ഗില്ലിന് പകരം യശസ്വി ജയ്സ്വാളായിരുന്നു ഓപ്പണറായി കളിക്കേണ്ടിയിരുന്നത്. കാരണം, 2024ലെ ലോകകപ്പ് ടീമിന്‍റെ ഭാഗമായിരുന്നു ജയ്സ്വാള്‍

ദില്ലി: ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ഓപ്പണര്‍മാരായി ടീമിലെത്തിയത് മലയാളി താരം സഞ്ജു സാംസണും അഭിഷേക് ശര്‍മയും ബാക്ക് അപ്പ് ഓപ്പണറായി ടീമിലെത്തിയത് ഇഷാന്‍ കിഷനുമായിരുന്നു. വൈസ് ക്യാപ്റ്റനായിരുന്ന ശുഭ്മാൻ ഗില്ലിനെ തഴഞ്ഞാണ് സഞ്ജുവിനെ പ്രധാന വിക്കറ്റ് കീപ്പറും ഓപ്പണറുമായി സെലക്ടര്‍മാര്‍ ടീമിലെടുത്തത്.

എഷ്യാ കപ്പിന് മുമ്പ് വരെ സഞ്ജു സാംസണായിരുന്നു അഭിഷേക് ശര്‍മക്കൊപ്പം ഇന്ത്യൻ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്തിരുന്നത്. ഓപ്പണറായി മൂന്ന് സെഞ്ചുറികളും സഞ്ജു നേടി. എന്നാല്‍ ഏഷ്യാ കപ്പ് മുതല്‍ ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പര വരെ ഗില്ലിനെ വൈസ് ക്യാപ്റ്റനും ഓപ്പണറുമായി പരീക്ഷിച്ച് പരാജയപ്പെട്ടതോടെയാണ് സഞ്ജു ലോകകപ്പ് ടീമില്‍ വീണ്ടും ഓപ്പണറായത്. എന്നാല്‍ ഗില്ലിനെ വെച്ചുള്ള പരീക്ഷണം മറ്റൊരു ഓപ്പണറുടെ കൂടെ ലോകകപ്പ് സാധ്യതകള്‍ അടച്ചുവെന്ന് തുറന്നു പറയുകയാണ് മുന്‍ ഇന്ത്യൻ താരം ആകാശ് ചോപ്ര. 2024ലെ ടി20 ലോകകപ്പ് ടീമിന്‍റെ ഭാഗമായിരുന്ന യശസ്വി ജയ്സ്വാളിന്‍റെ സാധ്യതകളാണ് ഗില്ലിനെ വെച്ചുള്ള പരീക്ഷണത്തോടെ ഇല്ലാതായതെന്ന് ആകാശ് ചോപ്ര പറഞ്ഞു.

ഗില്ലിന് പകരം യശസ്വി ജയ്സ്വാളായിരുന്നു ഓപ്പണറായി കളിക്കേണ്ടിയിരുന്നത്. കാരണം, 2024ലെ ലോകകപ്പ് ടീമിന്‍റെ ഭാഗമായിരുന്നു ജയ്സ്വാള്‍. എന്നാല്‍ ടീമില്‍ ഒഴിവില്ലാത്തതിനാല്‍ അന്ന് പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചില്ല. അതിന് മുമ്പ് കളിച്ചപ്പോള്‍ സെഞ്ചുറി നേടിയ താരം കൂടിയാണ് ജയ്സ്വാള്‍. മൂന്ന് ഫോര്‍മാറ്റിലും സെഞ്ചുറി നേടിയ ആറ് ഇന്ത്യൻ താരങ്ങളില്‍ ഒരാളുമാണ് അവന്‍. എന്നാല്‍ പരീക്ഷണങ്ങള്‍ തുടര്‍ന്നപ്പോള്‍ ജയ്സ്വാള്‍ ടീമില്‍ നിന്ന് പുറത്തായി. സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരായി തിളങ്ങിയപ്പോള്‍ ജയ്സ്വാള്‍ സാധ്യതാ ടീമുകളില്‍ പോലും എത്തിയില്ല. അതിനുശേഷം ഗില്ലിനെവെച്ചുള്ള പരീക്ഷണം കൂടിയായതോടെ അവന്‍ പൂര്‍ണമായും പുറത്തായി. ഗില്ലിനെ ടീമിലെടുത്തുവെന്ന് മാത്രമല്ല, വൈസ് ക്യാപ്റ്റനുമാക്കി. അതോടെ ഗില്ലിനെ ഒഴിവാക്കാന്‍ പറ്റാത്ത സ്ഥിതി വന്നു.

ഞാനായിരുന്നു സെലക്ടറെങ്കില്‍ തീര്‍ച്ചയായും ജയ്സ്വാളിനെ ഏഷ്യാ കപ്പില്‍ ഓപ്പണറാക്കുമായിരുന്നു. എന്നാല്‍ പിന്നീട് നടന്നതെല്ലാം ചരിത്രമായിരുന്നുവെന്ന് ആകാശ് ചോപ്ര യുട്യൂബ് ചാനലില്‍ പറഞ്ഞു. ലോകകപ്പ് ടീമിനെ തെരഞ്ഞെടുത്തപ്പോള്‍ സഞ്ജുവിനെ ഓപ്പണറും പ്രധാന വിക്കറ്റ് കീപ്പറുമാക്കിയതോടെ ബാക്ക് അപ്പ് കീപ്പർ അനിവര്യമായി. അതും ജയ്സ്വാളിന്‍റെ വഴിയടയാന്‍ കാരണമായി. ഗില്ലിനെ പുറത്താക്കിയിട്ടും ജയ്സ്വാളിന് ലോകകപ്പ് ടീമിലെത്താന്‍ കഴിയാതിരുന്നത് ടീമിന്‍റെ ബാലന്‍സ് കാരണമാണെന്നും ആകാശ് ചോപ്ര വ്യക്തമാക്കി. സഞ്ജുവിന് ഏതെങ്കിലും മത്സരത്തില്‍ വയറുവേദനമൂലം കളിക്കാന്‍ കഴിയാതിരുന്നാല്‍ പോലും പകരം പരിഗണിക്കാനൊരു കീപ്പറില്ലാത്തതിനാലാണ് കിഷനെ ടീമിലെടുത്തത്. വരാനിരിക്കുന്ന ഐപിഎല്‍ ജയ്സ്വാളിന്‍റെ ടി20 ഭാവിക്ക് നിര്‍ണായകമായിരിക്കുമെന്നും ചോപ്ര മുന്നറിയിപ്പ് നല്‍കി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക