താരിഖ് പന്തെറിയുന്നതിന് മുൻപ് പെട്ടെന്ന് ആക്ഷന്‍ പോസ് ചെയ്യുമ്പോള്‍, അവൻ പന്തെറിയുന്നത് നിർത്തി എന്ന് ഞാൻ കരുതിയെന്ന് പറഞ്ഞ് ബാറ്റർക്ക് ക്രീസിൽ നിന്ന് മാറിനിൽക്കാം.

ചെന്നൈ: പന്തെറിയുന്നതിന് തൊട്ടുമുമ്പ് ബൗളിംഗ് ക്രീസിലെത്തി ആക്ഷന്‍ പോസ് ചെയ്ത് നിശ്ചലനായി നിൽക്കുകയും പിന്നീട് റൗണ്ട് ആം ആക്ഷനിലൂടെ പന്തെറിയുകയും ചെയ്യുന്ന പാകിസ്ഥാൻ ഓഫ് സ്പിന്നർ ഉസ്മാൻ താരിഖിനെ നേരിടാൻ വഴി ഉപദേശിച്ച് മുന്‍ ഇന്ത്യൻ താരം ആർ അശ്വിൻ. പന്തെറിയുന്നതിനിടെ താരിഖ് അപ്രതീക്ഷിതമായി നിക്കുമ്പോൾ, ബാറ്റർമാർ ക്രീസിൽ നിന്ന് മാറിനിൽക്കണമെന്നാണ് അശ്വിന്‍റെ ഉപദേശം.

താരിഖ് പന്തെറിയുന്നതിന് മുൻപ് പെട്ടെന്ന് ആക്ഷന്‍ പോസ് ചെയ്യുമ്പോള്‍, അവൻ പന്തെറിയുന്നത് നിർത്തി എന്ന് ഞാൻ കരുതിയെന്ന് പറഞ്ഞ് ബാറ്റർക്ക് ക്രീസിൽ നിന്ന് മാറിനിൽക്കാം. അത് അമ്പയർമാർക്ക് വലിയ തലവേദനയുണ്ടാക്കുന്ന കാര്യമായിരിക്കും. ഞാൻ ബാറ്റ് ചെയ്യുകയാണെങ്കിൽ തീർച്ചയായും അത് ചെയ്യും. പന്ത് എപ്പോഴാണ് റിലീസ് ചെയ്യുക എന്ന് എനിക്കറിയില്ലെന്ന് അമ്പയറോട് പറയാം. ബാക്കി കാര്യങ്ങൾ നോക്കേണ്ടത് അമ്പയറുടെ ഉത്തരവാദിത്തമാണെന്നും അശ്വിന്‍ പറഞ്ഞു. മത്സരത്തിന്‍റെ നിണായക ഘട്ടത്തിൽ ഇത്തരമൊരു നീക്കം നടത്തിയാൽ അത് ഉസ്മാൻ താരിഖിനെ കടുത്ത സമ്മർദ്ദത്തിലാക്കുമെന്നും അശ്വിൻ കൂട്ടിച്ചേർത്തു.

താരിഖിന്‍റെ ബൗളിംഗ് ആക്ഷൻ നിയമവിരുദ്ധമാണെന്ന് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ കെവിൻ പീറ്റേഴ്സൺ ഉൾപ്പെടെയുള്ളവർ ആരോപിച്ചിരുന്നു. എന്നാൽ അശ്വിൻ താരിഖിനെ പിന്തുണയ്ക്കുകയാണ് ചെയ്തത്. ഐസിസിയുടെ 15 ഡിഗ്രി നിയമം മൈതാനത്ത് വെച്ച് അമ്പയർമാർക്ക് അളക്കുക അസാധ്യമാണെന്നും, ഇതിനായി ആധുനിക സാങ്കേതിക വിദ്യകൾ മത്സരത്തിനിടെ ഉപയോഗിക്കണമെന്നും അശ്വിൻ ആവശ്യപ്പെട്ടു.

30-വയസ്സുകാരനായ താരിഖ് ഇതുവരെ കളിച്ച നാല് ടി20 മത്സരങ്ങളിൽ നിന്ന് 11 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. ആറിൽ താഴെ മാത്രമാണ് താരത്തിന്‍റെ ഇക്കോണമി റേറ്റ്. കൊളംബോയിലെ വേഗത കുറഞ്ഞ പിച്ചിൽ താരിഖിന്‍റെ സ്പിൻ ഇന്ത്യയ്ക്ക് വെല്ലുവിളിയാകാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിലാണ് അശ്വിന്‍റെ തന്ത്രം ഏറെ പ്രസക്തമാകുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക