ആക്രമണോത്സുക ബാറ്റിംഗ് കൊണ്ട് തന്‍റെ ഓഫ് സ്പിന്‍ കൊണ്ടും ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും തിളങ്ങിയ കര്‍ണാടക സ്വദേശിയായ ഗൗതമിന് ഇന്ത്യൻ കുപ്പായത്തില്‍ ഒരു ടി20 മത്സരത്തില്‍ മാത്രമാണ് കളിക്കാന്‍ അവസരം ലഭിച്ചത്.

ബെംഗളൂരു: സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യൻ ഓള്‍ റൗണ്ടര്‍ കൃഷ്ണപ്പ ഗൗതം(37). പതിനാലു വര്‍ഷം നീണ്ട കരിയറിനൊടുവിലാണ് ആഭ്യന്തര ക്രിക്കറ്റിലെ മികച്ച ഓള്‍ റൗണ്ടര്‍മാരിലൊരാളായ കൃഷ്ണപ്പ ഗൗതം സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്.

ആക്രമണോത്സുക ബാറ്റിംഗ് കൊണ്ട് തന്‍റെ ഓഫ് സ്പിന്‍ കൊണ്ടും ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും തിളങ്ങിയ കര്‍ണാടക സ്വദേശിയായ ഗൗതമിന് ഇന്ത്യൻ കുപ്പായത്തില്‍ ഒരു ടി20 മത്സരത്തില്‍ മാത്രമാണ് കളിക്കാന്‍ അവസരം ലഭിച്ചത്. 2012ലെ രഞ്ജി ട്രോഫിയില്‍ മധ്യപ്രദേശിനെതിരെ കര്‍ണാടക്കായി അരങ്ങേറിയ ഗൗതം അരങ്ങേറ്റ മത്സരത്തില്‍ സുരേഷ് റെയ്നയെയും ഭുവനേശ്വര്‍ കുമാറിനെയും പുറത്താക്കിയാണ് വരവറിയിച്ചത്. 2016-17 രഞ്ജി സീസണില്‍ കര്‍ണാടകക്കായി എട്ട് മത്സരങ്ങളില്‍ നിന്ന് 27 വിക്കറ്റെടുത്ത ഗൗതം അടുത്ത സീസണില്‍ ആസമിനെതിരെ ആദ്യ ഫസ്റ്റ് ക്ലാസ് സെഞ്ചുറിയും നേടി.2023വരെ ആഭ്യന്തര ക്രിക്കറ്റില്‍ മികവ് തുടര്‍ന്ന ഗൗതമിനെ 2021ലെ ഐപിഎല്‍ താരലേലത്തില്‍ 9.25 കോടി രൂപ മുടക്കിയാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് ടീമിലെടുത്തത്.

2023നുശേഷം കര്‍ണാടക ടീമിലെ സ്ഥാനം നഷ്ടമായ ഗൗതം 59 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്നും 68 ലിസ്റ്റ് ഏകദിന മത്സരങ്ങളില്‍ നിന്നുമായി 320 വിക്കറ്റുകള്‍ നേടി. ന്യൂിസലന്‍ഡ്, വെസ്റ്റ് ഇന്‍ഡീസ്, ഓസ്ട്രേലിയ, ഇംഗ്ലണ്ട് എ ടീമുകള്‍ക്കെതിരെ ഇന്ത്യ എ ടീമിനായി കളിച്ച ഗൗതമിന് 2021ല്‍ ശ്രീലങ്കക്കെതിരായ ഏകദിന, ടി20 പരമ്പരകള്‍ക്കുള്ള ഇന്ത്യൻ ടീമില്‍ അവസരം ലഭിച്ചു. കൊളംബോയില്‍ ശ്രീലങ്കക്കെതിരായ ടി20 മത്സരത്തില്‍ അരങ്ങേറിയ ഗൗതമിന് അരങ്ങേറ്റ മത്സരത്തില്‍ ഒരു വിക്കറ്റ് മാത്രമാണ് നേടാനായത്. പിന്നീട് പരമ്പരയിലെ ഒരു മത്സരത്തിലും അവസരം ലഭിക്കാതിരുന്ന ഗൗതമിനെ പിന്നീട് ഇന്ത്യൻ ടീമിലേക്കും പരിഗണിച്ചില്ല.

ഐപിഎല്ലില്‍ മുംബൈ ഇന്ത്യൻസ്, രാജസ്ഥാന്‍ റോയല്‍സ്, പഞ്ചാബ് കിംഗ്സ്, ചെന്നൈ സൂപ്പര്‍ കിംഗ്സ് ലക്നൗ സൂപ്പര്‍ ജയന്‍റ്സ് ടീമുകള്‍ക്കായി കളിച്ച ഗൗതമിനെ 2017ല്‍ മുംബൈ 2 കോടി നല്‍കിയാണ് ടീമിലെടുത്തത്. 2017ല്‍ രാജസ്ഥാന്‍ റോയല്‍സ് ഗൗതമിനായി 6.20 കോടി മുടക്കിയാണ് ടീമിലെത്തിച്ചത്. 2019 വരെ രാജസ്ഥാനില്‍ തുടര്‍ന്ന ഗൗതമിനെ 2020ല്‍ പഞ്ചാബ് കിംഗ്സിന് ട്രേഡ് ചെയ്തു. ഇതിനുശേഷമായിരുന്നു 2021ല്‍ 9.25 കോടിക്ക് ചെന്നൈ സൂപ്പര്‍ കിംഗ്സിലെത്തിയത്. ഇന്ത്യക്കായി ഒരു മത്സരം മാത്രമെ കളിച്ചുള്ളൂവെങ്കിലും ഐപിഎല്ലിലെ പ്രതിഫലയിനത്തില്‍ നിന്ന് മാത്രം ഗൗതം 35 കോടി രൂപ സ്വന്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക