ഒരു ടവല്‍ ചുറ്റി അമ്മയോടും സഹോദരിയോടും സംസാരിച്ച് ഡ്രസ്സിംഗ് റൂമിലൂടെ നടന്നുവന്ന റിങ്കു സീറ്റില്‍ വിശ്രമിക്കുകായിരുന്ന സുനിൽ നരെയ്നെ വീട്ടുകാർക്ക് പരിചയപ്പെടുത്തി.
ലക്നൗ: ഐപിഎല്‍ സൂപ്പര്‍ ഓവറില്‍ ലക്നൗവിനെതിരായ ആവേശ വിജയത്തിന് ശേഷം റിങ്കു സിംഗിന്റെ കുടുംബവുമായി വീഡിയോ കോളില്‍ സംസാരിച്ച് കൊല്‍ക്കത്ത സൂപ്പര്‍ താരം സുനില്‍ നരെയ്ന്. മത്സരത്തില്‍ കൊല്‍ക്കത്തക്കായി നിര്‍ണായ സൂപ്പര്‍ ഓവര്‍ എറിഞ്ഞത് സുനില്‍ നരെയ്നായിരുന്നു. ആദ്യ പന്തില്‍ തന്നെ നിക്കോളാസ് പുരാനെ ബൗള്‍ഡാക്കിയ നരെയ്ന് മൂന്നാം പന്തില്‍ ഏയ്ഡന്‍ മാര്‍ക്രത്തെ പുറത്താക്കി കൊല്‍ക്കത്തയുടെ ലക്ഷ്യം വെറും രണ്ട് റണ്‍സാക്കി ചുരുക്കി. ലക്നൗവിനായി പ്രിന്‍സ് യാദവ് എറിഞ്ഞ സൂപ്പര്‍ ഓവറിലെ ആദ്യ പന്തില്‍ ബൗണ്ടറി നേടി റിങ്കു കൊല്‍ക്കത്തയുടെ വിജയം പൂര്‍ത്തിയാക്കി. ഇതിനുശേഷം ഡ്രസ്സിംഗ് റൂമിലെത്തിയശേഷമാണ് റിങ്കു കുടുംബത്തെ വീഡിയോ കോളില്‍ വിളിച്ചത്.
ഒരു ടവല്‍ ചുറ്റി അമ്മയോടും സഹോദരിയോടും സംസാരിച്ച് ഡ്രസ്സിംഗ് റൂമിലൂടെ നടന്നുവന്ന റിങ്കു സീറ്റില്‍ വിശ്രമിക്കുകായിരുന്ന സുനിൽ നരെയ്നെ വീട്ടുകാർക്ക് പരിചയപ്പെടുത്തി. ഈ സമയത്താണ് രസകരമായ സംഭവമുണ്ടായത്. റിങ്കുവിന്റെ സഹോദരി നരെയ്നെ 'ഹലോ ഭയ്യ' എന്ന് വിളിച്ചു. എന്നാൽ ഉടൻ തന്നെ റിങ്കു തിരുത്തി, 'ഭയ്യ നഹി, ബ്രദർ" (ഭയ്യ എന്നല്ല, ബ്രദർ). കൊല്‍ക്കത്തയുടെ തന്നെയാണ് ഔദ്യോഗിക പേജിൽ വീഡിയോ പങ്കുവെച്ചത്.
മത്സരത്തിൽ കൊൽക്കത്തയുടെ വിജയശിൽപികളായിരുന്നു നരെയ്നും റിങ്കുവും. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത് ബാറ്റിംഗ് തകർച്ചയിലായ കൊല്‍ക്കത്തയെ 51 പന്തിൽ പുറത്താകാതെ 83 റൺസ് നേടി റിങ്കുവാണ് പൊരുതാവുന്ന സ്കോറിലെത്തിച്ചത്. ദിഗ്വേഷ് റാത്തിയെറിഞ്ഞ അവസാന ഓവറില്‍ റിങ്കു പറത്തിയ നാലു സിക്സുകൾ മത്സരത്തില്‍ നിര്‍ണായകമായി.ഐപിഎല്‍ കരിയറിലെ മികച്ച സ്കോർ നേടിയ റിങ്കു മത്സരത്തിൽ 5 ക്യാച്ചുകളും എടുത്തു. ഒടുവിൽ സൂപ്പർ ഓവറിലെ വിജയറൺസും റിങ്കുവിന്റെ ബാറിൽ നിന്നായിരുന്നു. അവസാന ഓവർ വരെ നീണ്ട നാടകീയതകൾക്കൊടുവിൽ സൂപ്പർ ഓവറിലൂടെ നേടിയ ഈ വിജയം കൊൽക്കത്തയ്ക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. ഈ വിജയത്തോടെ പോയിന്റ് പട്ടികയിൽ എട്ടാം സ്ഥാനത്തേക്ക് മുന്നേറാനും അവർക്കായി.
