കണങ്കാലിലെ പരിക്കിൽ നിന്ന് മുക്തനായി കായികക്ഷമത വീണ്ടെടുത്തിട്ടും എം എസ് ധോണി ചെന്നൈ ടീമിൽ നിന്ന് വിട്ടുനിൽക്കുന്നു. ടീമിന്റെ നിലവിലെ വിജയകരമായ കോമ്പിനേഷൻ തകർക്കാതിരിക്കാനാണ് ഈ തീരുമാനമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 

മുംബൈ: പരിക്കില്‍ നിന്ന് മുക്തനായെങ്കിലും, ടീമിന്റെ നിലവിലെ താളം തെറ്റിക്കാതിരിക്കാന്‍ എം എസ് ധോണി മാറിനില്‍ക്കുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍ എക്‌സ്പ്രസ് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം, കണങ്കാലിലെ പരിക്ക് മാറി ധോണി ഫിറ്റ്‌നസ് ടെസ്റ്റ് വിജയിച്ചിട്ടുണ്ട്. എന്നാല്‍ സീസണിലെ നിര്‍ണ്ണായകമായ അവസാന മത്സരങ്ങളില്‍ ടീം കോമ്പിനേഷനില്‍ മാറ്റം വരുത്താന്‍ അദ്ദേഹം താല്പര്യപ്പെടുന്നില്ലെന്നാണ് സൂചന. ധോണി തിരിച്ചെത്തിയാല്‍ കേവലം ഒരു ബാറ്റ്സ്മാന്‍ മാത്രമായിരിക്കില്ല, മറിച്ച് വിക്കറ്റ് കീപ്പറുടെ റോളില്‍ തന്നെയായിരിക്കും കളിക്കുകയെന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സ് ബാറ്റിംഗ് കോച്ച് മൈക്കല്‍ ഹസി നേരത്തെ വ്യക്തമാക്കിയിരുന്നു.

മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. സഞ്ജു സാംസണ്‍, കാര്‍ത്തിക് ശര്‍മ്മ എന്നിവര്‍ വിക്കറ്റ് കീപ്പിംഗ് ഓപ്ഷനുകളായി ടീമിലുണ്ടെങ്കിലും ധോണി തന്റെ പഴയ റോളിലേക്ക് തന്നെ മടങ്ങിവരുമെന്നാണ് ഹസി നല്‍കുന്ന സൂചന. ''ധോണി വിക്കറ്റിന് പിന്നിലുണ്ടാകുമെന്ന് എനിക്ക് ഉറപ്പാണ്. അദ്ദേഹത്തിന്റെ ബാറ്റിംഗ് മികച്ച രീതിയില്‍ തുടരുന്നുണ്ട്. എന്നാല്‍ വിക്കറ്റുകള്‍ക്കിടയിലെ വേഗത്തിലുള്ള ഓട്ടം കണങ്കാലിലെ പേശികള്‍ക്ക് താങ്ങാന്‍ കഴിയുമോ എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. അടുത്ത ഏതാനും മത്സരങ്ങള്‍ക്കുള്ളില്‍ അദ്ദേഹം പൂര്‍ണ്ണ സജ്ജനാകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു,' ഹസി പറഞ്ഞു.

ആരാധകരുടെ കാത്തിരിപ്പ് നീളുന്നു

മാര്‍ച്ച് 28ന് പരിക്കേറ്റതിനെത്തുടര്‍ന്ന് സീസണിലെ ആദ്യ ഏഴ് മത്സരങ്ങള്‍ ധോണിക്ക് നഷ്ടമായിരുന്നു. മുംബൈ ഇന്ത്യന്‍സിനെതിരായ വാംഖഡെയിലെ മത്സരത്തിന് മുന്‍പ് അദ്ദേഹം നെറ്റ്സില്‍ വിക്കറ്റ് കീപ്പിംഗ് പരിശീലനം നടത്തിയിരുന്നു. ടോസ് വേളയില്‍ നായകന്‍ റുതുരാജ് ഗെയ്ക്വാദ് ധോണിയുടെ അഭാവത്തെക്കുറിച്ച് സൂചിപ്പിക്കുകയും ആരാധകരുടെ സ്‌നേഹത്തിന് നന്ദി പറയുകയും ചെയ്തിരുന്നു.

ടീമിനായി ഇതുവരെ ഒരു മത്സരം പോലും കളിച്ചിട്ടില്ലെങ്കിലും ധോണി നെറ്റ്സില്‍ മികച്ച പ്രകടനം തന്നെയാണ് കാഴ്ചവെക്കുന്നത്. പൂര്‍ണ്ണ കായികക്ഷമത കൈവരിക്കുന്നതോടെ അടുത്ത മത്സരങ്ങളില്‍ അദ്ദേഹം ടീമില്‍ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

YouTube video player