ഐപിഎല്‍ 2026 സീസണില്‍ റിയാന്‍ പരാഗ് മോശം ഫോമില്‍ തുടരുകയാണെങ്കിലും, ഇത് സമയത്തിന്റെ പ്രശ്‌നം മാത്രമാണെന്നും താരം കരുത്തോടെ തിരിച്ചുവരുമെന്നും ബാറ്റിംഗ് കോച്ച് വിക്രം റാത്തോഡ് ഉള്‍പ്പെടെയുള്ള രാജസ്ഥാന്‍ റോയല്‍സ് മാനേജ്‌മെന്റ് വ്യക്തമാക്കി. 

കൊല്‍ക്കത്ത: ഐപിഎല്‍ 2026 സീസണില്‍ റിയാന്‍ പരാഗിന്റെ മോശം ബാറ്റിംഗ് ഫോം തുടരുമ്പോഴും നായകന് പൂര്‍ണ പിന്തുണയുമായി രാജസ്ഥാന്‍ റോയല്‍സ് മാനേജ്മെന്റ്. പരാഗ് വൈകാതെ ഫോമിലേക്ക് തിരിച്ചെത്തുമെന്നും ടീമിനെ ഒറ്റയ്ക്ക് വിജയത്തിലേക്ക് നയിക്കാന്‍ താരത്തിന് സാധിക്കുമെന്നും ബാറ്റിംഗ് കോച്ച് വിക്രം റാത്തോഡ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.

സമയത്തിന്റെ മാത്രം പ്രശ്‌നം

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ വെറും 12 റണ്‍സ് മാത്രമാണ് പരാഗ് നേടിയത്. മത്സരശേഷം പരാഗിനെ കുറിച്ച് റാത്തോഡ് പറഞ്ഞതിങ്ങനെ.. ''എന്നെ സംബന്ധിച്ചിടത്തോളം ഇത് വെറുമൊരു സമയത്തിന്റെ പ്രശ്‌നം മാത്രമാണ്. എല്ലാ താരങ്ങളും എല്ലാ മത്സരങ്ങളിലും റണ്‍സ് നേടണമെന്നില്ല. ടീമില്‍ ചിലര്‍ ഫോമിലാകുമ്പോള്‍ മറ്റു ചിലര്‍ക്ക് ഫോം നഷ്ടപ്പെടുന്നത് സ്വാഭാവികമാണ്. പരാഗ് കരുത്തോടെ തിരിച്ചുവരുമെന്ന കാര്യത്തില്‍ സംശയമില്ല.'' മത്സരത്തിന് ശേഷമുള്ള പത്രസമ്മേളനത്തില്‍ റാത്തോഡ് പറഞ്ഞു. പരിക്കിന് ശേഷമാണ് പരാഗ് ടീമിലെത്തിയത് എന്നതും ഐപിഎല്ലിന് മുന്‍പ് മതിയായ മത്സരപരിചയം ലഭിച്ചില്ല എന്നതും ഫോമിനെ ബാധിച്ചിട്ടുണ്ടാകാമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് മികച്ച രീതിയിലാണ് മുന്നേറുന്നതെങ്കിലും പരാഗിന്റെ വ്യക്തിഗത പ്രകടനം നിരാശാജനകമാണ്. ആറ് ഇന്നിംഗ്‌സുകളില്‍ നിന്ന് വെറും 61 റണ്‍സ് മാത്രമാണ് താരത്തിന്റെ സമ്പാദ്യം. 122 സ്‌ട്രൈക്ക് റേറ്റിലുള്ള ഈ പ്രകടനത്തില്‍ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ 20 റണ്‍സ് മാത്രമാണ്. ഇതിന് പുറമെ പരാഗിന്റെ നായകത്വത്തെയും ബൗളിംഗ് മാറ്റങ്ങളെയും ചോദ്യം ചെയ്ത് മുന്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ കൃഷ്ണമാചാരി ശ്രീകാന്ത് ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു.

ഈഡന്‍ ഗാര്‍ഡന്‍സിലെ പോരാട്ടം

കൊല്‍ക്കത്തയ്‌ക്കെതിരെ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍, വൈഭവ് സൂര്യവംശി (46), യശസ്വി ജയ്സ്വാള്‍ (39) എന്നിവരുടെ മികവില്‍ 81/0 എന്ന നിലയില്‍ മികച്ച തുടക്കമാണ് നേടിയത്. എന്നാല്‍ മിഡില്‍ ഓര്‍ഡറില്‍ പരാഗ് ഉള്‍പ്പെടെയുള്ളവര്‍ പരാജയപ്പെട്ടതോടെ സ്‌കോര്‍ 155-ല്‍ ഒതുങ്ങി. വരുണ്‍ ചക്രവര്‍ത്തിയും സുനില്‍ നരെയ്‌നും ചേര്‍ന്നാണ് രാജസ്ഥാനെ തകര്‍ത്തത്. മറുപടി ബാറ്റിംഗില്‍ റിങ്കു സിംഗിന്റെ (53*) മികവില്‍ കെകെആര്‍ നാല് വിക്കറ്റിന് വിജയിക്കുകയായിരുന്നു.

ടൂര്‍ണമെന്റ് നിര്‍ണ്ണായക ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ നായകന്റെ ഫോം രാജസ്ഥാന്‍ റോയല്‍സിന് വളരെ പ്രധാനമാണ്. പ്ലേ ഓഫ് ഉറപ്പിക്കാന്‍ പരാഗിന്റെ ബാറ്റിംഗ് കരുത്ത് ടീമിന് അനിവാര്യമാണ്.

YouTube video player