ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരായ മത്സരത്തില്‍ കൊല്‍ക്കത്ത താരം ആംകൃഷ് രഘുവന്‍ഷി 'ഒബ്സ്ട്രക്റ്റിംഗ് ദ ഫീല്‍ഡ്' നിയമപ്രകാരം പുറത്തായത് വിവാദമായി. റണ്ണിനായി ഓടുമ്പോള്‍ പന്ത് വിക്കറ്റില്‍ കൊള്ളാതിരിക്കാന്‍ താരം മനഃപൂര്‍വം വഴിമാറിയെന്ന് ടിവി അംപയര്‍ വിധിച്ചതോടെയാണ് വിവാദം കനത്തത്.
ലഖ്നൗ: ലഖ്നൗ സൂപ്പര്‍ ജയന്റ്സിന് എതിരായ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം ആംകൃഷ് രഘുവന്‍ഷി ഒബ്സ്ട്രക്റ്റിംഗ് ദ ഫീല്‍ഡ് നിയമപ്രകാരം പുറത്തായത് വലിയ വിവാദത്തിന് തിരികൊളുത്തി. ഇന്ന് നടന്ന മത്സരത്തിലെ അഞ്ചാം ഓവറിലായിരുന്നു നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. പ്രിന്‍സ് യാദവ് എറിഞ്ഞ അഞ്ചാം ഓവറിലെ അവസാന പന്തില്‍ ഒരു സിംഗിളിനായി രഘുവന്‍ഷി ശ്രമിച്ചെങ്കിലും നോണ്‍ സ്ട്രൈക്കര്‍ എന്‍ഡിലുണ്ടായിരുന്ന കാമറൂണ്‍ ഗ്രീന്‍ അത് നിരസിച്ചു.
ഉടന്‍ തന്നെ തിരികെ ക്രീസിലേക്ക് ഓടിക്കയറാന്‍ ശ്രമിച്ച രഘുവന്‍ഷിയെ മുഹമ്മദ് ഷമിയുടെ ത്രോ സ്റ്റംപിലേക്കായിരുന്നു. എന്നാല്‍ രഘുവന്‍ഷി ഡൈവ് ചെയ്യുമ്പോള്‍ പന്ത് ദേഹത്ത് തട്ടുകയായിരുന്നു. ലഖ്നൗ താരങ്ങളുടെ അപ്പീലിനെത്തുടര്‍ന്ന് വിശദമായ പരിശോധന നടത്തിയ ടിവി അംപയര്‍, താരം ബോധപൂര്‍വം ഫീല്‍ഡിംഗ് തടസ്സപ്പെടുത്തിയെന്ന് വിധിച്ച് ഔട്ട് നല്‍കുകയായിരുന്നു. വീഡിയോ..
റീപ്ലേകള്‍ പരിശോധിച്ച അംപയര്‍, രഘുവംശി തന്റെ ഓട്ടത്തിന്റെ ദിശ മനഃപൂര്‍വം മാറ്റിയതായി കണ്ടെത്തി. പന്ത് വരുന്നത് എങ്ങോട്ടാണെന്ന് മനസ്സിലാക്കി അത് വിക്കറ്റില്‍ കൊള്ളാതിരിക്കാനായി താരം വഴിമാറി ഓടി പന്തിനെ തടസ്സപ്പെടുത്തി എന്നാണ് വിലയിരുത്തല്‍. ഇതോടെയാണ് ഒബ്സ്ട്രക്റ്റിംഗ് ദ ഫീല്‍ഡ് നിയമപ്രകാരം താരത്തിന് ക്രീസ് വിടേണ്ടി വന്നത്.
കൊല്‍ക്കത്തയ്ക്ക് വിയോജിപ്പ്
അംപയറുടെ ഈ തീരുമാനം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിനെ പ്രകോപിപ്പിച്ചു. ടീം മാനേജ്മെന്റ് ബൗണ്ടറി ലൈനില്‍ വെച്ച് മാച്ച് ഒഫീഷ്യലുകളുമായി തര്‍ക്കിക്കുന്നത് കാണാമായിരുന്നു. മികച്ച രീതിയില്‍ ബാറ്റിംഗ് തുടങ്ങിയ രഘുവന്‍ഷി 7 പന്തില്‍ നിന്ന് 9 റണ്‍സെടുത്ത് നില്‍ക്കുമ്പോഴാണ് നിരാശയോടെ കളം വിട്ടത്.

