ഇന്ത്യയുടെ ടെസ്റ്റ് പരിശീലക സ്ഥാനത്ത് നിന്ന് ഗൗതം ഗംഭീറിനെ മാറ്റുമെന്ന അഭ്യൂഹങ്ങൾ ബിസിസിഐ തള്ളി. കരാർ പ്രകാരം ഗംഭീർ സ്ഥാനത്ത് തുടരുമെന്നും പകരക്കാരനെക്കുറിച്ച് ചർച്ചകൾ നടന്നിട്ടില്ലെന്നും ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ വ്യക്തമാക്കി.
മുംബൈ: ഇന്ത്യയുടെ ടെസ്റ്റ് പരിശീലക സ്ഥാനത്ത് നിന്ന് ഗൗതം ഗംഭീറിനെ മാറ്റുമെന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ച് ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ. പകരക്കാരനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വെറും കിംവദന്തികളാണെന്ന് അദ്ദേഹം പറഞ്ഞു. ടെസ്റ്റ് പരിശീലകനെ മാറ്റുന്നതിനെ കുറിച്ച് ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും കരാര്‍ പ്രകാരം ഗംഭീര്‍ തന്റെ റോളില്‍ തുടരുമെന്നും സൈകിയ വ്യക്തമാക്കി. ഇന്ത്യയുടെ മുഖ്യ പരിശീലകനെന്ന നിലയില്‍ ഗംഭീറിന് സമ്മിശ്ര ഫലങ്ങാണ് ലഭിച്ചത്.
നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഇന്ത്യ ശ്രദ്ധേയമായ വിജയങ്ങള്‍ സ്വന്തമാക്കി. ഐസിസി, എസിസി കിരീടങ്ങള്‍ നേടി. എന്നിരുന്നാലും, ടെസ്റ്റ് ക്രിക്കറ്റില്‍ അതേ നിലവാരത്തില്‍ മുന്നോട്ട് പോകാന്‍ ഗംഭീറിന് സാധിച്ചില്ല. ഇന്ത്യ സെന (ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിനലന്‍ഡ്, ഓസ്‌ട്രേലിയ) രാജ്യങ്ങള്‍ക്കെതിരെ 10 തോല്‍വികള്‍ ഏറ്റുവാങ്ങി. ഇതോടെയാണ് അദ്ദേഹത്തെ മാറ്റണമെന്ന ചര്‍ച്ചകള്‍ പോലും ആരംഭിച്ചത്. കഴിഞ്ഞ മാസം ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഹോം ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ 2-0ന് പരാജയപ്പെട്ടിരുന്നു. ഇതോടെ കടുത്ത വിമര്‍ശനങ്ങളായി.
നാഷണല്‍ ക്രിക്കറ്റ് അക്കാദമി പ്രസിഡന്റ് വിവിഎസ് ലക്ഷ്മണെ ബിസിസിഐ സമീപിച്ചുവെന്നും എന്നാല്‍ അദ്ദേഹം നിരശിച്ചുവെന്നും വാര്‍ത്തകള്‍ പുറത്തുവന്നു. എന്നാല്‍ ഇക്കാര്യങ്ങളെല്ലാം തള്ളികളയുകയാണ് സൈകിയ. ഒരു പരിശീലകനെയും സമീപിച്ചിട്ടില്ലെന്നും ഒരു ഫോര്‍മാറ്റിലും ഗംഭീറിനെ മാറ്റുന്നതിനെക്കുറിച്ച് ബോര്‍ഡ് ചര്‍ച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു. 2027 ലെ ഏകദിന ലോകകപ്പ് വരെ ഗംഭീറിന്റെ കരാര്‍ നിലവിലുണ്ടെന്നും നിലവിലെ പരിശീലക ഘടനയില്‍ മാറ്റമില്ലെന്നും അദ്ദേഹം അടിവരയിട്ടു.
ഇന്ത്യക്ക് ഇനി 2026 ഓഗസ്റ്റിലാണ് ടെസ്റ്റ് മത്സരങ്ങളുള്ളത്. രണ്ട് ടെസ്റ്റുകള്‍ക്കായി ഇന്ത്യന്‍ ടീം ശ്രീലങ്കയില്‍ പര്യടനം നടത്തും. തുടര്‍ന്ന് ഒക്ടോബറില്‍ ന്യൂസിലന്‍ഡില്‍ രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ കളിക്കും. 2027 ജനുവരി മുതല്‍ ഫെബ്രുവരി വരെ ഓസ്ട്രേലിയയ്ക്കെതിരായ അഞ്ച് ടെസ്റ്റ് മത്സരങ്ങളുള്ള ഹോം പരമ്പരയ്ക്ക് മുമ്പായിരിക്കും ഇത്.
2026 ഫെബ്രുവരിയില്‍ ആരംഭിക്കാനിരിക്കുന്ന ടി20 ലോകകപ്പാണ് ഗംഭീറിന്റെ മറ്റൊരു വെല്ലുവിളി. 2024 ല്‍ രാഹുല്‍ ദ്രാവിഡിന്റെയും രോഹിത് ശര്‍മ്മയുടെയും കീഴില്‍ കിരീടം ഉയര്‍ത്തിയ ടീമിനെ അപേക്ഷിച്ച്, പുതുക്കിയ ടീമുമായിട്ടായിരിക്കും ഇന്ത്യ സ്വന്തം നാട്ടില്‍ കിരീടം നിലനിര്‍ത്തുക.

