ലോകകപ്പ് ടീമില്‍ ആരൊക്കെ ഇടം നേടുമെന്ന ചര്‍ച്ചകളും ആരാധകര്‍ക്കിടയില്‍ സജീവമാണ്. ഇതിനിടെ ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ തെരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഇന്ത്യൻ താരം കൂടിയായ ആകാശ് ചോപ്ര.

ദില്ലി: ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിന അജിത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി നാളെ പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്. ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പര പൂര്‍ത്തിയായശേഷമായിരിക്കും ലോകകപ്പിനും ന്യൂസിലന്‍ഡിനെതിരായ ഏകദിന, ടി20 പരമ്പരകള്‍ക്കുമുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിക്കുക.

ലോകകപ്പ് ടീമില്‍ ആരൊക്കെ ഇടം നേടുമെന്ന ചര്‍ച്ചകളും ആരാധകര്‍ക്കിടയില്‍ സജീവമാണ്. ഇതിനിടെ ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ തെരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഇന്ത്യൻ താരം കൂടിയായ ആകാശ് ചോപ്ര. ശുഭ്മാന്‍ ഗില്‍ വൈസ് ക്യാപ്റ്റനായി തുടരുന്ന കാര്യം സംശയമാണെന്ന് വ്യക്തമാക്കിയ ആകാശ് ചോപ്ര ഹാര്‍ദ്ദിക് പാണ്ഡ്യയെ ആണ് ലോകകപ്പ് ടീമിലെ വൈസ് ക്യാപ്റ്റനായി തെരഞ്ഞെടുത്തത് എന്നതും ശ്രദ്ധേയമാണ്. ടി20 ടീമില്‍ തിരിച്ചെത്തിയശേഷം ഓപ്പണറായി നിരാശപ്പെടുത്തുന്ന പ്രകടനമാണ് ഗില്‍ പുറത്തെടുക്കുന്നത്. ഫെബ്രുവരി ഏഴിനാണ് ടി20 ലോകകപ്പ് ആരംഭിക്കുന്നത്.

ആകാശ് ചോപ്ര തെരഞ്ഞെടുത്ത ലോകകപ്പ് ടീമില്‍ വൈസ് ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് മാറ്റിയെങ്കിലും ഓപ്പണറായി ശുഭ്മാൻ ഗില്ലിനെ നിലനിര്‍ത്തിയിട്ടുണ്ട്. ഗില്ലിനും അഭിഷേകിനുമൊപ്പം മലയാളി താരം സഞ്ജു സാംസണെയും ആകാശ് ചോപ്ര ഓപ്പണറായി ടീമിലെടുത്തിട്ടുണ്ട്. സഞ്ജു സാംസണെ രണ്ടാം വിക്കറ്റ് കീപ്പറായും ബാക്ക് അപ്പ് ഓപ്പണറായുമാണ് താന്‍ ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് ആകാശ് ചോപ്ര യുട്യൂബ് ചാനലില്‍ പറഞ്ഞു.

സൂര്യകുമാര്‍ ക്യാപ്റ്റനായി തുടരുമ്പോള്‍ തിലക് വര്‍മ, ഹാര്‍ദ്ദിക് പാണ്ഡ്യ, അക്സര്‍ പട്ടേല്‍, ശിവം ദുബെ എന്നിവരും 100 ശതമാനം ലോകകപ്പ് ടീമിലുണ്ടാവുമെന്ന് ആകാശ് ചോപ്ര പറഞ്ഞു. ജിതേഷ് ശര്‍മയെയാണ് സഞ്ജുവിനൊപ്പം വിക്കറ്റ് കീപ്പറായി ആകാശ് ചോപ്ര തെരഞ്ഞെടുത്തത്. സ്പിന്നര്‍മാരായി വാഷിംഗ്ടണ്‍ സുന്ദറും വരുണ്‍ ചക്രവര്‍ത്തിയും കുല്‍ദീപ് യാദവും ടീമിലുണ്ട്. പേസര്‍മാരായി ജസ്പ്രീത് ബുമ്രയും അര്‍ഷ്ദീപ് സിംഗും ഹര്‍ഷിത് റാണയെയുമാണ് ആകാശ് ചോപ്ര ടീമിലെടുത്തത്.

ആകാശ് ചോപ്ര തെരഞ്ഞെടുത്ത ഇന്ത്യയുടെ ടി20 ലോകകപ്പ് ടീം: അഭിഷേക് ശര്‍മ, ശുഭ്മാന്‍ ഗില്‍, സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഹാര്‍ദ്ദിക് പാണ്ഡ്യ, ശിവം ദുബെ, ജിതേഷ് ശര്‍മ, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുമ്ര, അര്‍ഷ്ദീപ് സിംഗ്, ഹര്‍ഷിത് റാണ, വാഷിംഗ്ടണ്‍ സുന്ദര്‍, അക്സര്‍ പട്ടേല്‍.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക