ഇന്ത്യയും ചൈനയും തമ്മിലുള്ള നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നതോടെ ബീജിംഗിലേക്കുള്ള യാത്ര എളുപ്പമാകും.

അഞ്ച് വർഷത്തിലേറെ നീണ്ട ഇടവേളയ്ക്ക് ശേഷം നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കാൻ ഒരുങ്ങുകയാണ് ഇന്ത്യയും ചൈനയും. ലോകത്തിലെ ഏറ്റവും വലിയ രണ്ട് സമ്പദ്‌വ്യവസ്ഥകളെ വീണ്ടും ബന്ധിപ്പിക്കുക എന്നതിലുപരിയായി ഏഷ്യയിലെ ഏറ്റവും ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങൾ സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർക്ക് മുന്നിൽ വീണ്ടും വാതിൽ തുറക്കുകയും ചെയ്യുന്ന ഒരു തീരുമാനമാണിത്. ബീജിംഗിലേക്ക് ആദ്യമായി യാത്ര പോകാൻ പ്ലാൻ ചെയ്യുന്നവർക്ക് ചരിത്ര, സാംസ്കാരിക സമ്പന്നമായ കാഴ്ചകളാണ് ആസ്വദിക്കാനാകുക. വൻമതിൽ പോലെയുള്ള പ്രകൃതി അത്ഭുതങ്ങളും ബീജിം​ഗ് സഞ്ചാരികൾക്കായി കാത്തുവെച്ചിട്ടുണ്ട്. ആദ്യമായി ബീജിംഗിൽ എത്തുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട 5 സ്ഥലങ്ങൾ ഇവയാണ് -

1. ചൈനയിലെ വൻമതിൽ

ലോകത്തിലെ ഏറ്റവും പ്രശസ്തമായ വൻമതിലിലൂടെ നടക്കാതെ ചൈനയിലേക്കുള്ള യാത്ര പൂർണമാകില്ല. ബീജിംഗിന് തൊട്ടുപുറത്ത്, മുതിയാൻയു, ജിൻഷാൻലിംഗ് പോലുള്ള ഭാഗങ്ങൾ വിശാലമായ പർവതക്കാഴ്ചകൾ പ്രദാനം ചെയ്യുന്നു. തിരക്കേറിയ ബദാലിംഗ് സ്ട്രെച്ചിനെ അപേക്ഷിച്ച് ഇവിടങ്ങളിൽ തിരക്ക് കുറവാണ്.

2. ദി ഫോ‍ർബിഡൻ സിറ്റി

മിങ്, ക്വിങ് ചക്രവർത്തിമാരുടെ ആസ്ഥാനമായിരുന്ന, യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലിടം പിടിച്ച ഫോർബിഡൻ സിറ്റി സാമ്രാജ്യത്വ ചൈനയുടെ ഹൃദയത്തിലേക്കുള്ള കവാടമാണ്. സ്വർണ്ണ മേൽക്കൂരകളും വിശാലമായ മുറ്റങ്ങളുമുള്ള അമ്പരപ്പിക്കുന്ന കൊട്ടാര സമുച്ചയം ചൈനീസ് രാജവംശ ഭൂതകാലത്തെ അ‌ടയാളപ്പെടുത്തുന്ന ഒരു മ്യൂസിയമാണ്.

3. ടിയാനൻമെൻ സ്ക്വയർ

ലോകത്തിലെ ഏറ്റവും വലിയ പൊതുചത്വരങ്ങളിൽ ഒന്നായ ടിയാനൻമെൻ സ്ക്വയർ കാണേണ്ട കാഴ്ച തന്നെയാണ്. ചരിത്രപരമായും രാഷ്ട്രീയപരമായും വളരെയേറെ പ്രത്യേകതകളുള്ള സ്ഥലമാണിത്. ചൈനീസ് ചരിത്രത്തിലെ നിരവധി പ്രധാന സംഭവങ്ങൾക്ക് വേദിയായതിനാൽ ഇതിന് വലിയ സാംസ്കാരിക പ്രാധാന്യമുണ്ട്. ചൈനീസ് വാസ്തുവിദ്യയുടെ അതിശയക്കാഴ്ചകൾ ഇവിടെ കാണാം.

4. സമ്മർ പാലസ്

നഗരത്തിന്റെ തിരക്കുകളിൽ നിന്ന് മാറി വില്ലോ മരങ്ങൾ നിറഞ്ഞ തടാകങ്ങൾ, അലങ്കരിച്ച പവലിയനുകൾ, പൂന്തോട്ടങ്ങൾ എന്നിവ സമ്മർ പാലസിൽ കാണാം. വൈകുന്നേരങ്ങളിൽ കുൻമിംഗ് തടാകത്തിലൂടെയുള്ള ബോട്ട് യാത്ര ഒരിക്കലും മറക്കാനാകാത്ത അനുഭവങ്ങളാണ് സമ്മാനിക്കുക.

5. ടെമ്പിൾ ഓഫ് ഹെവൻ

പതിനഞ്ചാം നൂറ്റാണ്ടിലെ മിങ് വാസ്തുവിദ്യയുടെ മാസ്റ്റർപീസാണ് ടെമ്പിൾ ഓഫ് ഹെവൻ. ഒരുകാലത്ത് ചക്രവർത്തിമാർ നല്ല വിളവെടുപ്പിനായി ഇവിടെ പ്രാർത്ഥിച്ചിരുന്നു. ഇവിടുത്തെ മൂന്ന് മേൽക്കൂരയുള്ള, വൃത്താകൃതിയിലുള്ള പ്രാർത്ഥനാ ഹാൾ ചൈനയുടെ ആത്മീയ പാരമ്പര്യങ്ങളുടെ ശ്രദ്ധേയമായ പ്രതീകമാണ്.