്യയുടെ സാംസ്കാരിക തലസ്ഥാനങ്ങളിലൊന്നായ മധുരയിലേക്കാണ് അടുത്ത യാത്ര. ഇന്ത്യയിൽ തുടർച്ചയായി ജനവാസമുള്ള ഏറ്റവും പഴക്കം ചെന്ന നഗരങ്ങളിൽ ഒന്നാണിത്. ഇവിടെ മീനാക്ഷി ദേവിക്കും സുന്ദരേശ്വര ഭഗവാനും സമർപ്പിച്ച വാസ്തുവിദ്യാ വിസ്മയമായ മീനാക്ഷി അമ്മൻ ക്ഷേത്രം സന്ദർശിക്കും.

4. കന്യാകുമാരി

ഇന്ത്യൻ ഉപദ്വീപിന്റെ തെക്കേ അറ്റമാണ് കന്യാകുമാരി. ബംഗാൾ ഉൾക്കടൽ, അറബിക്കടൽ, ഇന്ത്യൻ മഹാസമുദ്രം എന്നിവ സംഗമിക്കുന്ന ഈ നഗരത്തിൽ ഒരു ദിവസം മുഴുവൻ കാഴ്ചകൾ കാണാൻ അവസരമുണ്ട്. വിവേകാനന്ദ റോക്ക് മെമ്മോറിയൽ, ഗാന്ധി മണ്ഡപം, കന്യാകുമാരി ക്ഷേത്രം എന്നിവ പ്രധാന ആകർഷണങ്ങളിൽ ഉൾപ്പെടുന്നു.

5. ശ്രീശൈലം

ആന്ധ്രാപ്രദേശിലെ നല്ലാമല കുന്നുകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന ശ്രീശൈലം, പുണ്യമായ മല്ലികാർജ്ജുന ജ്യോതിർലിംഗത്തിന് ആതിഥേയത്വം വഹിക്കുന്നു. ശിവനും പാർവതിയും ഒന്നിക്കുന്ന ഈ ക്ഷേത്രത്തിലെ ദർശനം പുനർജന്മത്തിൽ നിന്ന് മോചനം നൽകുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഇവിടുത്തെ ദർശനത്തിന് ശേഷം ഇൻഡോറിലേക്കുള്ള മടക്കയാത്ര ആരംഭിക്കും.

പാക്കേജിന്റെ കൂടുതൽ വിവരങ്ങൾ

  • സസ്യാഹാരം മാത്രം (പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം)
  • സ്ഥലം കാണുന്നതിനും യാത്രകൾക്കുമായി നോൺ-എസി ബസ്സുകൾ
  • ട്രെയിനിൽ ടൂർ എസ്‌കോർട്ടിന്റെയും സുരക്ഷാ ജീവനക്കാരുടെയും സേവനം
  • ഓരോ യാത്രക്കാരനും ഒരു ദിവസം 1 ലിറ്റർ കുപ്പിവെള്ളം
  • എല്ലാ യാത്രക്കാർക്കും യാത്രാ ഇൻഷുറൻസ്

ഈ യാത്രയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ IRCTC വെബ്സൈറ്റിൽ ലഭ്യമാണ്.