ഞായറാഴ്ച അബുദാബിയില്‍ നടന്ന കിരീടപ്പോരില്‍ ഇന്ത്യയെ 191 റണ്‍സിനായിരുന്നു പാകിസ്ഥാന് തകര്‍ത്തത്.
കറാച്ചി: അണ്ടര്‍ 19 ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ത്യയെ തോല്പിച്ച് കിരീടം നേടിയ പാകിസ്ഥാന് ക്രിക്കറ്റ് ടീം അംഗങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം പ്രഖ്യാപിച്ച് പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. കിരീടം നേടിയ പാകിസ്ഥാന് ടീമിന് നല്കിയ സ്വീകരണത്തിലാണ് പ്രധാനമന്ത്രി ടീം അംഗങ്ങള്‍ക്ക് ഒരു കോടി പാകിസ്ഥാനി രൂപ(ഇന്ത്യൻ രൂപയില്‍ ഏകദേശം 32ലക്ഷം) പാരിതോഷികമായി പ്രഖ്യാപിച്ചത്. പാക് ടീം മെന്ററും മാനേജരുമായ സര്‍ഫറാസ് അഹമ്മദാണ് പ്രധാനമന്ത്രി പാരിതോഷികം പ്രഖ്യാപിച്ചകാര്യം മാധ്യമങ്ങളെ അറിയിച്ചത്.
ഞായറാഴ്ച അബുദാബിയില്‍ നടന്ന കിരീടപ്പോരില്‍ ഇന്ത്യയെ 191 റണ്‍സിനായിരുന്നു പാകിസ്ഥാന് തകര്‍ത്തത്. ഇന്ത്യയെ തോല്പിച്ച് കിരീടം നേടിയ പാകിസ്ഥാന് യുവാതരങ്ങളുടെ നേട്ടത്തെ പാക് ആഭ്യന്ത്ര മന്ത്രിയും പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാനുമായ മൊഹ്സിന്‍ നഖ്വിയും പ്രകീര്‍ത്തിച്ചിരുന്നു. പാക് ക്രിക്കറ്റിനെ സംബന്ധിച്ച് നാഴികക്കല്ലാണ് ഈ വിജയമെന്ന് നഖ്വി പ്രതികരിച്ചു. കിരീടം നേടിയ ടീം അംഗങ്ങള്‍ക്ക് പാക് ക്രിക്കറ്റ് ബോര്‍ഡ് 50 ലക്ഷം പാകിസ്ഥാനി രൂപ പാരിതോഷികമായി നല്‍കുമെന്നും നഖ്വി പ്രഖ്യാപിച്ചിരുന്നു. സീനിയര്‍ ക്രിക്കറ്റില്‍ ഇന്ത്യ പാകിസ്ഥാനെതിരെ ആധിപത്യം തുടരുമ്പോള്‍ 2019നുശേഷം ജൂനിയര്‍ ക്രിക്കറ്റില്‍ ഇന്ത്യക്കുമേല്‍ പാകിസ്ഥാനാണ് ആധിപത്യം. 2019നുശേഷം ജൂനിയര്‍ തലത്തില്‍ ഇരു ടീമുകളും 11 തവണ ഏറ്റുമുട്ടിയപ്പോള്‍ ഏഴ് തവണയും പാകിസ്ഥാനാണ് ജയിച്ചത്.
ഏഷ്യാ കപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ പാകിസ്ഥാനെ ഇന്ത്യ തകര്‍ത്തിരുന്നു. എന്നാല്‍ കിരീടപ്പോരില്‍ അടി തെറ്റി. 2017ൽ ഇന്ത്യൻ സീനിയര്‍ ടീം ചാമ്പ്യൻസ് ട്രോഫിയില്‍ പാകിസ്ഥാനോട് തോറ്റതിന് സമാനമായിരുന്നു ഇന്നലെ അണ്ടര്‍ 19 ഏഷ്യാ കപ്പിലെ തോല്‍വി. കിരീടം നേടി പാകിസ്ഥാനില്‍ തിരിച്ചെത്തിയ ടീം അംഗങ്ങള്‍ക്ക് ലോകകപ്പ് ജേതാക്കള്‍ക്ക് ലഭിക്കുന്ന സ്വീകരണമാണ വിമാനത്താവളത്തില്‍ ലഭിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക


