ക്രിസ്മസ്-ന്യൂ ഇയർ അവധിക്കാലത്ത് ഇന്ത്യക്കാർ ഏറ്റവും കൂടുതൽ തിരഞ്ഞെടുക്കുന്ന അന്താരാഷ്ട്ര ഡെസ്റ്റിനേഷനായി തായ്ലൻഡ് മാറിയെന്ന് മെയ്ക്ക് മൈ ട്രിപ്പ് റിപ്പോർട്ട്.  

ക്രിസ്മസ് - ന്യൂ ഇയർ അവധിക്കാലം ആഘോഷിക്കാൻ ഇന്ത്യക്കാർ ഏറ്റവും മുൻ​ഗണന നൽകുന്ന അന്താരാഷ്ട്ര ‍ഡെസ്റ്റിനേഷനായി തായ്ലൻഡ്. ഇന്ത്യൻ ഓൺലൈൻ ട്രാവൽ കമ്പനിയായ മെയ്ക്ക് മൈ ട്രിപ്പാണ് കണക്കുകൾ പുറത്തുവിട്ടിരിക്കുന്നത്. ഫെസ്റ്റിവൽ സീസണിലെ മുൻനിര അന്താരാഷ്ട്ര ഡെസ്റ്റിനേഷനായി തായ്‌ലൻഡ് ഉയർന്നുവന്നുവെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. യുണൈറ്റഡ് അറബ് എമിറേറ്റ്‌സിനെ (യുഎഇ) മറികടന്നാണ് തായ്ലൻഡ് ഒന്നാമത് എത്തിയത്. 

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഡിസംബർ 20നും 2026 ജനുവരിക്കും ഇടയിലുള്ള ബുക്കിംഗ് ട്രെൻഡുകൾ തായ്ലൻഡിന്റെ ജനപ്രീതി വ്യക്തമാക്കുന്നു. യുഎഇ രണ്ടാം സ്ഥാനം നേടിയപ്പോൾ ശ്രീലങ്ക മൂന്നാം സ്ഥാനത്ത് എത്തി. കഴിഞ്ഞ വർഷത്തെ ഏഴാം സ്ഥാനത്തു നിന്ന് വിയറ്റ്നാം 2025ൽ നാലാം സ്ഥാനത്തേക്ക് കുതിച്ചുയർന്നു. മലേഷ്യയാണ് അഞ്ചാം സ്ഥാനത്ത്. ഇന്തോനേഷ്യ, സിംഗപ്പൂർ, യുകെ, യുഎസ്, ഹോങ്കോംഗ് എന്നിവയാണ് ആദ്യ പത്തിൽ ഇടംപിടിച്ച മറ്റ് ഡെസ്റ്റിനേഷനുകൾ. ഇന്ത്യൻ സഞ്ചാരികൾക്കിടയിൽ തായ്‌ലൻഡ് പോലെയുള്ള ഹ്രസ്വ ദൂര വിനോദസഞ്ചാര കേന്ദ്രങ്ങളാണ് ബുക്കിംഗുകളിൽ ആധിപത്യം പുലർത്തിയതെന്ന് റിപ്പോർട്ട് എടുത്തുകാണിക്കുന്നു.

ബജറ്റ് ഫ്രണ്ട്ലി യാത്രകൾക്ക് അനുയോജ്യമായ ഡെസ്റ്റിനേഷനാണ് തായ്ലൻഡ്. ഇന്ത്യൻ സഞ്ചാരികൾക്ക് എന്നും പ്രിയപ്പെട്ടയിടമാണിത്. തായ്ലൻഡിലെത്തിയാൽ ബാങ്കോക്കാണ് പ്രധാനമായും സന്ദർശിക്കേണ്ടത്. ഡിസംബറിൽ ബാങ്കോക്കിലെ രാത്രികളും സ്ട്രീറ്റ് ഫുഡുമൊക്കെ ആസ്വദിക്കാനായി നിരവധിയാളുകളാണ് എത്തുന്നത്. മൂടൽമഞ്ഞുള്ള പ്രഭാതങ്ങൾ, ആന സങ്കേതങ്ങൾ, കഫേകൾ എന്നിവയെല്ലാം ഈ സമയത്ത് കണ്ടിരിക്കണം.