മലയാളി താരം സഞ്ജു സാംസണ് അടിതെറ്റിയതോടെ ഒരിക്കല്‍ കൂടി ചെന്നൈ തകര്‍ന്നടിയുന്ന കാഴ്ചയാണ് ചെപ്പോക്കില്‍ കണ്ടത്.

ചെന്നൈ: ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിതെ തകര്‍ന്നടിഞ്ഞശേഷം നായകന്‍ റുതുരാജ് ഗെയ്ക്‌വാദിന്‍റെ അര്‍ധസെഞ്ചുറിയിലൂടെ പൊരുതാവുന്ന സ്കോറിലെത്തി ചെന്നൈ സൂപ്പര്‍ കിംഗ്സ്. ചെപ്പോക്കില്‍ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ചെന്നൈക്ക് 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സെടുത്തു. 60 പന്തില്‍ പുറത്താകാതെ 74 റണ്‍സെടുത്ത നായകന്‍ റുതുരാജ് ഗെയ്ക്‌വാദ് മാത്രമാണ് ചെന്നൈക്കായി പൊരുതിയത്. മലയാളി താരം സഞ്ജു സാസംണ്‍ 15 പന്തില്‍ 11 റണ്‍സെടുത്ത് പുറത്തായി. റുതുരാജും സഞ്ജുവും ശിവം ദുബെയും കാര്‍ത്തിക് ശര്‍മയും ജാമി ഓവര്‍ടണും മാത്രമാണ് ചെന്നൈ നിരയില്‍ രണ്ടക്കം കടന്നത്. ഗുജറാത്തിനായി കാഗിസോ റബാഡ 25 റണ്‍സിന് മൂന്ന് വിക്കറ്റെടുത്ത് ബൗളിംഗില്‍ തിളങ്ങി.

അടിതെറ്റി സഞ്ജു, തകര്‍ന്നടിഞ്ഞ് ചെന്നൈ

മലയാളി താരം സഞ്ജു സാംസണ് അടിതെറ്റിയതോടെ ഒരിക്കല്‍ കൂടി ചെന്നൈ തകര്‍ന്നടിയുന്ന കാഴ്ചയാണ് ചെപ്പോക്കില്‍ കണ്ടത്. ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ചെന്നൈക്കായി സഞ്ജുവും റുതുരാജും തന്നെയാണ് ഓപ്പണ്‍ ചെയ്തത്. എന്നാല്‍ പേസും ബൗണ്‍സും കണ്ടെത്തിയ ഗുജറാത്ത് പേസര്‍മാര്‍ സഞ്ജുവിനെയും റുതുരാജിനെയും വരിഞ്ഞുമുറുക്കി. മുഹമ്മദ് സിറാജ് എറിഞ്ഞ ആദ്യ ഓവറില്‍ നാലു തവണ സഞ്ജു ഓഫ് സൈഡില്‍ ബീറ്റണായി. റബാഡയുടെ രണ്ടാം ഓവറില്‍ രണ്ട് ബൗണ്ടറി അടിച്ച് ഐപിഎല്ലില‍ 5000 റണ്‍സ് തികക്കുന്ന പത്താമത്തെ താരമെന്ന നാഴികക്കല്ല് പിന്നിട്ട സഞ്ജു പ്രതീക്ഷ നല്‍കി. മൂന്നാം ഓവറില്‍ സിറാജിനെതിരെ റുതുരാജും ബൗണ്ടറി കണ്ടെത്തിയതോടെ ചെന്നൈക്ക് പ്രതീക്ഷയായി. എന്നാല്‍ റബാഡയെറിഞ്ഞ നാലാം ഓവറിലെ മൂന്നാം പന്തില്‍ ഓഫ് സ്റ്റംപിന് പുറത്തുപോയ പന്തില്‍ ബാറ്റുവെച്ച സഞ്ജുവിന് പിഴച്ചു. 15 പന്തില്‍ 11 റണ്‍സെടുത്ത സഞ്ജു ജോസ് ബട്‌ലറുടെ കൈളില്‍ ഒതുങ്ങി. പിന്നാലെ ബൗണ്ടറിയടിച്ച് തുടങ്ങിയ ഊര്‍വില്‍ പട്ടേലിനെയും(4) റബാഡ അതേ ഓവറില്‍ മടക്കി. ഇംപാക്ട് സബ്ബായി എത്തിയ സര്‍ഫറാസ് ഖാനെ(0) സിറാജ് പൂജ്യത്തിന് വീഴത്തി. പവര്‍ പ്ലേ പിന്നിടുമ്പോള്‍ 28-3 എന്ന പരിതാപകരമായ നിലയിലായിരുന്നു ചെന്നൈ. 10 ഓവര്‍ കഴിഞ്ഞപ്പോള്‍ 43-4 എ്ന നിലയിലായിരുന്നു ചെന്നൈ.

പവര്‍ പ്ലേക്ക് പിന്നാലെ മാനവ് സുതാറിന്‍റെ പന്തില്‍ ഡെവാള്‍ഡ് ബ്രെവിസ് കൂടി മടങ്ങിയതോടെ 37-4 എന്ന നിലയില്‍ കൂട്ടത്തകര്‍ച്ചയിലായി ചെന്നൈ. പിന്നീട് ഭാഗ്യത്തിന്‍റെ അകമ്പടിയോടെ ക്രീസില്‍ നിന്ന ശിവം ദുബെക്കൊപ്പം നായകന്‍ റുതുരാജ് ചെന്നൈയെ പതുക്കെ കരകയറ്റി. പതിനഞ്ചാം ഓവറില്‍ ആദ്യ ഓവര്‍ എറിയാനെത്തിയ റാഷിദ് ഖാനെ 21 റണ്‍സെടുത്ത റുതുരാജും ദുബെയും ചേര്‍ന്ന് ചെന്നൈയെ 100 കടത്തി. ഇതിനിടെ മൂന്ന് തവണ ദുബെയെ ഗുജറാത്ത് ഫീല്‍ഡര്‍മാര്‍ വിട്ടു കളഞ്ഞിരുന്നു. അവസാന ഓവറുകളില്‍ തകര്‍ത്തടിക്കുമെന്ന് കരുതിയ ദുബെയെ(17 പന്തില്‍ 22) അര്‍ഷാദ് ഖാന്‍ ബൗള്‍ഡാക്കി മടക്കി. കാര്‍ത്തിക് ശര്‍മക്കും(9 പന്തില്‍ 15) കാര്യമായി ഒന്നും ചെയ്യാനായില്ല. 49 പന്തില്‍ റുതുരാജ് അര്‍ധസെഞ്ചുറി തികച്ചു. അര്‍ഷദ് ഖാനെറിഞ്ഞ പത്തൊമ്പതാം ഓവറില്‍ 21 റണ്‍സെടുത്ത ജാമി ഓവര്‍ടണിന്‍റെ(6 പന്തില്‍ 18) വെടിക്കെട്ട് ചെന്നൈയെ 150ന് അടുത്തെത്തിച്ചു. മാനവ് സുതാറിന്‍റെ അവസാന ഓവറില്‍ 15 റണ്‍സെടുത്ത് റുതുരാജ് ചെന്നൈയെ 158ല്‍ എത്തിച്ചു. ആദ്യ പത്തോവറില്‍ 43 റണ്‍സ് മാത്രമെടുത്ത ചെന്നൈ അവസാന 10 ഓവറില്‍ 106 റൺസ് നേടി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക