ഐപിഎൽ 2026 സീസണിൽ എം എസ് ധോണി ചെന്നൈ സൂപ്പർ കിംഗ്‌സിനായി എല്ലാ മത്സരങ്ങളിലും കളിക്കാൻ സാധ്യതയില്ല. 

ചെന്നൈ: ഐപിഎല്‍ 2026 സീസണ്‍ അടുത്തെത്തി നില്‍ക്കെ ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്ന ആ ചോദ്യത്തിന് ഉത്തരമായി. എം എസ് ധോണി ഇത്തവണയും ചെന്നൈ സൂപ്പര്‍ കിംഗ്സിനായി എല്ലാ മത്സരങ്ങളിലും കളിച്ചേക്കില്ല. ഈ വര്‍ഷം 45 വയസ് തികയുന്ന മുന്‍ നായകന്‍ വരാനിരിക്കുന്ന സീസണില്‍ ലഭ്യമാകുമെന്ന് സിഎസ്‌കെ വൃത്തങ്ങള്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു. എന്നാല്‍ എല്ലാ മത്സരങ്ങളിലും അദ്ദേഹം കളിക്കുമോ എന്ന കാര്യത്തില്‍ ഇപ്പോഴും അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്.

സഞ്ജുവിന്റെ വരവും ധോണിയുടെ പങ്കും

ഇത്തവണത്തെ ലേലത്തിലൂടെ മലയാളി താരം സഞ്ജു സാംസണെ ടീമിലെത്തിച്ചത് സിഎസ്‌കെയുടെ പ്ലാനുകളില്‍ വലിയ മാറ്റമുണ്ടാക്കിയിട്ടുണ്ട്. ധോണി എല്ലാ ലീഗ് മത്സരങ്ങളിലും കളിക്കാനുള്ള സാധ്യത കുറവാണെന്നാണ് സൂചനകള്‍. ''ധോണി ചെന്നൈയില്‍ എത്തുമെന്നും ഈ സീസണില്‍ ലഭ്യമാകുമെന്നും അദ്ദേഹം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ എല്ലാ മത്സരങ്ങളിലും അദ്ദേഹം കളിക്കുമോ എന്ന് ഇപ്പോള്‍ പറയാനാകില്ല.'' ഒരു മുതിര്‍ന്ന സിഎസ്‌കെ പ്രതിനിധി പിടിഐയോട് വെളിപ്പെടുത്തി.

വിക്കറ്റ് കീപ്പിംഗില്‍ പകരക്കാര്‍ തയ്യാര്‍

ധോണിക്ക് വിശ്രമം അനുവദിക്കുന്ന മത്സരങ്ങളില്‍ വിക്കറ്റ് കീപ്പിംഗ് ചുമതല സഞ്ജു സാംസണ്‍ ഏറ്റെടുക്കും. സഞ്ജുവിന് പുറമെ മറ്റ് രണ്ട് ഓപ്ഷനുകള്‍ കൂടി നിലവില്‍ ചെന്നൈയ്ക്കുണ്ട്: ഉര്‍വില്‍ പട്ടേലാണ് ടീമിലുള്ള മറ്റൊരു വിക്കറ്റ് കീപ്പര്‍ ബാറ്റര്‍. കാര്‍ത്തിക് ശര്‍മയും വിക്കറ്റ് കീപ്പറാണ്. 14.20 കോടി രൂപയ്ക്കാണ് താരത്തെ ടീമിലെത്തിച്ചത്. ശിവം ദുബെയ്ക്കൊപ്പം ഒരു ഫിനിഷറുടെ റോളിലേക്ക് കാര്‍ത്തികിനെ വളര്‍ത്തിയെടുക്കാനാണ് ടീം ലക്ഷ്യമിടുന്നത്.

ചെപ്പോക്കിലെ 'തല' ആവേശം

കഴിഞ്ഞ രണ്ട് സീസണുകളിലും 'ഇംപാക്ട് പ്ലെയര്‍' നിയമം നിലവിലുള്ളതിനാല്‍ ധോണിക്ക് ബാറ്റിംഗില്‍ വലിയ സമ്മര്‍ദ്ദമുണ്ടായിരുന്നില്ല. പലപ്പോഴും അവസാന ഓവറുകളില്‍ മാത്രം ക്രീസിലെത്തുന്ന രീതിയായിരുന്നു അദ്ദേഹം പിന്തുടര്‍ന്നത്. തന്റെ കാല്‍മുട്ടിനും നടുവിനും നേരിടുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് മത്സരങ്ങള്‍ക്കിടയിലുള്ള യാത്രകളും ജോലിഭാരവും കുറയ്ക്കാന്‍ മാനേജ്മെന്റ് ശ്രദ്ധിക്കുന്നുണ്ട്.

എങ്കിലും ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തില്‍ നടക്കുന്ന ഹോം മത്സരങ്ങളില്‍ ധോണി തീര്‍ച്ചയായും കളിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. തന്റെ പ്രിയപ്പെട്ട കാണികള്‍ക്ക് മുന്നില്‍ 'തല' ഇറങ്ങുന്നത് കാണാന്‍ ആവേശത്തോടെ കാത്തിരിക്കുകയാണ് ചെന്നൈയിലെ ക്രിക്കറ്റ് പ്രേമികള്‍.

YouTube video player