ഇന്ത്യൻ സീനിയർ ടീമിനായി അരങ്ങേറ്റം കുറിച്ചാൽ, ഇന്ത്യക്ക് വേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡ് വൈഭവിന് സ്വന്തമാകും.

മുംബൈ: ഐപിഎല്ലിൽ വെടിക്കെട്ട് തീര്‍ക്കുന്ന രാജസ്ഥാന്‍ റെയല്‍സിന്‍റെ കൗമാര വിസ്മയം വൈഭവ് സൂര്യവംശി ഇന്ത്യൻ സീനിയര്‍ ടീമിലേക്ക്. ജൂണില്‍ നടക്കാനിരിക്കുന്ന ഇന്ത്യൻ ടീമിന്‍റെ അയർലൻഡ് പര്യടനത്തിൽ വൈഭവിനെ ടീമില്‍ ഉൾപ്പെടുത്തിയേക്കുമെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. അയർലൻഡിനെതിരെയുള്ള ടി-20 പരമ്പരയ്ക്കുള്ള താരങ്ങളുടെ ചുരുക്കപ്പട്ടികയിൽ സെലക്ഷൻ കമ്മിറ്റി വൈഭവിനെ ഉൾപ്പെടുത്തിയതായാണ് റിപ്പോർട്ട്.

ഇന്ത്യൻ സീനിയർ ടീമിനായി അരങ്ങേറ്റം കുറിച്ചാൽ, ഇന്ത്യക്ക് വേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡ് വൈഭവിന് സ്വന്തമാകും. നിലവിൽ ഷഫാലി വർമ്മയുടെ (15 വയസ്, 7 മാസം, 27 ദിവസം) പേരിലുള്ള റെക്കോർഡാണ് വൈഭവിന് സ്വന്തമാകുക. പതിനാറാം വയസില്‍ പുരുഷ ക്രിക്കറ്റില്‍ അരങ്ങേറിയ ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ നേട്ടവും വൈഭവ് തകര്‍ക്കും.

ഐപിഎല്ലില്‍ രാജസ്ഥാൻ റോയൽസിന് വേണ്ടി 5 ഇന്നിംഗ്‌സുകളിൽ നിന്ന് 263.16 എന്ന വമ്പൻ പ്രഹരശേഷിയിൽ 200 റൺസാണ് വൈഭവ് ഇതുവരെ നേടിയത്. മുംബൈ ഇന്ത്യൻസിനെതിരെയുള്ള മത്സരത്തിൽ ലോകോത്തര പേസർ ജസ്പ്രീത് ബുംറയുടെ ആദ്യ പന്തിൽ തന്നെ സിക്സർ പറത്തിയാണ് വൈഭവ് ഞെട്ടിച്ചത്.

കഴിഞ്ഞ ഐപിഎൽ സീസണിൽ അരങ്ങേറ്റം കുറിച്ച വൈഭവ്, ഷാർദുല്‍ താക്കൂറിന്‍റെ നേരിട്ട ആദ്യ പന്തിൽ തന്നെ സിക്സർ അടിച്ചാണ് വരവറിയിച്ചത്. 35 പന്തിൽ സെഞ്ച്വറി തികച്ച് ഐപിഎല്ലിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറി നേടുന്ന ഇന്ത്യൻ താരം എന്ന റെക്കോർഡും ഇതിനോടകം സ്വന്തമാക്കി കഴിഞ്ഞു. ബ്രയാൻ ലാറയെയും യുവരാജ് സിംഗിനെയും ആരാധിക്കുന്ന ഈ ഇടംകൈയ്യൻ ബാറ്ററുടെ പ്രതിഭയെ ഐപിഎൽ ചെയർമാൻ അരുൺ ധൂമലും പ്രശംസിച്ചിരുന്നു. ജൂണിൽ നടക്കുന്ന അയർലൻഡ് പര്യടനത്തിൽ ഇന്ത്യയുടെ രണ്ടാം നിര ടീമിനെയായിരിക്കും അയക്കുക എന്നാണ് സൂചന. അവിടെ വൈഭവ് ഇന്ത്യൻ ജേഴ്‌സിയിൽ എത്തുമോ എന്ന് കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക