ഫഖര്‍ സമാനെ പോലെ ഒറ്റയ്ക്ക് ടി20 മത്സരം ജയിപ്പിക്കാൻ കഴിയുന്ന താരങ്ങള്‍ ഡഗൗട്ടിലിരിക്കുമ്പോഴാണ് ബാബറിന്റെ സമീപനം പാക്കിസ്ഥാനെ സമ്മര്‍ദത്തിലേക്ക് തള്ളിവിടുന്നത്
പാക്കിസ്ഥാൻ - യുഎസ്എ മത്സരം. പാക് ഇന്നിങ്സിന്റെ ഏഴാം ഓവറില്‍ സ്ക്രീനില്‍ ഒരു പട്ടിക തെളിഞ്ഞു. ട്വന്റി 20 ലോകകപ്പ് ചരിത്രത്തില്‍ 500 റണ്‍സിന് മുകളില്‍ സ്കോർ ചെയ്ത ബാറ്റർമാരില്‍ ഏറ്റവും കുറവ് സ്ട്രൈക്ക് റേറ്റുള്ളവരുടെ നിരയായിരുന്നു അത്. പാക്കിസ്ഥാൻ ബാറ്റിങ് യൂണിറ്റിലെ ദുർബല കണ്ണി ആരാണെന്നത് വ്യക്തമായ നിമിഷം, ബാബർ അസം. ബാബറായിരുന്നു ആ പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. സ്ട്രൈക്ക് റേറ്റ് കേവലം 110 മാത്രം.
വിരാട് കോഹ്‌ലിയോട് ഒരുകാലത്ത് ഉപമിക്കപ്പെട്ടിട്ടുള്ള ബാബർ, ഇന്ന് ട്വന്റി 20യില്‍ ബാറ്റ് ചെയ്യാൻ അനുയോജ്യനാണോ എന്ന ചോദ്യം ഉയർന്നിരിക്കുന്നു. കാരണം ബാബർ തന്നെയാണ്. ട്വന്റി 20യുടെ വേഗതയ്ക്കൊപ്പം സഞ്ചരിക്കാൻ മടിക്കുന്ന ബാബറിന്റെ ബാറ്റിങ് ശൈലി. ലോകകപ്പിലെ നെതർലൻഡ്‌സിനെതിരായ ആദ്യ മത്സരം. കേവലം 148 റണ്‍സ് മാത്രം പിന്തുടർന്ന പാക്കിസ്ഥാനെ തോല്‍വിക്കരികിലേക്ക് തള്ളിയിട്ടത് ബാബറായിരുന്നു.
അഞ്ചാം ഓവറില്‍ ക്രീസിലെത്തിയ ബാബർ നേടിയത് 18 പന്തില്‍ 15 റണ്‍സ് മാത്രമാണ്. 15 പന്തില്‍ ബാറ്റർമാർ അർദ്ധ സെഞ്ചുറി കുറിക്കുന്ന കാലത്താണ് 83 സ്ട്രൈക്ക് റേറ്റിലുള്ള ബാബറിന്റെ ഇന്നിങ്സ്. താരത്തിന്റെ മെല്ലപ്പോക്ക് ഉയർന്ന സ്ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്തിരുന്ന സഹിബ്‌സാദ ഫർഹാന് സമ്മർദം നല്‍കുകയും കൂറ്റനടിക്ക് പ്രേരിപ്പിക്കുകയും ചെയ്തു. അത് അവസാനിച്ച് ഫർഹാന്റെ വിക്കറ്റിലുമായിരുന്നു. ഫഹീം അഷ്‌റഫിന്റെ ഇന്നിങ്സാണ് പാക്കിസ്ഥാനെ തോല്‍വിയില്‍ നിന്ന് അന്ന് രക്ഷിച്ചത്.
സമാന സാഹചര്യം അമേരിക്കയ്ക്ക് എതിരായ മത്സരത്തില്‍ ആവർത്തിക്കുകയും ചെയ്തു. ബാബർ ക്രീസിലെത്തുമ്പോള്‍ പാക്കിസ്ഥാൻ സ്കോർ ആറ് ഓവറില്‍ 56 റണ്‍സായിരുന്നു. സമ്മർദമോ ബാറ്റിങ്ങിന് പ്രതികൂലമായ പശ്ചാത്തലമോ ഒന്നുമായിരുന്നില്ല. മറുവശത്ത് ഫർഹാൻ അനായാസം സ്കോറും ചെയ്യുന്നു. ഇവിടെയും ബാബർ ആദ്യം നേരിട്ട 18 പന്തില്‍ സ്കോർ ചെയ്തത് 15 റണ്‍സാണ്. മൂന്ന് ഓവറാണ് താരം നിലയുറപ്പിക്കാൻ വേണ്ടി മാത്രം പാഴാക്കിയത്.
ബൗണ്ടറി നേടാനുള്ള ശ്രമം പോലും ബാബറിന്റെ ബാറ്റില്‍ നിന്നുണ്ടായില്ല എന്നതാണ് അത്ഭുതപ്പെടുത്തുന്നത്. ലഭിച്ച ഫ്രീഹിറ്റാകാട്ടെ ഡീപ് സ്ക്വയര്‍ ലെഗിലേക്ക് തിരിച്ചുവിട്ട് സിംഗിളും നേടി. ബാബറിന് സ്കോറിങ് വേഗത്തിലാക്കാൻ കഴിയാത്തതാണോ എന്നോരു ചോദ്യം ഉയരാം ഇവിടെ. അതല്ല യുഎസ്എയ്ക്ക് എതിരായ ഇന്നിങ്സ് തന്നെ വ്യക്തമാക്കുന്നു. ശേഷം നേരിട്ട 14 പന്തില്‍ 31 റണ്‍സ് ബാബര്‍ നേടി. നാല് ഫോറും ഒരു സിക്‌സും.
ഹര്‍മീത് സിങ്ങിന്റെ ഓവറില്‍ മാത്രം 17 റണ്‍സ്, ബാബറിന്റെ ടി20 കരിയറിലെ തന്നെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ഓവര്‍. ലോഫ്റ്റഡ് ഡ്രൈവുകള്‍ക്കൊന്നും ബാബര്‍ തയാറാകുന്നില്ല എന്നതാണ് മറ്റൊരു പോരായ്മ. ഗ്രൗണ്ട് ഷോട്ടുകളിലൂടെ റണ്‍സ് നേടാനാണ് താരം ശ്രമിക്കുന്നതും. ഇന്നിങ്സിന്റെ തുടക്കത്തില്‍ സ്ട്രൈക്ക് റേറ്റ് നിലനിര്‍ത്താൻ ബൗണ്ടറികളെ ആയിരുന്നില്ല ബാബര്‍ ആശ്രയിച്ചത്, മറിച്ച് ഡബിള്‍ ഓടിയെടുത്തായിരുന്നു.
സിക്‌സറുകളുടെ എണ്ണം ഇരുടീമുകളേയും വേര്‍തിരിക്കുന്ന മത്സരങ്ങള്‍ കൂടുതലായും കണ്ടുവരുന്ന കാലത്തിലൂടെയാണ് ട്വന്റി 20 സഞ്ചരിക്കുന്നത്. അള്‍ട്ര അഗ്രസീവ് സമീപനമില്ലാതെ ടോപ് ടയര്‍ ടീമുകളെ കീഴടക്കുക പ്രയാസം. ഇവിടെയാണ് ബാബര്‍ ഏകദിന ശൈലി ട്വന്റി 20യില്‍ ഉപയോഗിക്കുന്നത്. കഴിഞ്ഞ ബിഗ് ബാഷ് ലീഗില്‍ സിഡ്‌നി സിക്‌സേഴ്‌സ് താരമായിരുന്നു ബാബര്‍. സിഡ്നി തണ്ടറിനെതിരായ മത്സരത്തില്‍ സഹ ഓപ്പണറായിരുന്ന സ്റ്റീവ് സ്മിത്ത് ഓവറിലെ അവസാന പന്തില്‍ സിംഗിള്‍ നിഷേധിച്ചിരുന്നു. ശേഷം സ്മിത്ത് പറഞ്ഞത് ബാബറിന് സിക്സ് അടിക്കാൻ കഴിയില്ല എന്നാണ്.
ബിഗ് ബാഷിലെ ബാബറിന്റെ പ്രകടനങ്ങളും ട്വന്റി 20ക്ക് അനുയോജ്യമായിരുന്നില്ല. 11 മത്സരങ്ങളില്‍ നിന്ന് 202 റണ്‍സാണ് ബാബര്‍ സ്കോര്‍ ചെയ്തത്. സ്ട്രൈക്ക് റേറ്റ് 103. സമാനമായ പ്രകടനം നടത്തിയ മുഹമ്മദ് റിസ്വാനെ ട്വന്റി 20 ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്താൻ പോലും പാക് ക്രിക്കറ്റ് ബോര്‍ഡ് തയാറായിരുന്നില്ല. അന്താരാഷ്ട്ര ട്വന്റി 20യില്‍ ഏറ്റവുമധികം റണ്‍സ് സ്കോര്‍ ചെയ്ത താരം കൂടിയാണ് ബാബര്‍, എന്നാല്‍ ബാബറിന്റെ ട്വന്റി 20 കരിയര്‍ അവസാനിക്കുന്ന കാലം വിദൂരമല്ലെന്ന് വേണം കരുതാൻ.
ഫഖര്‍ സമാനെ പോലെ ഒറ്റയ്ക്ക് മത്സരം ജയിപ്പിക്കാൻ കഴിയുന്ന താരങ്ങള്‍ ഡഗൗട്ടിലിരിക്കുമ്പോഴാണ് ബാബറിന്റെ സമീപനം പാക്കിസ്ഥാനെ സമ്മര്‍ദത്തിലേക്ക് തള്ളിവിടുന്നത്. അഗ്രസീവ് ക്രിക്കറ്റാണ് തങ്ങളുടെ ഫിലോസഫി എന്ന് പാക് നായകൻ സല്‍മാൻ അഗ പറയുമ്പോള്‍ ബാബര്‍ ടീമിനെ പിന്നോട്ട് അടിപ്പിക്കുന്നു. ഒരുപക്ഷേ, ബാബറിന്റെ കരിയറിലെ അവസാന ടി20 ലോകകപ്പായിരിക്കാം ഇത്, അല്ലെങ്കില്‍ രോഹിത് ശര്‍മ, കോഹ്ലി എന്നിവരെപ്പോലെ സമീപനം മാറ്റാൻ തയാറാകണം.
Powered by:



